എസിസിയും അംബുജാ സിമന്റ്‌സും ലയിച്ചേക്കും

എസിസിയും അംബുജാ സിമന്റ്‌സും ലയിച്ചേക്കും

ലയനവാര്‍ത്ത വന്നതോടെ അംബുജാ സിമന്റ്‌സ് ഓഹരിവിലയില്‍ വര്‍ധന രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: സിമന്റ് നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനികളായ എസിസിയും അംബുജാ സിമന്റ്‌സും ലയിച്ചേക്കും. ഇരുകമ്പനികളിലെയും പ്രധാന ഓഹരി പങ്കാളിയായ ലഫര്‍ജെഹോല്‍സിം ലയന നടപടികള്‍ക്ക് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അംബുജാ സിമന്റ്‌സില്‍ ലഫര്‍ജെഹോല്‍സിമ്മിന് 63 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലഫര്‍ജെഹോല്‍സിം ഇരുകമ്പനികളിലുമുള്ള ഓഹരി പങ്കാളിത്തം യഥാക്രമം നാല് ശതമാനവും രണ്ട് ശതമാനവും വീതം വര്‍ധിപ്പിച്ചിരുന്നു.

കമ്പനി വലിയ മാറ്റത്തെ അഭിമുഖീകരിച്ച 2013ല്‍ തന്നെ ഈ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എസിസിയില്‍ ലഫര്‍ജെഹോള്‍സിമ്മിന് 50 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

ലയന അനുപാതം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. അതേസമയം, ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ തയാറല്ലെന്നാണ് ലഫര്‍ജെഹോല്‍സിം പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ലഫര്‍ജെഹോല്‍സിം ലഫര്‍ജെ ഇന്ത്യയ്ക്കു കീഴിലുണ്ടായിരുന്ന ഓഹരികളില്‍ വിറ്റഴിക്കുന്നതിന് കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാറിന്റെ ഭാഗമായി ലഫര്‍ജെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ ലിമിറ്റഡിന് വില്‍പ്പന നടത്തുന്നതിനും ധാരണയിലെത്തിയിരുന്നു. കടബാധ്യത ഉള്‍പ്പെടെ 9,400 കോടി രൂപയ്ക്കാണ് വില്‍പ്പന കരാര്‍ ഉറപ്പിച്ചത്. അംബുജാ സിമന്റ്‌സുമായുള്ള ലയനം സാധ്യമായാല്‍ എസിസിക്കായിരിക്കും കൂടുതല്‍ പ്രയോജനം ലഭിക്കുക. ബ്രാന്‍ഡിംഗിനും, വിതരണത്തിനും നികുതി സംരക്ഷിക്കുന്നതിനും ഇത് കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിരീക്ഷണം.

Comments

comments

Categories: Business & Economy

Related Articles