‘പകുതി ഇന്ത്യ’ മാരുതിക്ക്

‘പകുതി ഇന്ത്യ’ മാരുതിക്ക്

ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റ ആകെ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വാനുകളുടെയും 50.4 ശതമാനം മാരുതി സുസുകിയുടെ പ്ലാന്റുകളില്‍ നിന്നായിരുന്നു

ന്യൂഡെല്‍ഹി: ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റഴിച്ച പാസഞ്ചര്‍ വാഹനങ്ങളില്‍ രണ്ടില്‍ ഒന്ന് മരുതി സുസുകിയുടേത്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയുടെ പകുതി മാരുതി സുസുകി കയ്യടക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഒന്നാം നമ്പര്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ് മാരുതി സുസുകിയുടെ ഈ നേട്ടം.

പ്രീമിയം ഹാച്ച്ബാക് ബലേനൊ, കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ്സ എന്നിവയുടെ വിജയം മാരുതി സുസുകിക്ക് കരുത്ത് പകര്‍ന്നു. ജനുവരിയില്‍ ഇന്ത്യയില്‍ വിറ്റ ആകെ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വാനുകളുടെയും 50.4 ശതമാനം മാരുതി സുസുകിയുടെ പ്ലാന്റുകളില്‍നിന്നായിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വിപണി വിഹിതം 45.9 ശതമാനമായിരുന്നെങ്കില്‍, മാരുതി സുസുകിയുടെ റെക്കോഡ് നേട്ടം കഴിഞ്ഞ നവംബറിലെ 52 ശതമാനമെന്ന വിപണി വിഹിതമായിരുന്നു.

ഫാക്റ്ററികളില്‍നിന്ന് ഡീലര്‍മാര്‍ക്ക് അയച്ച വാഹനങ്ങളുടെ കണക്കാണിത്. റീട്ടെയ്ല്‍ വില്‍പ്പനയുടെ കണക്ക് ഇന്ത്യയിലെ വാഹനനിര്‍മ്മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. നോട്ട് അസാധുവാക്കിയതിന്റെ പ്രയാസങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഉപയോക്താക്കള്‍ ഷോറൂമുകളിലെത്തുകയും ചെയ്തതോടെ ജനുവരിയില്‍ മാരുതി സുസുകിക്ക് ഡീലര്‍മാര്‍ക്ക് കൂടുതല്‍ കാറുകള്‍ അയയ്‌ക്കേണ്ടിവന്നു. ജനുവരിയില്‍ രാജ്യത്ത് വിറ്റ പത്ത് ടോപ്-സെല്ലിംഗ് മോഡലുകളില്‍ എട്ടെണ്ണവും മാരുതി സുസുകിയുടേതായിരുന്നു. മറ്റ് രണ്ട് മോഡലുകള്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടേതാണ്. ഹ്യുണ്ടായ് കഴിഞ്ഞ മാസം 10.5 ശതമാനം വളര്‍ച്ച കൈവരിച്ചു.

ജനുവരിയില്‍ മാരുതിയുടെ വില്‍പ്പന 26 ശതമാനമാണ് വര്‍ധിച്ചത്. അതേസമയം രാജ്യത്തെ പാസഞ്ചര്‍വാഹന വില്‍പ്പന വളര്‍ച്ച 14.5 ശതമാനം മാത്രമാണ്. ഇത് കഴിഞ്ഞ നാല് മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ രാജ്യത്ത് വിവിധ നിര്‍മ്മാതാക്കള്‍ ആകെ 2.65 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്.

റീട്ടെയ്ല്‍ വില്‍പ്പനയിലും കഴിഞ്ഞ മാസം മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കലിന്റെ തളര്‍ച്ച മറികടക്കാന്‍ വാഹന വിപണിക്ക് കഴിഞ്ഞതായും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Auto