യുബര്‍ മേധാവി ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സില്‍ വിട്ടു

യുബര്‍ മേധാവി ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സില്‍ വിട്ടു

കുടിയേറ്റത്തിനെതിരായ ഇടുങ്ങിയ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്നും കലാനിക്

സാന്‍ഫ്രാന്‍സിസ്‌കോ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സിലില്‍നിന്ന് യൂബര്‍ ടെക്‌നോളജീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ട്രാവിസ് കലാനിക് രാജിവെച്ചു. ഉപദേശക കൗണ്‍സില്‍ അംഗമായതിനെതിരെ ഇടപാടുകാരില്‍നിന്നും ഡ്രൈവര്‍മാരില്‍നിന്നും യൂബര്‍ മേധാവി വിമര്‍ശനം നേരിട്ടിരുന്നു.

കുടിയേറ്റം സംബന്ധിച്ച ട്രംപിന്റെ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബിസിനസ് ഉപദേശക കൗണ്‍സിലില്‍ അംഗമായ ട്രാവിസ് കലാനിക്കും യുഎസിലെ മറ്റ് ഒരു ഡസനിലധികം കമ്പനി മേധാവികളും സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. #DeleteUber എന്ന ക്യാംപെയ്ന്‍ സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചത് എതിരാളിയായ ലിഫ്റ്റിന് ഗുണം ചെയ്തിരുന്നു.

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും വിലക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരായ തന്റെ ആശങ്കകള്‍ പ്രസിഡന്റിനെ അറിയിച്ചതായി ട്രാവിസ് കലാനിക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. താന്‍ ഇനി ബിസിനസ് ഉപദേശക കൗണ്‍സിലില്‍ ഉണ്ടാകില്ലെന്ന് നാല്‍പ്പതുകാരനായ യൂബര്‍ മേധാവി ട്രംപിനെ അറിയിച്ചു.

കുടിയേറ്റവും അഭയാര്‍ത്ഥികളോടുള്ള തുറന്ന സമീപനവും നമ്മുടെ രാജ്യത്തിന്റെയും, സത്യസന്ധമായി പറഞ്ഞാല്‍ യൂബറിന്റെയും വിജയത്തില്‍ നിര്‍ണായകമാണെന്ന് ട്രംപിനുള്ള കത്തില്‍ കലാനിക് ഓര്‍മിപ്പിച്ചു. കുടിയേറ്റവിരുദ്ധ നിലപാടിനോടുള്ള പലവിധ പ്രതിഷേധങ്ങളിലൊന്നാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കലാനിക് കൗണ്‍സിലില്‍ തുടരുന്നില്ലെന്ന് അറിയിച്ചത്. പ്രസിഡന്റിന്റെ ഉത്തരവ് അമേരിക്കയിലുടനീളമുള്ള വിവിധ സമുദായങ്ങളെ വേദനിപ്പിക്കുന്നതാണെന്നും കലാനിക് തുറന്നടിച്ചു.

ബ്ലാക്‌റോക്, ബ്ലാക്‌സ്‌റ്റോണ്‍ ഗ്രൂപ്പ്, ജനറല്‍ മോട്ടോഴ്‌സ്, ഐബിഎം, ടെസ്‌ല, വാള്‍ട്ട് ഡിസ്‌നി സിഇഒ മാരും ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് ഉപദേശക കൗണ്‍സിലില്‍ അംഗങ്ങളാണ്.

Comments

comments

Categories: Slider, World