പ്രതികരണം കുറവ് ; സെലേറിയോ ഡീസല്‍ മാരുതി നിര്‍ത്തി

പ്രതികരണം കുറവ് ; സെലേറിയോ ഡീസല്‍ മാരുതി നിര്‍ത്തി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനിയുടെ ചെറുഹാച്ച്ബാക്ക് സെലേറിയോയുടെ ഡീസല്‍ പതിപ്പ് വില്‍പ്പന നിര്‍ത്തി. സെലേറിയോയുടെ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കമ്പനിയുടെ തന്നെ എസ്‌ക്രോസിന്റെ കുറഞ്ഞ വകഭേദങ്ങളുടെയും വില്‍പ്പന മാരുതി അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 69,344 യൂണിറ്റ് സെലേറിയോ ആണ് കമ്പനി വില്‍പ്പന നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പെട്രോള്‍, സിഎന്‍ജി വേരിയന്റുകളായിരുന്നു. അതേമസമയം, ഇതുമായി ബന്ധപ്പെട്ട് മാരുതി സുസുക്കി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. വിപണിയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കുറഞ്ഞതും കുറഞ്ഞ വില്‍പ്പനയുമാണ് സെലേറിയോ ഡീസല്‍ പതിപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2015 ജൂണിലാണ് സെലേറിയോ ഡീസല്‍ വില്‍പ്പന കമ്പനി ആരംഭിച്ചത്. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 4.65 ലക്ഷം രൂപയായിരുന്ന വില. മാരുതി സുസുക്കി തദ്ദേശീയമായി നിര്‍മിച്ച ഡിഡിഐഎസ് 125 എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരുന്നത്. 27.92 കിലോമീറ്റര്‍ മൈലേജാണ് ഈ കാര്‍ നല്‍കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏകദേശം 900 കോടി രൂപയാണ് ഈ എന്‍ജിന്‍ നിര്‍മാണത്തിനായി കമ്പനി നിക്ഷേപിച്ചിരുന്നത്. പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ് നാലി നിലവാരം പുലര്‍ത്തുന്നതിനായി ഡിഡിഐഎസ് 125 എന്‍ജിനില്‍ കമ്പനി പരിഷ്‌കരണം വരുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ന് ശേഷം രാജ്യത്തെ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനിയും വില വര്‍ധിക്കും. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് ചെറിയ ഡീസല്‍ കാറുകള്‍ക്ക് നല്‍കേണ്ടതെങ്കില്‍ വരും വര്‍ഷങ്ങളില്‍ വില ഇനിയും കൂടുന്നത് ഇത്തരം വാഹനങ്ങളുടെ നിര്‍മാണം കമ്പനി ഉപേക്ഷിച്ചേക്കുമെന്നാണ് മാരുതി മേധാവി ആര്‍സി ഭാര്‍ഗവ ഇക്ക്‌ണോമിക് ടൈംസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.

Comments

comments

Categories: Auto
Tags: Celerio, Maruti