ലോ അക്കാദമി സമരം സര്‍ക്കാരിനെതിരല്ല: കാനം രാജേന്ദ്രന്‍

ലോ അക്കാദമി സമരം സര്‍ക്കാരിനെതിരല്ല: കാനം രാജേന്ദ്രന്‍

കണ്ണൂര്‍: തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരം സര്‍ക്കാരിനെതിരല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്‍കുക മാത്രമാണു ചെയ്തത്. ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം ന്യായമാണെന്നു കരുതുന്നതു കൊണ്ടാണ് അവരെ പിന്തുണക്കുന്നത്. ലോ അക്കാദമി സമരം രാഷ്ട്രീയ സമരമല്ല, എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതു കൊണ്ട് രാഷ്ട്രീയ സമരമായി മാറി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക് ഇപ്പോഴും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണു കാനം ഇക്കാര്യം പറഞ്ഞത്.

സിപിഐക്കെതിരേയും മുഖപത്രമായ ജനയുഗത്തിനെതിരേയും സിപിഎം നേതാവ് ഇ.പി. ജയരാജന്‍ പറഞ്ഞ അഭിപ്രായങ്ങളോട് പ്രതികരിക്കാനില്ല. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പത്രങ്ങളില്‍ വരാറുണ്ട്. പാര്‍ട്ടിയുടെ അഭിപ്രായം മുഖപ്രസംഗത്തിലാണു പറയുക. എന്നാല്‍ പത്രത്തില്‍ വന്ന ലേഖനം സംബന്ധിച്ച് എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമി ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇതേക്കുറിച്ച് പ്രതികരിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി കാനം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി പ്രശ്‌നങ്ങളൊന്നുമില്ല. മുഖ്യമന്ത്രിയുമായി സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Comments

comments

Categories: Politics