ഇന്ത്യയില്‍ വന്‍ നിക്ഷേപം തുടരുമെന്ന് ആമസോണ്‍

ഇന്ത്യയില്‍ വന്‍ നിക്ഷേപം തുടരുമെന്ന് ആമസോണ്‍

ഇന്ത്യയില്‍ നഷ്ടം കൂടുന്നതിന് കാരണം അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടതെന്ന് ആമസോണ്‍ ഉന്നത ഉദ്യോഗസ്ഥന്‍

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഇന്ത്യയില്‍ തുടര്‍ന്നും വന്‍ നിക്ഷേപം നടത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ആമസോണ്‍. ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ടിനോട് മത്സരിക്കുന്നതിന്റെ ഭാഗമായി ഭീമമായ നിക്ഷേപമാണ് ആമസോണ്‍ നടത്തിയിട്ടുള്ളത്. ഇത് രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ പ്രതിഫലിച്ചതായും ആമസോണ്‍ ഇന്ത്യ അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പ്രോത്സാഹനം കമ്പനിയെ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നതായും ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ആമസോണിന് ലഭിക്കുന്നതെന്നും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രിയാന്‍ ഒല്‍സാവ്‌സ്‌കി പറയുന്നു. തുടര്‍ന്നും ആഭ്യന്തര വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യയില്‍ നടത്തിയ നിക്ഷേപത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രൈം നൗ മുതല്‍ ആമസോണ്‍ ഫ്രഷ് വരെയുള്ളവയില്‍ നിക്ഷേപശ്രദ്ധ കേന്ദ്രീകരിച്ചത് കമ്പനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ബ്രിയാന്‍ അറിയിച്ചു. അതുപോലെ തന്നെ അലക്‌സയിലും ഇക്കോ ഡിവൈസിലുമുള്ള നിക്ഷേപം തുടരുമെന്ന സൂചനയും ആമസോണ്‍ നേതൃത്വം നല്‍കുന്നുണ്ട്. ആമസോണിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ നിക്ഷപം നടത്തുന്ന വിപണികളില്‍ ഒന്ന് തുടര്‍ന്നങ്ങോട്ടും ഇന്ത്യയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്‌റ്റോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 14 ബില്യണ്‍ ഡോളറാണ് ആമസോണ്‍ വില്‍പ്പന മൂല്യം രേഖപ്പെടുത്തിയത്. അതേസമയം തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ നഷ്ടം 108 മില്യണ്‍ ഡോളറില്‍ നിന്നും 487 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നാണ് രണ്ടാം പാദ ഫലം നല്‍കുന്ന കണക്കുകള്‍. ഇന്ത്യന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസിന്റെ അടിത്തറ ശക്തമാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് കമ്പനിയുടെ നഷ്ടം വര്‍ധിക്കാനിടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 541 മില്യണ്‍ ഡോളറാണ് പ്രവര്‍ത്തന നഷ്ടം കണക്കാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ വിപണിയില്‍ മുന്നേറുന്നതിനു അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നായിരുന്നു ആമസോണിന്റെ പ്രഖ്യാപനം. അടുത്തിടെ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതിനോടകം ഇന്ത്യന്‍ ബിസിനസ് വിപുലീകരണത്തിനു വേണ്ടി 7,000 കോടി രൂപയുടെ (അതായത് ഒരു ബില്യണിലധികം) നിക്ഷേപമാണ് ആമസോണ്‍ നടത്തിയത്. അടുത്തിടെ നടത്തിയ രണ്ടായിരം കോടി രൂപയുടെ നിക്ഷേം ഉള്‍പ്പെടെയുള്ള കണക്കാണിത്.

അതേസമയം, കമ്പനിയുടെ തുടക്കം മാത്രമാണിതെന്നും, പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനക്കാരുമായും ഉപഭോക്താക്കളുമായും ചേര്‍ന്ന് രാജ്യത്തെ ഓണ്‍ലൈന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്ത കമ്പനിയുടെ സാന്നിധ്യം ഭാവയിലേക്ക് വലിയ പ്രോത്സാഹനം തരുന്നതാണെന്നും ബ്രിയാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ബിസിനസില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടര്‍ന്നും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയം കമ്പനിയെ കാര്യമായി ബാധിച്ചില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുതയെന്നും കമ്പനി.

നോട്ട് പിന്‍വലിക്കല്‍ നയം രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പന  ഇടങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വലിയ ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണി പിടിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ആമസോണിനെ സംബന്ധിച്ചിടത്തോളം നഷ്ടം കൂട്ടിയതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഇന്ത്യന്‍ വിപണിയുടെ ഭാവി സാധ്യതകളെയാണ് കമ്പനി ഉന്നംവെക്കുന്നത്. അതിനുള്ള തായാറെടുപ്പുകളും കമ്പനി നടത്തുന്നുണ്ട്.

ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും കമ്പനി കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം തേടിയിട്ടുണ്ട്. ഇതിനുവേണ്ടി ആമസോണ്‍ 3,400 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വിവരം. രാജ്യത്ത് ശക്തമായ ഭക്ഷ്യ വിതരണ ശൃംഖല തീര്‍ക്കുന്നതിന് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കമ്പനി ആകാംക്ഷയിലാണെന്നും ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി നിക്ഷേപം നടത്തുന്നതിനും സര്‍ക്കാരുമായി കൈകോര്‍ക്കുന്നതിനും കമ്പനി അനുവാദം തേടിയിട്ടുള്ളതായി ആമസോണ്‍ വക്താവ് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Slider