ആഗോളവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ച് ഇന്ത്യ

ആഗോളവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ച് ഇന്ത്യ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംരക്ഷണ നയങ്ങളെ പിന്തുടരുമ്പോള്‍ ആഗോളവല്‍ക്കരണത്തെ പുല്‍കാന്‍ തന്നെയാണ് നരേന്ദ്ര മോദിയുടെ തീരുമാനം

അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിതീവ്രമായ ദേശീയവാദമുയര്‍ത്തി സംരക്ഷണനയങ്ങള്‍ സ്വീകരിച്ച് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ കുറച്ചുകൂടി ശക്തമായി നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നു വേണം കരുതാന്‍. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലെ സൂചനകളും അതുതന്നെ. പൊതുമേഖല കമ്പനികളുടെ മാനേജ്‌മെന്റ് കാര്യക്ഷമമാക്കലും ഓഹരി വിറ്റഴിക്കലുമെല്ലാം വഴി ഏകദേശം 72,500 കോടി രൂപ സമാഹരിക്കാന്‍ തന്നെ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.

സര്‍ക്കാര്‍ പദ്ധതികള്‍ വിചാരിച്ച പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നുണ്ടോയെന്നത് പരിശോധിക്കാന്‍ നിതി ആയോഗ് മാസത്തില്‍ ഒരു പുനരവലോകന യോഗം ചേരാന്‍ തീരുമാനിച്ചതും ശ്രദ്ധേയമാണ്. മാത്രമല്ല വിദേശ നിക്ഷേപം പരമാവധി ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സമ്പദ് വ്യവസ്ഥ തുറന്നിടുമെന്നും ആഗോളവല്‍ക്കരണത്തോട് എപ്പോഴും അനുകൂല നിലപാട് സ്വീകരിക്കുകയാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കിയിരുന്നു. ലോകത്ത് സംരക്ഷണവാദങ്ങള്‍ അതിശക്തമായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ആഗോളവല്‍ക്കരണമെന്ന പ്രത്യയശാസ്ത്രത്തില്‍ തനിക്ക് ഉറച്ചവിശ്വാസമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വിപണി കുറച്ചുകൂടി തുറന്നിടുന്ന തരത്തിലുള്ള സമീപനമായിരിക്കും നരേന്ദ്ര മോദി സ്വീകരിക്കുകയെന്ന സൂചന നല്‍കുന്നു ഇത്.

Comments

comments

Categories: Editorial, Slider