സ്വാശ്രയ കോളെജ്: പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം

സ്വാശ്രയ കോളെജ്: പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം

സ്വാശ്രയ കോളെജുകളിലും വിദ്യാര്‍ത്ഥി യൂണിയന്‍ അടക്കമുള്ള സംവിധാനങ്ങള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ സംബന്ധിച്ചുള്ള ആശങ്ക കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് അടുത്തിടെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടും മറ്റും മാനേജ്‌മെന്റിന്റേയും അധ്യാപകരുടേയും താല്‍പ്പര്യങ്ങളനുസരിച്ച് വിദ്യാര്‍ത്ഥികള്‍ കഷ്ടതയനുഭവിക്കുന്നുവെന്ന വിഷയങ്ങള്‍ അതീവഗൗരവത്തോടെയാണ് കാണേണ്ടത്.

വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന തരത്തില്‍ സ്വാശ്രയ കോളെജുകളുടെ പ്രവര്‍ത്തനശൈലി മാറരുത്. അങ്ങനെയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള നിയന്ത്രണങ്ങളും ഇടപെടലുകളും സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും ഭാഗത്തുനിന്നുണ്ടാകണം. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിഷയവുമായി ബന്ധപ്പെട്ട് വൈസ്ചാന്‍സലര്‍മാര്‍ യോഗം ചേര്‍ന്നത്. യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളും തീരുമാനങ്ങളും സ്വാഗതാര്‍ഹമാണ്. എല്ലാം കോളെജുകളിലും അധ്യാപക-രക്ഷാകര്‍തൃസമിതിയും വിദ്യാര്‍ത്ഥി യൂണിയനുകളും നിര്‍ബന്ധമാക്കാന്‍ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇന്റേണല്‍ അസെസ്‌മെന്റ് വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. ഇതില്‍ എങ്ങനെ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാമെന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി നാല് വൈസ് ചാന്‍സലര്‍മാര്‍ അടങ്ങുന്ന സമിതിയെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

ഇനിയെങ്കിലും ഒരധ്യാപകന് ഇഷ്ടമല്ലാത്ത കുട്ടിയായതുകൊണ്ടു മാത്രം അവന് ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന സാഹചര്യങ്ങള്‍ കോളെജുകളില്‍ ഉണ്ടാകരുത്. ആത്യന്തികമായി ക്രിയാത്മകതയ്ക്കാണ് കോളെജുകളെന്നും ഉരുക്കുമുഷ്ടി കാണിച്ച് കച്ചവടം നടത്താന്‍ മാത്രമുള്ളതല്ലെന്നും സ്വാശ്രയകോളെജുകള്‍ തിരിച്ചറിയുകയും വേണം. നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസ സംവിധാനം പ്രായോഗികവല്‍ക്കരിക്കാനുള്ള പദ്ധതികളാണ് ആവശ്യം. സ്വാശ്രയ കോളെജുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം പല സര്‍വെ ഫലങ്ങളിലൂടെയും വ്യക്തമായതാണ്. പരീക്ഷാ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനങ്ങളില്‍ വലിയൊരു പൊളിച്ചെഴുത്താണ് ഇവിടെ അനിവാര്യമായിരിക്കുന്നത്. ഇതിനെക്കുറിച്ച് ആഴത്തില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.

Comments

comments

Categories: Editorial, Slider