നോട്ട് അസാധുവാക്കല്‍ നയം സാധരണക്കാരെ പ്രതിസന്ധിയിലാക്കി: പി ചിദംബരം

നോട്ട് അസാധുവാക്കല്‍ നയം സാധരണക്കാരെ പ്രതിസന്ധിയിലാക്കി: പി ചിദംബരം

പ്രയോജനം ലഭിച്ചത് സര്‍ക്കാരിനും സ്വകാര്യബാങ്കുകള്‍ക്കും മാത്രം

തഞ്ചാവൂര്‍: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്കിന് തടയിടുക എന്ന ലക്ഷ്യത്തോടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സാമ്പത്തിക വിക്രയത്തില്‍ നിന്നും ഒഴിവാക്കിയത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ ബാധിച്ചുവെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം. നോട്ട് അസാധുവാക്കല്‍ നയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.

വലിയ നോട്ടുകള്‍ പിന്‍വലിച്ചത് സാധരണക്കാരുടെ ജീവിതത്തെ ബാധിച്ചുവെന്നും നിരവധി പേര്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ ചിദംബരം പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചുമതലകള്‍ വഹിച്ചതായും ഇതിലൂടെ സര്‍ക്കാരിനും സ്വകാര്യ ബാങ്കുകള്‍ക്കും മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും ചിദംബരം കുറ്റപ്പെടുത്തി. സാധരണക്കാരും ചെറുകിട കച്ചവടക്കാരുമാണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിച്ചതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.

കള്ളപ്പണവും കള്ള നോട്ടും അഴിമതിയും ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയാണ് സമ്പദ് വ്യവസ്ഥയില്‍ വിനിമയത്തിലുള്ള 86 ശതമാനം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നത് എന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാദം. എന്നാല്‍, നയം കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച്ച സംഭവിച്ചുവെന്നും ലക്ഷ്യം കാണാതെ നയം പരാജയപ്പെട്ടെന്നും ചിദംബരം ആരോപിച്ചു. ചിദംബരത്തിന്റെ മകനും അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും കൂടിയായ കാര്‍ത്തി ചിദംബരവും ഈ വിഷയം ഉദ്ധരിച്ച് ചര്‍ച്ചയില്‍ സംസാരിച്ചു.

Comments

comments

Categories: Slider