സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

ലെഗാനസിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെഗാനസിനെയാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ട് രണ്ട് ഗോളുകളും കണ്ടെത്തിയത് സ്പാനിഷ് താരമായ ഫെര്‍ണാണ്ടോ ടോറസായിരുന്നു.

മത്സരത്തിന്റെ പതിനഞ്ച്, അന്‍പത്തൊന്ന് മിനുറ്റുകളിലായിരുന്നു ഫെര്‍ണാണ്ടോ ടോറസിന്റെ ഡീഗോ സിമിയോണിയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗോളുകള്‍. അതേസമയം, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ അന്റോയ്ന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഇതോടെ, ലാ ലിഗ ഈ സീണണില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരം കൂടിയായി അന്റോയ്ന്‍ ഗ്രീസ്മാന്‍.

സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയുടെ പതിനെട്ടാം മിനുറ്റില്‍ സ്പാനിഷ് താരമായ പാക്കോ അല്‍കാസറാണ് ആതിഥേയര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്.

വിശ്രമം അനുവദിക്കപ്പെട്ട ഉറുഗ്വായുടെ ലൂയി സുവാരസിന് പകരക്കാരനായിട്ടായിരുന്നു പാക്കോ അല്‍കാസറിനെ ബാഴ്‌സലോണ പരിശീലകനായ ലൂയിസ് എന്റിക്വെ ഇറക്കിയത്. 40-ാം മിനുറ്റില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയിലൂടെയായിരുന്നു ബാഴ്‌സലോണയുടെ രണ്ടാം ഗോള്‍. ബോക്‌സിനടുത്തായി റൈറ്റ് വിംഗില്‍ നിന്നുമെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു മെസ്സി അത്‌ലറ്റിക്കോ ബില്‍ബാവോയുടെ വല കുലുക്കിയത്.

മത്സരത്തിന്റെ അറുപത്തേഴാം മിനുറ്റില്‍ സ്പാനിഷ് താരമായ അലക്‌സ് വിദാലിലൂടെയായിരുന്നു ബാഴ്‌സലോണ ഗോള്‍പ്പട്ടിക തികച്ചത്. എതിര്‍ പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് നടത്തിയ ഒറ്റയാള്‍ പ്രകടനത്തിലൂടെയായിരുന്നു വിദാലിന്റെ ഗോള്‍. ഇതോടെ, സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി നൂറ് ഗോളുകള്‍ സ്വന്തമാക്കിയ ആദ്യ യൂറോപ്യന്‍ ടീമായി ബാഴ്‌സലോണ മാറുകയും ചെയ്തു.

സ്പാനിഷ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് എയ്ബര്‍ വലന്‍സിയയെയും ഏകപക്ഷീയമായ ഒരു ഗോളിന് എസ്പാന്യോള്‍ മലാഗയെയും പരാജയപ്പെടുത്തി. സ്പാനിഷ് ലീഗില്‍ പത്തൊന്‍പത് കളികളില്‍ നിന്നും 46 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ഇരുപത്തൊന്ന് മത്സരങ്ങളില്‍ നിന്നും 45 പോയിന്റുമായി ബാഴ്‌സലോണ രണ്ടാമതും.

മൂന്നാം സ്ഥാനത്തുള്ള സെവിയ്യയ്ക്ക് ഇരുപത് കളികളില്‍ നിന്നും 42 പോയിന്റാണുള്ളത്. ഇരുപത്തൊന്ന് മത്സരങ്ങളില്‍ നിന്നും മുപ്പത്തൊന്‍പത് പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതും ഒരു കളിക്ക് കുറച്ചിറങ്ങിയ റയല്‍ സോസിദാദ് 35 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.

Comments

comments

Categories: Sports