2017-2018ല്‍ ‘ഇന്ത്യ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കും’

2017-2018ല്‍ ‘ഇന്ത്യ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കും’

ആഗോള തലത്തില്‍ നിന്നുള്ള എതിര്‍ക്കാറ്റുകളൊഴിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ച ഇപ്പോഴും ശക്തമാണെന്നന്ന് ശക്തികാന്ത ദാസ്

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏഴ് ശതമാനത്തിനു മുകളില്‍ വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശാക്തികാന്ത ദാസ്. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ക്ഷീണം മറികടക്കാന്‍ ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥയ്ക്ക് വളരെ പെട്ടെന്ന് സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) സംബന്ധിച്ച് വ്യക്തമായ സ്ഥിതിവിവരകണക്കുകള്‍ ലഭിക്കണമെങ്കില്‍ മാര്‍ച്ച് അവസാനം വരെ കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍, അടുത്ത വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിനു മുകളില്‍ കുതിക്കും, ശാക്തികാന്ത ദാസ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിലൂടെയുള്ള സാമ്പത്തിക പരിഷ്‌കരണം താല്‍ക്കാലികമായെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും, അതേസമയം 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യ വളര്‍ച്ചയിലേക്ക് തിരിച്ചുപോകുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സാമ്പത്തിക ശേഷിയുടെ വലിയൊരു വിഭാഗം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ശാക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ നിന്നുള്ള എതിര്‍ക്കാറ്റുകളൊഴിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ച ഇപ്പോഴും ശക്തമാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. അതുകൊണ്ടുതന്നെ ഇന്ത്യ വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം വിവിധ മേഖലകള്‍ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ചവെക്കുമെന്നും ദാസ് നിരീക്ഷിക്കുന്നു. വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത് സമ്പൂര്‍ണ്ണ ബജറ്റിലെ കര്‍ഷകര്‍ക്കു വേണ്ടിയുള്ള വിവിധ പരിഷ്‌കരണ നടപടികളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

Comments

comments

Categories: Top Stories