സന്ധിരോഗങ്ങള്‍ക്ക് സംസ്ഥാനത്താദ്യമായി ഓര്‍ത്തോകിന്‍ ചികിത്സ അവതരിപ്പിച്ച് വിപിഎസ് ലേക്ക്‌ഷോര്‍

സന്ധിരോഗങ്ങള്‍ക്ക് സംസ്ഥാനത്താദ്യമായി ഓര്‍ത്തോകിന്‍ ചികിത്സ അവതരിപ്പിച്ച് വിപിഎസ് ലേക്ക്‌ഷോര്‍

കൊച്ചി: സന്ധിരോഗങ്ങള്‍ക്കും ഡിസ്‌കോജെനിക് ബാക്ക് പെയിനുമുള്ള ആധുനിക ചികിത്സാസമ്പ്രദായമായ ഓര്‍ത്തോകിന്‍ തെറാപ്പിക്ക് കേരളത്തില്‍ ആദ്യമായി വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ തുടക്കം കുറിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒട്ടേറെ രോഗികള്‍ ഈ ചികിത്സാരീതിയിലൂടെ ആശ്വാസം കണ്ടെത്തിയതായി വിപിഎസ് ലേക്ക്‌ഷോര്‍ അറിയിച്ചു.

ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ആയാസകരമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന കായികതാരങ്ങളെയും ജോലിക്കാരെയും ബാധിക്കുന്ന സന്ധികളുടെ തേയ്മാനം, ഭാരം താങ്ങുന്നവരുടെ മസ്‌കുലോസ്‌കെലിറ്റല്‍ സിസ്റ്റത്തെ ബാധിക്കുന്ന രോഗങ്ങള്‍, ക്രോണിക് അസെപ്റ്റിക് ഇന്‍ഫ്‌ളമേഷന്‍ എന്നിവയിലാണ് ആധുനിക ചികിത്സാസമ്പ്രദായമായ ഓര്‍ത്തോകിന്‍ തെറാപ്പിയുടെ ഉപയോഗം. ഓസ്റ്റിയോആര്‍ത്രൈറ്റിസിന്റെ ചികിത്സയില്‍ ഏറെ പ്രയോജനകരമായ അതുല്യ കണ്ടുപിടുത്തമായാണ് ഈ ചികിത്സാരീതി വിശേഷിപ്പിക്കപ്പെടുന്നത്. 1990കളില്‍ ജര്‍മ്മനിയിലെ ഡസ്സല്‍ഡോര്‍ഫില്‍ നിന്നുള്ള പീറ്റര്‍ വെഹ്ലിംഗാണ് ഓര്‍ത്തോകിന്‍ ചികിത്സ വികസിപ്പിച്ചെടുക്കാനാരംഭിച്ചത്.

രോഗിയുടെ തന്നെ ബ്ലഡ് പ്ലാസ്മയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ബയോളജിക്കല്‍ ആന്റഗോണിസ്റ്റ് ഇന്റര്‍ല്യൂക്കിന്‍1റിസെപ്റ്റര്‍ ആന്റഗോണിസ്റ്റ് (ഐഎല്‍1ആര്‍എ) കുത്തിവെയ്ക്കുന്നതാണ് ഈ നൂതനചികിത്സാരീതി. വേദനിക്കുന്ന ഭാഗത്ത് കുത്തിവെയ്ക്കുന്ന ഈ ആന്റിഇന്‍ഫ്‌ളമേറ്ററി പ്രോട്ടീന്‍ സന്ധിവേദനയും കേടുവന്ന ടിഷ്യുവിന്റെ ഇന്‍ഫ്‌ളമേഷനും ശമിപ്പിക്കുന്നു. ഒട്ടേറെ ക്ലിനിക്കല്‍ പഠനങ്ങളില്‍ തെളിഞ്ഞതാണ് ഇതിന്റെ ഫലപ്രാപ്തി. ജര്‍മ്മനിയില്‍ മാത്രം 20,000ത്തിലേറെ രോഗികളില്‍ ഈ ചികിത്സാരീതിയ്ക്ക് ഫലം കണ്ടു.

നിലവിലുള്ള ചികിത്സാരീതികളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണെന്നതും ഇന്‍ഫ്‌ളമേഷന്റെ ക്രോണിക് അവസ്ഥയില്‍ മാറ്റം വരുത്തുമെന്നതും ദീര്‍ഘകാലം ഫലം നല്‍കുമെന്നതുമാണ് ഓര്‍ത്തോകിന്‍ തെറാപ്പിയുടെ മികവുകള്‍. ചലനം പുന:സ്ഥാപിക്കാനും സന്ധികളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും സഹായിക്കുന്ന ഈ രീതി 75% രോഗികളിലും, വിശേഷിച്ചും മുട്ടുകള്‍, ഇടുപ്പ് എന്നിവയില്‍ ഓസ്റ്റിയോആര്‍ത്രൈറ്റിസ് ബാധിച്ചവര്‍ക്ക്, ഫലം നല്‍കിയതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

പ്രാരംഭദശയിലും ഇടക്കാലമായും ഓസ്റ്റിയോആര്‍ത്രൈറ്റിസു കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഓര്‍ത്തോകിന്‍ ചികിത്സ വിപ്ലവകരമായ ഫലമുണ്ടാക്കുമെന്ന് വിപിഎസ് ലേക്ക്‌ഷോര്‍ ഓര്‍ത്തോപിഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

Comments

comments

Categories: Life