‘ലക്ഷ്യമിടുന്നത് നിക്ഷേപ പ്രോത്സാഹനവും, കര്‍ഷക ശാക്തീകരണവും’

‘ലക്ഷ്യമിടുന്നത് നിക്ഷേപ പ്രോത്സാഹനവും, കര്‍ഷക ശാക്തീകരണവും’

ഇന്ത്യ ബിസിനസ് സാധ്യതകളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണെന്നും ബോള്‍ ഇപ്പോള്‍ ബിസിനസുകാരുടെ കോര്‍ട്ടിലാണെന്നും പീയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ബജറ്റ് ലക്ഷ്യമിടുന്നത് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കര്‍ഷകരുടെ ശാക്തീകരണം ഉറപ്പുവരുത്തുകയുമാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. പണപ്പെരുപ്പം തടയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും, ഈ ലക്ഷ്യത്തിനു തടയിടാന്‍ പണപ്പെരുപ്പത്തെ അനുവദിക്കില്ലെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. വന്‍കിട കമ്പനികള്‍ക്കുമേലുള്ള നികുതി നിരക്ക് കാര്യക്ഷമമാക്കുന്നതില്‍ ശ്രദ്ധചെലുത്തുമെന്നും ഗോയല്‍ വ്യക്തമാക്കി. വിവിധ വ്യവസായമേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത ബജറ്റ് അവലോകന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ ശാക്തീകരണം ഉറപ്പാക്കുക തുടങ്ങിയവയ്ക്കാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാതെ സാധന, സേവനങ്ങളുടെ വില ഉയര്‍ത്തുന്നത് കാര്‍ഷിക രംഗത്ത് വരുമാനം വര്‍ധിപ്പിക്കില്ലെന്നും ഇതിലൂടെ വില്‍പ്പന മൂല്യവും ഉല്‍പ്പാദന ചെലവും മാത്രനേ ഉയരുള്ളുവെന്നും കര്‍ഷകരുടെ വരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും പീയുഷ് ഗോയല്‍ വിശദീകരിച്ചു.

പണപ്പെരുപ്പം കുറയ്ക്കുന്നതോടൊപ്പം തന്നെ വരള്‍ച്ചയില്‍ നിന്നു കൃഷിക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കും അവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ഒപ്പം കാര്യക്ഷമമായ ഒരു വിള ഇന്‍ഷുറന്‍സ് പദ്ധതിയും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. വിള ഇന്‍ഷൂറന്‍സിലൂടെ നഷ്ടമുണ്ടാകുന്ന സാഹചര്യങ്ങളില്‍ കര്‍ഷകര്‍ക്ക് 100 ശതമാനം പേമെന്റ് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും ഇത്തരം പദ്ധതികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും ഗോയല്‍ വിശദീകരിച്ചു. ഫസല്‍ ബിമ യോജനയില്‍ ഭേദഗതി വരുത്തികൊണ്ടുള്ള ധനമന്ത്രിയുടെ പ്രഖ്യാപനവും കാര്‍ഷിക മോഖലയ്ക്ക് ഗുണം ചെയ്യുമെന്ന് ഗോയല്‍ പറഞ്ഞു.

കോര്‍പ്പറേറ്റ് നികുതി നിരക്ക് (50 കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍) 30 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറച്ചത് നികുതി ഇക്വിറ്റി എന്ന ലക്ഷ്യത്തോടെയാണെന്നാണ് ഗോയല്‍ പറയുന്നത്. ഈ ബജറ്റിലെ നികുതി പരിഷ്‌കരണ നയങ്ങള്‍ നികുതി നിയമങ്ങള്‍ ലഘൂകരിക്കുന്നിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ബിസിനസ് സാധ്യതകളെ സ്വാഗതം ചെയ്യുകയാണ്, ബോള്‍ ഇപ്പോള്‍ നിങ്ങളുടെ കോര്‍ട്ടിലാണ്. ഇതിലും മികച്ച ഒരു അവസരം ഇനി കിട്ടാനില്ല, ഗോയല്‍ ബിസിനസുകാരോട് പറഞ്ഞു.

Comments

comments

Categories: Top Stories
Tags: Piyush Goyal