എസ്ബിടി പലിശേതര വരുമാനം 60 % വര്‍ധിച്ചു; ചില്ലറ നിക്ഷേപത്തിലും വര്‍ധന

എസ്ബിടി പലിശേതര വരുമാനം 60 % വര്‍ധിച്ചു; ചില്ലറ നിക്ഷേപത്തിലും വര്‍ധന

തിരുവനന്തപുരം: 2016 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ എസ്ബിടി 440.74 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.72 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ട്രഷറിയിടപാടുകള്‍ മികച്ച ലാഭം നേടിത്തന്നതിനു പുറമേ പലിശേതര വരുമാനത്തിലുണ്ടായ കുതിച്ചുകയറ്റമാണ് പ്രവര്‍ത്തന ലാഭത്തില്‍ പ്രതിഫലിച്ചത്. പലിശേതര വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 733.58 കോടിയില്‍ നിന്നും 59.69 ശതമാനം വര്‍ധിച്ച് 1171.43 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12,905 കോടി രൂപയുടെ നിക്ഷേപ വളര്‍ച്ചയാണ് ഉണ്ടായത്. ഇതില്‍ 9241 കോടി രൂപയുടേത് കാസ നിക്ഷേപങ്ങളായിരുന്നു. 72 ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാസ നിക്ഷേപങ്ങളിലുണ്ടായിട്ടുള്ളത്.

പ്രവര്‍ത്തന ലാഭം വര്‍ധിച്ചെങ്കിലും ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തിക്കു വേണ്ടിയുള്ള നീക്കിയിരുപ്പ്, നികുതി എന്നിവ കാരണം 67.76 കോടി രൂപയുടെ നഷ്ടമാണ് മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ പ്രവര്‍ത്തന ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1250.86 കോടി രൂപയില്‍ നിന്ന് 8.73 ശതമാനം വര്‍ധിച്ച് 1360.03 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തികള്‍ക്കുള്ള മുന്‍കരുതലും നികുതിയും കാരണം 1398.34 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്.

പലിശച്ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ചെലവേറിയ നിക്ഷേപങ്ങളും വന്‍കിട നിക്ഷേപങ്ങളും കുറച്ച് ചില്ലറ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ബാങ്ക് ശ്രമിച്ചത്. 2015-16 മൂന്നാംപാദത്തില്‍ വന്‍ നിക്ഷേപങ്ങള്‍ മൊത്തം നിക്ഷേപത്തില്‍ 10.13 ശതമാനമായിരുന്നത് 21016-17 മൂന്നാംപാദത്തില്‍ 7.19 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്ന് എസ്ബിടി മാനേജിംഗ് ഡയറക്റ്റര്‍ സി ആര്‍ ശശികുമാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ കാസ നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 31.89 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 36.42 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൊത്തം വായ്പകള്‍ 2015 ഡിസംബര്‍ 31ലെ 67,241 കോടി രൂപയില്‍ നിന്ന് 66,865 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. വ്യക്ത്യാധിഷ്ഠിത വായ്പകള്‍ 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ചെറുകിട-ഇടത്തരം സംരംഭകത്വ വായ്പകള്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഡിസംബര്‍ 31 വരയുള്ള കണക്ക് പ്രകാരം ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയാസ്തി 12.22 ശതമാനമായിട്ടുണ്ട്. അസ്സല്‍ നിഷ്‌ക്രിയാസ്തി 8.03 ശതമാനമാണ്. റിസര്‍വ ബാങ്ക് നിഷ്‌കര്‍ഷിച്ചതിലും അധികമായി പ്രായോഗിക മുന്‍കരുതല്‍ എടുത്തിട്ടുള്ളതിനാല്‍ നിഷ്‌ക്രിയാസ്തി ഉള്‍ക്കൊള്ളല്‍ അനുപാതം 49.37 ശതമാനമായിട്ടുണ്ട്.

Comments

comments

Categories: Banking