ഇന്ത്യയുടെ ആഗോള എണ്ണ കമ്പനി

ഇന്ത്യയുടെ ആഗോള എണ്ണ കമ്പനി

എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാന്‍ പാകത്തിലുള്ള വന്‍ എണ്ണ കമ്പനി തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം സ്വാഗതാര്‍ഹമാണ്

ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ വന്‍ ആധിപത്യം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വലിയ നിക്ഷേപങ്ങളും മറ്റും ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള ആഗോള എണ്ണ കമ്പനി സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഈ പശ്ചാത്തലത്തിലാണ്. എക്‌സോണ്‍മൊബീല്‍ കോര്‍പ്പ്, റോയല്‍ ഡച്ച് ഷെല്‍ പിഎല്‍സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടേതിന് സമാനമായ സംരംഭമാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഓഹരിയുടമകള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്ന ഇത്തരമൊരു സമഗ്ര ഓയില്‍ കമ്പനി തുടങ്ങുമെന്ന കാര്യം കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ പൊതുമേഖലാ കമ്പനികളെ സംയോജിപ്പിച്ചായിരിക്കും ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുക. ഇത് കമ്പനികളുടെ കാര്യനിര്‍വഹണശേഷി മെച്ചപ്പെടുന്നതിനും ആഗോള തലത്തില്‍ കൂടുതല്‍ മത്സരക്ഷമത കൈവരിക്കുന്നതിനും സഹായിക്കും.

എണ്ണ വിപണിയിലെ പൊതുമേഖലാ കമ്പനികളുടെ ഏകീകരണത്തിലൂടെ ഇന്ത്യക്ക് ആഗോള വിപണിയില്‍ ശക്തി കാട്ടാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിപണിയില്‍ കമ്പനികളുടെ എണ്ണം കുറയ്ക്കുന്ന നടപടിയാണ് ഇതെങ്കിലും ആരോഗ്യകരമായ നീക്കമായി വേണം ഇതിനെ കാണാനെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പ് ലിമിറ്റഡ് (ഒഎന്‍ജിസി), ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ്, നുമലിഗഡ് റിഫൈനറി ലിമിറ്റഡ്, ചെന്നൈ പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ബാല്‍മെര്‍ ലൗറി ആന്‍ഡ് കമ്പനി ലിമിറ്റഡ്, ബെയ്‌കോ ലൗറി കമ്പനി ലിമിറ്റഡ് എന്നിവയാണ് നിലവില്‍ രാജ്യത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍.

ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യകത ബ്രിക്‌സിലെ മറ്റ് രാജ്യങ്ങളെ (ബ്രസീല്‍, റഷ്യ, ചൈന) അപേക്ഷിച്ച് വളരെ വേഗത്തിലാണ് വര്‍ധിക്കുന്നത്. ഒരു വന്‍കിട എണ്ണ കമ്പനിയുടെ സാധ്യതകള്‍ അതുകൊണ്ടുതന്നെ പ്രസക്തമാകുന്നു. എണ്ണ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കാനും ഇത്തരമൊരു സംരംഭം സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കമ്പനികളുടെ പ്രകടനത്തെ ബാധിക്കാത്ത തരത്തില്‍ മാനേജ് ചെയ്യാനും പുതിയ കമ്പനി വരുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Editorial, Slider