ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; ഇന്നു മുതല്‍ 36 രൂപയ്ക്ക് ഒരു ജിബി

ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍; ഇന്നു മുതല്‍ 36 രൂപയ്ക്ക് ഒരു ജിബി

മുന്‍പ് ബിഎസ്എന്‍എലും കോള്‍, ഇന്റര്‍നെറ്റ് ഓഫറുകള്‍ നല്‍കിയിരുന്നെങ്കിലും വലിയ ഡാറ്റാ പാക്കിന് ഇത്ര കുറഞ്ഞ നിരക്ക് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയ്ക്ക് മറുപടിയുമായി ബിഎസ്എന്‍എല്‍ തങ്ങളുടെ എക്കാലത്തെയും ഏറ്റവും കുറഞ്ഞ ഡാറ്റാ ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചു. 36 രൂപയ്ക്ക് ഒരു ജിബി 3ജി ഡാറ്റ പാക്കാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുള്ളത്. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഡാറ്റ എസ്ടിവികളില്‍ നാലിരട്ടി അധിക ഓഫറാണ് കമ്പനി ഇതിനൊപ്പം നല്‍കുന്നത്. ബിഎസ്എന്‍എല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം ഓഫര്‍ ഇന്നു മുതല്‍ ലഭ്യമാകുമെന്നാണ് ഔദ്യോഗിക വിവരം.

പ്രൊമോഷണല്‍ ഓഫറുകളുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി റിലയന്‍സ് ജിയോ ഉപഭോക്താക്കളെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറഞ്ഞ ബജറ്റില്‍ മികച്ച ഓഫര്‍ നല്‍കി ജിയോയുമായുള്ള നിരക്ക് യുദ്ധത്തില്‍ മത്സരം ശക്തമാക്കാന്‍ ബിഎസ്എന്‍എലും തയാറെടുക്കുന്നതിന്റെ സൂചനയാണിത്. ജിയോ സൗജന്യ ഓഫറുകളില്‍ കാലിടറാതിരിക്കാന്‍ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികളും നേരത്തെ തന്നെ തങ്ങളുടെ ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍പ് ബിഎസ്എന്‍എലും കോള്‍, ഇന്റര്‍നെറ്റ് ഓഫറുകള്‍ നല്‍കിയിരുന്നെങ്കിലും വലിയ ഡാറ്റാ പാക്കിന് ഇത്ര കുറഞ്ഞ നിരക്ക് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.

വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനദാതാവാകാന്‍ ജിയോക്ക് സാധിച്ചിരുന്നു. 5.2 കോടി ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡില്‍ ബിഎസ്എന്‍എലിന് ഒരു കോടി ഉപഭോക്താക്കളുണ്ട്. മൊബീല്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ രണ്ട് കോടി ഉപഭോക്താക്കളുമായി അഞ്ചാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. പുതിയ ഡാറ്റ ഓഫറില്‍ 78 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. സ്‌പെഷല്‍ താരിഫ് വൗച്ചറിലാണ് ഓഫര്‍ ലഭ്യമാകുക. നിലവിലുള്ള ഇന്റര്‍നെറ്റ് ഓഫറുകളുടെയും ഡാറ്റ നിരക്ക് ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 291 രൂപയുടെ പ്ലാനില്‍ രണ്ട് ജിബി ലഭിച്ചിരുന്നിടത്ത് ഇനി മുതല്‍ എട്ട് ജിബി ലഭിക്കും. നിലവില്‍ ലഭിക്കുന്നതില്‍ ഏറ്റവും കുറഞ്ഞ ഓഫറാണ് തങ്ങള്‍ നല്‍കുന്നതെന്ന് ബിഎസ്എന്‍എല്‍ ബോര്‍ഡ് ഉപഭോക്തൃ ക്ഷേമ ഡയറക്റ്റര്‍ ആര്‍ കെ മിത്തല്‍ അറിയിച്ചു.

Comments

comments

Categories: Tech
Tags: BSNL