ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ; ഈജിപ്തിനെ തകര്‍ത്ത് കാമറൂണ്‍ ജേതാക്കള്‍

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ; ഈജിപ്തിനെ തകര്‍ത്ത് കാമറൂണ്‍ ജേതാക്കള്‍

ഈജിപ്തിനെതിരായ കാമറൂണിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ലിബ്രെവില്ലെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഈജിപ്തിനെ പരാജയപ്പെടുത്തി കാമറൂണ്‍ കിരീട ജേതാക്കളായി. ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു കാമറൂണിന്റെ കീരീട നേട്ടം. ആദ്യം ഒരു ഗോളിന് പിന്നിലായ കാമറൂണ്‍ നിക്കോളാസ് എന്‍കോളോ, വിന്‍സെന്റ് അബൂബക്കര്‍ എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു വിജയം കണ്ടെത്തിയത്.

മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുറ്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിന്റെ താരമായ മുഹമദ് എലേനിയിലൂടെയാണ് ഈജിപ്ത് മുന്നിലെത്തിയത്. ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ നിന്നും എലേനിയെടുത്ത കിക്ക് കാമറൂണ്‍ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതിയുടെ 59-ാം മിനുറ്റില്‍ നിക്കാളാസ് എന്‍കോളോയിലൂടെ കാമറൂണ്‍ ഒപ്പമെത്തി.

കോര്‍ണറിന് അരികെ നിന്നും മൊകാഞ്ചോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് എന്‍കോളോ വലയിലേക്ക് ഹെഡ് ചെയ്യുകയായിരുന്നു. 88-ാം മിനുറ്റില്‍ വിന്‍സെന്റ് അബൂക്കറിലൂടെയായിരുന്നു കാമറൂണിന്റെ വിജയ ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഒരു ഡിഫന്‍ഡര്‍ക്ക് മുകളിലൂടെ കോരിയിട്ട അബൂബക്കര്‍ ഈജിപ്തിന്റെ 44-കാരനായ ഗോള്‍ കീപ്പര്‍ എസ്സാം എല്‍ ഹാദ്രിയെയും കബളിപ്പിച്ച് വലയിലെത്തിച്ചു.

തുടര്‍ന്ന്, ഗാലറിയിലുണ്ടായിരുന്ന ഇതിഹാസ താരം സാമുവല്‍ ഏറ്റുവിന് അഭിമുഖം നിന്നായിരുന്നു വിന്‍സെന്റ് അബൂബക്കറുടെ വിജയ ഗോള്‍ ആഘോഷം. കാമറൂണ്‍ ഫുട്‌ബോളിന്റെ തിരിച്ചുവരവാണിതെന്ന് വിന്‍സെന്റ് അബൂബക്കര്‍ ആഘോഷത്തിനിടെ പറയുകയും ചെയ്തു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ കാമറൂണിന് ഈജിപ്തിനെതിരെ 57 ശതമാനം ബോള്‍ പൊസഷന്‍ പാലിക്കാനും സാധിച്ചു.

കാമറൂണ്‍ എതിര്‍ ടീമിന്റെ പോസ്റ്റിലേക്ക് പതിനഞ്ച് തവണ ഷോട്ടുതിര്‍ത്തപ്പോള്‍ നാല് തവണ മാത്രമായിരുന്നു ഈജിപ്ത് ഗോളിലേക്ക് ലക്ഷ്യം വെച്ചത്. ഈജിപ്തിന് ഒരു കോര്‍ണര്‍ പോലും നേടാനുമായില്ല. 1986, 2008 വര്‍ഷങ്ങളിലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലുകളില്‍ ഈജിപ്തിനോടേറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി കാമറൂണിന് ഈ മത്സരം.

കാമറൂണ്‍ പരിശീലകനായ ഹ്യൂഗോ ബ്രൂസിന്റെ നിര്‍ദ്ദേശം മാനിക്കാതെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂളിന്റെ പ്രതിരോധനിര താരം ജോയല്‍ മാറ്റിപ് ഉള്‍പ്പെടെയുള്ള എട്ട് മുന്‍നിര താരങ്ങള്‍ ദേശീയ ടീമിനൊപ്പം ചേരാതെ ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നതോടെ രണ്ടാംനിര കളിക്കാരുമായാണ് കാമറൂണ്‍ എഎഫ്‌സി ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ക്കിറങ്ങിയത്.

തന്റെ വാക്കുകള്‍ കേള്‍ക്കാതെ ടീമില്‍ നിന്നും വിട്ടുനിന്ന താരങ്ങള്‍ ഇപ്പോള്‍ മനസിലെങ്കിലും പശ്ചാത്തപിക്കുന്നുണ്ടാകുമെന്ന് ഹ്യൂഗോ ബ്രൂസ് ഫൈനല്‍ മത്സരത്തിന് ശേഷം പറഞ്ഞു. കാമറൂണ്‍ സ്വന്തമാക്കിയ അഞ്ചാം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടമായിരുന്നു ഇത്. സെമി ഫൈനലില്‍ കരുത്തരായ ഘാനയെ 2-0ത്തിന് തോല്‍പ്പിച്ചായിരുന്നു കാമറൂണിന്റെ ഫൈനല്‍ പ്രവേശനം.

2002ന് ശേഷം നേടുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പും. 1984, 1988, 2000, 2002 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീട ജേതാക്കളായത്. അടുത്ത വര്‍ഷത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ആതിഥേയര്‍ കൂടിയാണ് കാമറൂണ്‍. അതേസമയം, ഏഴ് തവണ ചാമ്പ്യന്മാരായ ഈജിപ്ത് തന്നെയാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഏറ്റവുമധികം നേടിയ ടീം.

Comments

comments

Categories: Sports