ഈയാഴ്ച ശശികലയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രഖ്യാപിക്കും

ഈയാഴ്ച ശശികലയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പ്രഖ്യാപിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ശശികല നടരാജനെ എഐഎഡിഎംകെ നിയമസഭാ പാര്‍ട്ടി നേതാവായി ഈയാഴ്ച തെരഞ്ഞെടുത്തേക്കുമെന്നു സൂചന. 9,10 തീയതികളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണു പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുന്ന ദിവസം തന്നെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയായ 61-കാരി ശശികല പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. ജയലളിതയെ പോലെ പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രി സ്ഥാനവും ഒരു വ്യക്തി തന്നെ വഹിക്കണമെന്നാണു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അനുയായികളും ദീര്‍ഘനാളായി ആവശ്യമുന്നയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണു ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവരോധിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്.

പാര്‍ട്ടിയിലെ ഭൂരിഭാഗവും ശശികല മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കണമെന്ന ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ചില നിയമ പ്രശ്‌നങ്ങളാണു കാലതാമസമുണ്ടാക്കുന്നതെന്നു സൂചനയുണ്ട്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയെയും പ്രതിയാക്കിയാണു കേസ് ചുമത്തിയത്. കേസില്‍ ഇരുവരെയും കുറ്റവിമുക്തരാക്കിയെങ്കിലും ഇതു സംബന്ധിച്ച് ഒരു അപ്പീല്‍ സുപ്രീം കോടതിയില്‍ ഇനിയും തീര്‍പ്പു കല്‍പ്പിക്കാതെ കിടപ്പുണ്ട്. ഈ അപ്പീലിന്മേലുള്ള ഹിയറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഇനി വിധി മാത്രമാണു പുറത്തുവരാനുള്ളത്. വിധി പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവരോധിക്കാനാണു പാര്‍ട്ടി തീരുമാനിക്കുന്നതെന്നും സൂചനയുണ്ട്.

Comments

comments

Categories: Politics

Related Articles