ഉക്രൈനില്‍ വീണ്ടും സംഘര്‍ഷം; ട്രംപിനു പുടിന്റെ പരീക്ഷണം

ഉക്രൈനില്‍ വീണ്ടും സംഘര്‍ഷം; ട്രംപിനു പുടിന്റെ പരീക്ഷണം

ഉക്രൈനില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷം അമേരിക്കയ്ക്കും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കുമുള്ള റഷ്യയുടെ താക്കീതാണ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിനെ പരീക്ഷിക്കുന്നതിനു വേണ്ടി പുടിന്‍ ആസൂത്രണം ചെയ്തതാണു സംഘര്‍ഷമെന്നു വിലയിരുത്തിയാലും സംശയിക്കേണ്ടതില്ല.

ഉക്രൈനില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ മേഖലയില്‍ ശക്തി തെളിയിക്കുക എന്ന തന്ത്രമാണു മോസ്‌കോ പയറ്റുന്നത്. ഉക്രൈനില്‍ സമാധാനം പുലരണമെങ്കില്‍ തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്നു പരോക്ഷമായി യുഎസിനെ ഓര്‍മിപ്പിക്കാനും റഷ്യ ഉദ്ദേശിക്കുന്നുണ്ട്. മോസ്‌കോയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു എന്ന് പ്രസ്താവിച്ച ട്രംപിന് ഉക്രൈനില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നത് കനത്ത വെല്ലുവിളി തന്നെയാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെ വാനോളം പുകഴ്ത്തുന്ന പതിവ് ട്രംപ് തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസ് സംഘടിപ്പിച്ച അഭിമുഖത്തില്‍ അവതാരകന്‍ ബില്‍.ഒ റീല്‍ പുടിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ട്രംപ് പ്രതിരോധിച്ച് രംഗത്തുവരികയുണ്ടായി.പുടിന്‍ കൊലയാളിയല്ലേ എന്ന് അവതാരകനായി ബില്‍ ചോദിച്ചപ്പോള്‍, ‘ഒരുപാട് കൊലയാളികളുണ്ട്, നിങ്ങള്‍ വിചാരിച്ചിരിക്കുന്നത് നമ്മളുടെ രാജ്യം നിഷ്‌കളങ്കമാണെന്നാണ്’ എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. 2015 ഡിസംബറില്‍ എംഎസ്എന്‍ബിസി എന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തിലും ട്രംപ് പുടിനെ പ്രകീര്‍ത്തിച്ചിരുന്നു.

ജനുവരി 28ാം തീയതി ശനിയാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ട്രംപ് ആദ്യ ഔദ്യോഗിക ടെലഫോണ്‍ സംഭാഷണം നടത്തിയത്. സംഭാഷണം ഏറെക്കുറെ സൗഹാര്‍ദ്ദപരമായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ സംഭാഷണം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഉക്രൈനിലെ അവ്ദിവ്ക എന്ന ചെറുനഗരത്തില്‍ വെടിയൊച്ചകള്‍ മുഴങ്ങി.

റഷ്യന്‍ പിന്തുണയുള്ള വിമതരും ഉക്രൈന്‍ സൈനികരും തമ്മില്‍ കനത്ത പോരാട്ടം നടന്നു. ഏഴ് ഉക്രൈന്‍ സൈനികര്‍ പോരാട്ടത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഒരാഴ്ച പിന്നിടുമ്പോള്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 35 കവിഞ്ഞിരിക്കുകയാണ്. ഇതോടെ പ്രദേശത്തു സ്ഥിതിഗതികള്‍ മോശമായിരിക്കുന്നു. പോരാട്ടത്തെ തുടര്‍ന്നു മേഖലയില്‍ ജലവിതരണവും വൈദ്യുതി വിതരണവും മറ്റ് അവശ്യവസ്തുക്കളുടെ സേവനവും തടസപ്പെടുകയും ചെയ്തിരിക്കുകയാണ്. പ്രദേശത്തു താമസിക്കുന്ന 20,000-ാളം വരുന്ന ജനങ്ങള്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ മരം കോച്ചുന്ന തണുപ്പില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ കഴിയുന്ന അവസ്ഥയുമുണ്ട്. സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടിയൊഴിപ്പക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.

മേഖലയില്‍ ഇപ്പോള്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചത് 2015 ഫെബ്രുവരിയില്‍ ഒപ്പുവച്ച Minsk II എന്ന വെടിനിര്‍ത്തല്‍ കരാറിനു ദോഷകരമാണെന്നും വിലയിരുത്തുന്നുണ്ട്. ഉക്രൈന്‍, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവച്ചത്.

ജനുവരി അവസാനം അവ്ദിവ്കയില്‍ നടന്ന പോരാട്ടത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ പൊതുദര്‍ശനത്തിനു വയ്ക്കുകയുണ്ടായി. സൈനികര്‍ക്കു അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനലക്ഷങ്ങളാണു കീവിലെത്തിച്ചേര്‍ന്നത്. 2014ല്‍ രാജ്യത്ത് അരങ്ങേറിയ വിപ്ലവം നടന്ന അതേ സ്ഥലത്താണ് സൈനികരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര നടത്തിയത്. സമീപകാലത്ത് കീവ് ഇത്രയും വലിയൊരു ജനസാഗരത്തെ സാക്ഷ്യംവഹിച്ചിട്ടില്ലെന്നതും പ്രശ്‌നത്തിന്റെ രൂക്ഷത പ്രകടമാക്കുന്നുണ്ട്.

2014ല്‍ ഉക്രൈനിലെ ക്രിമിയയില്‍ റഷ്യ അധിനിവേശം നടത്തിയിട്ടു ഈ വര്‍ഷം മാര്‍ച്ച് മാസം മൂന്ന് വര്‍ഷം പിന്നിടുകയാണ്. 2014ല്‍ ഉക്രൈനില്‍ അധിനിവേശം നടത്തിയതിന്റെ പേരില്‍ റഷ്യയ്‌ക്കെതിരേ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ റഷ്യ പ്രകോപിതരാണ്. ട്രംപ് അധികാരത്തിലേറുന്നതോടെ ഉപരോധം പിന്‍വലിക്കുന്നതുള്‍പ്പെടെ ഉക്രൈന്‍ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് റഷ്യ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ഉക്രൈനില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷം അമേരിക്കയ്ക്കും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കുമുള്ള റഷ്യയുടെ താക്കീതാണെന്ന് ഉക്രൈന്‍ സൂചന നല്‍കുന്നു. യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിനെ പരീക്ഷിക്കുന്നതിനു വേണ്ടി പുടിന്‍ ആസൂത്രണം ചെയ്തതാണു സംഘര്‍ഷമെന്നും അവര്‍ കരുതുന്നുണ്ട്. അതേസമയം ജനുവരി അവസാനത്തോടെ ഉക്രൈനിലെ അവ്ദിവ്ക എന്ന ഗ്രാമത്തില്‍ അരങ്ങേറിയ സംഘര്‍ഷത്തെ വൈറ്റ് ഹൗസ് അപലപിച്ചത് രണ്ട് ദിവസങ്ങള്‍ക്കു ശേഷമാണെന്നതും റഷ്യയെ കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി. ട്രംപ് ഭരണകൂടം റഷ്യയ്ക്കു മേല്‍ മൃദു സമീപനം കൈക്കൊള്ളുമെന്ന ഭയം ഉക്രൈന്‍ സര്‍ക്കാരിനുണ്ട്.

ഉക്രൈനില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ മേഖലയില്‍ ശക്തി തെളിയിക്കുക എന്ന തന്ത്രമാണു മോസ്‌കോ പയറ്റുന്നത്. ഉക്രൈനില്‍ സമാധാനം പുലരണമെങ്കില്‍ തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്നു പരോക്ഷമായി യുഎസിനെ സൂചിപ്പിക്കാനും റഷ്യ ഉദ്ദേശിക്കുന്നുണ്ട്.

മറുവശത്ത് ട്രംപാകട്ടെ വലിയൊരു പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. മോസ്‌കോയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു എന്ന് പ്രസ്താവിച്ച ട്രംപിന് ഉക്രൈനില്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നത് കനത്ത വെല്ലുവിളി തന്നെയാണ്.

Comments

comments

Categories: World