ഇന്‍ഡിഗോ സെക്യൂരിറ്റി ട്രെയ്‌നിംഗ് സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി

ഇന്‍ഡിഗോ സെക്യൂരിറ്റി ട്രെയ്‌നിംഗ് സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയതിനാണ് നടപടി

ന്യൂഡെല്‍ഹി: പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സെക്യൂരിറ്റി ട്രെയ്‌നിങ് സെന്ററിന്റെ ലൈസന്‍സ് റദ്ദാക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കിയത്. സെക്യൂരിറ്റി ട്രെയ്‌നിംഗ് സെന്ററിന്റെ പരീക്ഷയ്ക്ക് ഒന്നില്‍ കൂടുതല്‍ തവണ ഒരേ ചോദ്യ പേപ്പര്‍ തന്നെ ഉപയോഗിച്ചതാണ് ലൈസന്‍സ് പിന്‍വലിക്കാന്‍ ഇടയാക്കിയത്.

ഏവിയേഷന്‍ കമ്പനിക്കു കീഴിലുള്ള സെക്യൂരിറ്റി ട്രെയ്‌നിങ്ങിന്റെ പരീക്ഷാ നടത്തിപ്പിനെതിരെ ബിസിഎഎസ് കഴിഞ്ഞ ആഴ്ച്ച താക്കീത് നല്‍കിയിരുന്നതാണ്. കാരണം കാണിക്കല്‍ നോട്ടീസും ബിസിഎഎസ് അയച്ചിരുന്നു. അതിനു പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. ഗുഡ്ഗാവ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡിഗോയുടെ സഹോദര സ്ഥാപനമായ ഇന്റര്‍ ഗ്ലോബ് ഏവിയേഷനാണ് ട്രെയ്‌നിങ് സെന്റര്‍ നടത്തുന്നത്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ച്ചവരുത്തുന്നത് ഗുരുതരമായ കുറ്റമാണ്. അതിനാലാണ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് ബിസിഎഎസ് അറിയിച്ചു.

മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ബിസിഎഎസിനെ അറിയിക്കാതെ പരീക്ഷാ ക്രമീകരണങ്ങളില്‍ ട്രെയ്‌നിംഗ് സെന്റര്‍ മാറ്റം വരുത്തിയതായും ഇത് വിശ്വാസ വഞ്ചനയാണെന്നും ബിസിഎസ് മേധാവി കുമാര്‍ ചന്ദ്ര ആരോപിച്ചു. അതേസമയം ബിസിഎഎസിന്റെ നടപടികള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് വിമാനം പറത്താന്‍ വൈകുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ബിസിഎഎസ് ട്രെയ്‌നിങ് സെന്ററിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Comments

comments

Categories: Top Stories