ലോ അക്കാദമി ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്എഫ്‌ഐ: പന്ന്യന്‍

ലോ അക്കാദമി ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്എഫ്‌ഐ: പന്ന്യന്‍

തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത് എസ്എഫ്‌ഐയുടെ ഈഗോയും വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷമയില്ലായ്മയും കാരണമാണെന്നു സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

പ്രിന്‍സിപ്പലിനെ മാറ്റാന്‍ മാനേജ്‌മെന്റ് തയാറായപ്പോള്‍ എസ്എഫ്‌ഐ ചര്‍ച്ച വഴിമാറ്റി വിട്ടു. ഇത് എസ്എഫ്‌ഐയുടെ ഫോര്‍മുലയ്ക്ക് അപ്പുറത്തേയ്ക്ക് മറ്റൊരു ഫോര്‍മുല വരരുതെന്ന് അവര്‍ക്കു വാശിയുണ്ടായിരുന്നതു കൊണ്ടാണെന്നു പന്ന്യന്‍ പറഞ്ഞു. എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ചു സമരം അവസാനിപ്പിക്കാന്‍ സാധിക്കില്ല. കേരളം ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ചയിലേറെയായി സമരം തുടരുന്ന ലോ അക്കാദമിയില്‍ പ്രശ്‌ന പരിഹാരത്തിനായി വിദ്യാര്‍ഥികള്‍ മന്ത്രിതല ചര്‍ച്ച വേണമെന്ന് ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി ചര്‍ച്ചയ്ക്കു തയാറായത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന് വിദ്യാര്‍ഥികള്‍ ഉറച്ചനിലപാടെടുത്തപ്പോള്‍ അക്കാര്യം മാനേജ്‌മെന്റാണു തീരുമാനിക്കേണ്ടതെന്നും പ്രിന്‍സിപ്പല്‍ അഞ്ച് വര്‍ഷത്തേയ്ക്കു മാറിനില്‍ക്കാമെന്നു സമ്മതിച്ചത് വിദ്യാര്‍ഥികള്‍ അംഗീകരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അഞ്ച് വര്‍ഷത്തേയ്ക്കു മാറിനില്‍ക്കുകയല്ല, മറിച്ച് രാജിയാണു വേണ്ടതെന്നു വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നതോടെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയില്‍നിന്നും ഇറങ്ങി പോവുകയായിരുന്നു.

Comments

comments

Categories: Politics

Related Articles