ജിഎസ്ടിക്കു കീഴില്‍ ആപ്പിളിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ദുഷ്‌കരം: ഹഷ്മുഖ് അധിയ

ജിഎസ്ടിക്കു കീഴില്‍ ആപ്പിളിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ദുഷ്‌കരം: ഹഷ്മുഖ് അധിയ

ആപ്പിളിന് മാത്രം ഇളവുകള്‍ അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: രാജ്യത്തെ നികുതി സംവിധാനങ്ങളെ ഒറ്റകുടക്കീഴിലാക്കികൊണ്ട് ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങുന്ന യുഎസ് ടെക് ഭീമന്‍ ആപ്പിളിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക പ്രയാസകരമാണെന്ന് റെവന്യു വകുപ്പ് സെക്രട്ടറി ഹഷ്മുഖ് അധിയ. രാജ്യത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യുന്ന കംപോണന്റുകള്‍ക്ക് 15 വര്‍ഷത്തേക്ക് നികുതി ഇളവ് അനുവദിക്കണമെന്നായിരുന്നു ആപ്പിളിന്റെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്നാണ് ഹഷ്മുഖ് പറയുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഏകീകൃത ചരക്ക് സേവന നികുതി നയം നടപ്പിലാക്കുമെന്നാണ് ഔദ്യോഗിക വിവരം.

ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ആപ്പിള്‍ നേതൃത്വം കേന്ദ്ര സര്‍ക്കാരിേേനാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കമ്പനികള്‍ക്കിടയില്‍ പക്ഷഭേദം കാണിക്കാന്‍ കഴിയില്ലെന്നും, മറ്റ് കമ്പനികളൊന്നും ഇത്തമൊരു ആവശ്യം മുന്നോട്ടുവെക്കാത്ത സാഹചര്യത്തില്‍ ആപ്പിളിനു മാത്രം ആനൂകൂല്യം അനുവദിക്കുകയെന്നത് എളുപ്പമല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതേ കാര്യത്തിന് ഊന്നല്‍ നല്‍കികൊണ്ടാണ് ഹഷ്മുഖ് അധിയയും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടിയില്‍ നിന്നും ഒരു കമ്പനിയെ മാത്രമായി മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും ഹഷ്മുഖ് അധിയ പറഞ്ഞു. പ്രാദേശിക തലത്തിലുള്ള വ്യവസായങ്ങള്‍ക്ക് ചുമത്തുന്ന അതേ നികുതി തന്നെയായിരിക്കും അന്തര്‍ സംസ്ഥാന വ്യാപാരത്തിനുമേലുള്ള ഐജിഎസ്ടി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘മേക്ക് ഇന്‍ പദ്ധതി’ക്ക് വലിയ രീതിയിലുള്ള പ്രോത്സാഹനം ലഭിക്കുമെന്നും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനു (ഡിഐപിപി) മുന്‍പാകെ ആപ്പിള്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് തനിക്ക് വ്യക്തമായ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ജിഎസ്ടിക്കു കീഴില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഹഷ്മുഖ് അധിയ വ്യക്തമാക്കി.

ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് കമ്പനിയുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. ബെംഗളൂരുവില്‍ ഐഫോണ്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ആഭ്യന്തര തലത്തില്‍ നിര്‍മാണം ആരംഭിക്കുന്നതിന് ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരുമായി കമ്പനി ഇപ്പോഴും ചര്‍ച്ച നടത്തി വരികയാണ്. ആപ്പിളിനു ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച അവസാന തീരുമാനം ജിഎസ്ടി കൗണ്‍സിലിന്റേതായിരിക്കും.

Comments

comments

Categories: Top Stories