യുഎസ്: യൂറോപ്പിന്റെ പുതിയ ഭീഷണി

യുഎസ്: യൂറോപ്പിന്റെ പുതിയ ഭീഷണി

70 വര്‍ഷമായി യൂറോപ്പിന്റെ ഏകീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഭാവിക്കും സുരക്ഷയ്ക്കും മാത്രമല്ല, ഉദാരസമീപനത്തില്‍ അധിഷ്ഠിതമായ ലിബറല്‍ ഡമോക്രസിക്കു വരെ ട്രംപ് ഭീഷണിയായി മാറുമെന്നു യൂറോപ്യന്‍ യൂണിയന്‍ ഭയപ്പെടുന്നു. ട്രംപിന്റെ സംരക്ഷണവാദവും യൂറോപ്യന്‍ യൂണിയനു നേര്‍ക്കുള്ള അധിക്ഷേപവും, നാറ്റോ സൈനിക സഖ്യത്തോട് പുലര്‍ത്തുന്ന പരസ്പര വിരുദ്ധമായ വൈകാരിക നിലപാടും വളരെ ഗൗരവമേറിയതും വിനാശകരവുമാണെന്നും ഇരു നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.

പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണു യൂറോപ്യന്‍ യൂണിയന്‍. അഭയാര്‍ഥി പ്രശ്‌നവും, തീവ്രവാദവും, ബ്രെക്‌സിറ്റുമെല്ലാം യൂറോപ്പിനു നല്‍കിയിരിക്കുന്ന തലവേദന നിസാരമല്ല. ഈ പ്രശ്‌നങ്ങളെ വിലയിരുത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി വെള്ളിയാഴ്ച മാള്‍ട്ടയുടെ തലസ്ഥാനമായ വലേറ്റയില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ പ്രതിനിധികളുടെ അനൗദ്യോഗിക യോഗം ചേര്‍ന്നു. പക്ഷേ യോഗത്തിലെ മുഖ്യ ചര്‍ച്ച യുഎസ് പ്രസിഡന്റ് ട്രംപിലേക്ക് തിരിഞ്ഞു.

യുഎസിന്റെ സഖ്യകക്ഷികളെന്നോ ശത്രു ചേരിയില്‍പ്പെട്ട രാജ്യമെന്നോ വ്യത്യാസമില്ലാതെ പെരുമാറുന്ന ട്രംപിനോട് എപ്രകാരമാണ് ഇടപെടേണ്ടതെന്നു പഠിക്കുകയാണ് ലോകരാഷ്ട്രങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും.അധികാരത്തിലേറി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ട്രംപ് മെക്‌സിക്കോ, ബ്രിട്ടന്‍, ജര്‍മനി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ വെറുപ്പ് സമ്പാദിക്കുകയുണ്ടായി. ചൈനയും ഇറാനുമായി വാക് പോരില്‍ ഏര്‍പ്പെടുകയും ചെയ്തു. വര്‍ഷങ്ങളായി യുഎസുമായി സുദൃഢബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. യുഎസിന്റെ സഖ്യകക്ഷി കൂടിയാണ്. ഇത്തരത്തില്‍ ബന്ധമുള്ള ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളുമായി കഴിഞ്ഞയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണം ട്രംപ് അവസാനിപ്പിച്ചത് നയതന്ത്ര പ്രതിസന്ധി തീര്‍ത്തു കൊണ്ടാണ്. രാഷ്ട്രനേതാക്കളോടു മാത്രമല്ല, യുഎന്‍, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളെയും സംഘടനകളെയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട് ട്രംപ്.

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും രാഷ്ട്ര നേതാക്കളെയും അധിക്ഷേപിച്ച ട്രംപ്, പ്രീണന രാഷ്ട്രീയത്തിന്റെ (populist) വക്താക്കളെയും ഏകാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രശംസിക്കുകയുണ്ടായി. ബ്രെക്‌സിറ്റിനു വേണ്ടി പ്രചാരണം നയിച്ച യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ മുന്‍ നേതാവ് നീല്‍ ഫാരെ, ഫിലിപ്പീന്‍സിലെ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

‘ഇത്രയും കാലം യുഎസ് ലോക രാഷ്ട്രങ്ങളില്‍നിന്നും പഴികേള്‍ക്കുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യുകയായിരുന്നു. ഇനി അത്തരം സാഹചര്യമുണ്ടാകാന്‍ അനുവദിക്കില്ല. യഥാര്‍ത്ഥത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കു മേലും സ്വാധീനം യുഎസിനുണ്ട്’ വ്യാഴാഴ്ച പ്രാതല്‍ കഴിക്കുന്നതിനു മുന്‍പ് ട്രംപ് സഹപ്രവര്‍ത്തകരോടായി പറയുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ ട്രംപില്‍നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണു യൂറോപ്യന്‍ യൂണിയനിലെ നേതാക്കള്‍ കണക്കുകൂട്ടുന്നത്. 70 വര്‍ഷമായി യൂറോപ്പിന്റെ ഏകീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്റെ ഭാവിക്കും സുരക്ഷയ്ക്കും മാത്രമല്ല, ഉദാരസമീപനത്തില്‍ അധിഷ്ഠിതമായ ലിബറല്‍ ഡമോക്രസിക്കു വരെ ട്രംപ് ഭീഷണിയായി മാറുമെന്നും അവര്‍ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്, 27 അംഗ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ തലവന്‍മാര്‍ക്ക് അയച്ച കത്തില്‍ ട്രംപ് ഭരണകൂടം സൃഷ്ടിക്കാന്‍ പോകുന്ന ഭീഷണികളെ കുറിച്ചു സൂചിപ്പിക്കുകയുണ്ടായി.
ട്രംപിന്റെ സംരക്ഷണവാദം (protectionism), യൂറോപ്യന്‍ യൂണിയനു നേര്‍ക്കുള്ള അധിക്ഷേപം, നാറ്റോ സൈനിക സഖ്യത്തോട് പുലര്‍ത്തുന്ന പരസ്പര വിരുദ്ധമായ വൈകാരിക നിലപാട് തുടങ്ങിയവയെല്ലാം വളരെ ഗൗരവമേറിയതും വിനാശകരവുമാണെന്നു ടസ്‌ക് സൂചിപ്പിക്കുകയുണ്ടായി.

യൂറോപ്പിന്റെ ഏകീകരണ ശ്രമങ്ങളെ തച്ചുതകര്‍ക്കാനും ട്രംപ് പദ്ധതിയിടുന്നുതായി ടസ്‌ക് ആരോപിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ അഭിപ്രായത്തില്‍ ലോകത്തിനു ഭീഷണിയായി പ്രവര്‍ത്തിക്കുന്നത് റഷ്യയും ചൈനയും ഇസ്ലാമിക മൗലികവാദവുമാണ്. ഈ വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കുന്നതില്‍ യുഎസ് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തിലേറിയതോടെ, ഈ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കുന്നതിനു പകരം അവരുടെ ശക്തി വര്‍ധിപ്പിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. ഇത് യൂറോപ്പിനെ ആശങ്കയിലാഴ്ത്തുന്നതായും ടസ്‌ക് സൂചിപ്പിച്ചു.

Comments

comments

Categories: Top Stories, World