വാര്‍ഷിക വരുമാനത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമത്

വാര്‍ഷിക വരുമാനത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒന്നാമത്

ന്യൂയോര്‍ക്ക്: ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനും ബാലന്‍ ഡി ഓര്‍ ബഹുമതിക്കും അര്‍ഹനായതിന് പിന്നാലെ പോര്‍ചുഗലിന്റെയും ക്ലബ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന്റേയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു നേട്ടം. ഫോബ്‌സ് സ്‌പോര്‍ട്‌സ് മണി ഇന്‍ഡെക്‌സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം വാര്‍ഷിക വരുമാനമുണ്ടാക്കുന്ന കായിക താരമായാണ് ക്രിസ്റ്റ്യാനോ മാറിയത്.

70.5 ദശലക്ഷം പൗണ്ടാണ് (591 കോടി ഇന്ത്യന്‍ രൂപ) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 2016ലെ വാര്‍ഷിക വരുമാനം. ഇതില്‍ 44.8 ദശലക്ഷം പൗണ്ട് ശമ്പളമായും പ്രൈസ്മണിയായും സമ്പാദിച്ചതാണ്. ബാക്കി തുകയായ 25.6 ദശലക്ഷം പൗണ്ട് പരസ്യ വരുമാനത്തില്‍ നിന്നും. ഫോബ്‌സ് സ്‌പോര്‍ട്‌സ് മണി ഇന്‍ഡെക്‌സിന്റെ കണക്ക് പ്രകാരം അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയാണ് രണ്ടാമത്.

65.2 ദശലക്ഷം പൗണ്ടാണ് ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ കളിക്കാരനായ ലയണല്‍ മെസ്സിയുടെ കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം. 61.8 ദശലക്ഷം പൗണ്ടുമായി അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പട്ടികയില്‍ നാലാമതുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററിന്റെ 2016ലെ വരുമാനം 54.3 ദശലക്ഷം പൗണ്ടാണ്.

കെവിന്‍ ഡുറന്റ് (ബാസ്‌കറ്റ്‌ബോള്‍, 45 ദശലക്ഷം പൗണ്ട്), നൊവാക് ജോക്കോവിച്ച് (ടെന്നീസ്, 44.7 ദശലക്ഷം പൗണ്ട്), കാം ന്യൂട്ടന്‍ (അമേരിക്കന്‍ ഫുട്‌ബോള്‍, 42.5 ദശലക്ഷം പൗണ്ട്), ഫില്‍ മിക്കെല്‍സന്‍ (ഗോള്‍ഫ്, 42.4 ദശലക്ഷം പൗണ്ട്), ജോര്‍ദാന്‍ സ്പീത് (ഗോള്‍ഫ്, 42.3 ദശലക്ഷം പൗണ്ട്), കോബെ ബ്രയാന്റ് (ബാസ്‌കറ്റ്‌ബോള്‍, 40 ദശലക്ഷം പൗണ്ട്) എന്നിവരാണ് ഫോബ്‌സ് സ്‌പോര്‍ട്‌സ് മണി ഇന്‍ഡെക്‌സിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പണം സമ്പാദിച്ചവരുടെ പട്ടികയിലെ യഥാക്രമം ആദ്യ പത്തിലുള്‍പ്പെട്ട മറ്റ് കായിക താരങ്ങള്‍.

Comments

comments

Categories: Sports