ഇറ്റാലിയന്‍ സീരി എ; ഇന്റര്‍ മിലാനെ തകര്‍ത്ത് യുവന്റസ്

ഇറ്റാലിയന്‍ സീരി എ; ഇന്റര്‍ മിലാനെ തകര്‍ത്ത് യുവന്റസ്

യുവന്റസിന്റെ ജയം യുവാന്‍ കൊഡ്രോഡോയുടെ ഏക ഗോളിന്

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുവന്റസ് ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തിലെത്തിയ കൊളംബിയയുടെ യുവാന്‍ കൊഡ്രോഡോയാണ് യുവന്റസിന് വേണ്ടി വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 45-ാം മിനുറ്റില്‍ ഇരുപത്തഞ്ച് വാര അകലെ നിന്നുള്ള ലോങ് റേഞ്ചറിലൂടെയായിരുന്നു ഗോള്‍.

യുവന്റസും ഇന്റര്‍ മിലാനും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. മത്സരത്തിന്റെ അധിക സമയത്ത് ഇന്റര്‍ മിലാന്റെ ഇവാന്‍ പെരിസിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. ലീഗില്‍ മികച്ച ഫോമിലുള്ള ഇന്റര്‍ മിലാന്‍ തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ക്ക് ശേഷം വഴങ്ങുന്ന തോല്‍വി കൂടിയായിരുന്നു യുവന്റസിനെതിരായത്.

ചെല്‍സിയുടെ പരിശീലകനായ അന്റോണിയോ കോന്റെയും യുവന്റസ്-ഇന്റര്‍ മിലാന്‍ മത്സരം കാണുന്നതിനെത്തിയിരുന്നു. ഇതോടെ, ലോണില്‍ പോയ കളിക്കാരെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുന്ന കോന്റെ തന്റെ പഴയ ക്ലബായ യുവന്റസില്‍ നിന്നും കൊഡ്രോഡോയേയും ഇംഗ്ലീഷ് ലീഗിലേക്കെത്തിക്കുമെന്നതാണ് സൂചന. അതേസമയം, യുവന്റസ് കൊഡ്രാഡോയെ സ്ഥിരം കരാര്‍ നല്‍കി സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ്.

ഇറ്റാലിയന്‍ സീരി എയുലെ മറ്റൊരു പ്രധാന മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ എസി മിലാന്‍ സാംഡോറിയക്കെതിരെ പരാജയപ്പെട്ടു. മത്സരത്തിന്റെ 70-ാം മിനുറ്റില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റി കൊളംബിയന്‍ താരമായ ലൂയിസ് മുരിയലിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് സാംഡോറിയ വിജയം സ്വന്തമാക്കിയത്. കളിക്കിടെ, എസി മിലാന്റെ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ ജോസ് സോസക്ക് ചുവപ്പ് കാര്‍ഡ് പുറത്താവുകയും ചെയ്തു.

ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലാസിയോ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് പെസ്‌കാരയെയും അറ്റ്‌ലാന്റ 2-0ത്തിന് കാഗ്‌ലിയാരിയെയും സസോലോ, പാലെര്‍മോ ടീമുകള്‍ എതിരില്ലാത്ത ഓരോ ഗോളുകള്‍ക്ക് യഥാക്രമം ജെനോവ, ക്രോട്ടണ്‍ ടീമുകളെയും പരാജയപ്പെടുത്തി. എംപോളി-ടോറിനോ (1-1), ചീവോ-ഉദിനിസെ (0-0) മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ഇറ്റാലിയന്‍ സീരി എയില്‍ ഇരുപത്തിരണ്ട് മത്സരങ്ങളില്‍ നിന്നും അന്‍പത്തിനാല് പോയിന്റുമായി യുവന്റസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള നാപ്പോളിക്ക് ഇരുപത്തിമൂന്ന് കളികളില്‍ നിന്നും നാല്‍പ്പത്തെട്ട് പോയിന്റാണുള്ളത്.

Comments

comments

Categories: Sports