ബജറ്റ് സന്തുലിതം,പുരോഗമനപരം, സ്വീകാര്യം… ബിസിനസ് രംഗത്തെ പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്

ബജറ്റ് സന്തുലിതം,പുരോഗമനപരം, സ്വീകാര്യം… ബിസിനസ് രംഗത്തെ പ്രമുഖരുടെ പ്രതികരണങ്ങളിലേക്ക്

നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് സാമ്പത്തികരംഗത്തു വന്നുചേര്‍ന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലായരുന്നു ധനമന്ത്രി അരുണ്‍ജെയ്റ്റ് ലി നാലാമതു ബജറ്റവതരിപ്പിച്ചത്. എന്നാല്‍ പ്രതിസന്ധികളെ വളരെ പക്വതയോടെ അതിജീവിക്കാന്‍ ശേഷിയുള്ള പ്രഖ്യാപനങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. സാധാരണഗതിയില്‍ സര്‍ക്കാരിന്റെ വരവുചെലവുകളും ധനകാര്യവീക്ഷണവുമെന്നതിനപ്പുറം വികസിതപദവിയിലേക്കു കുതിച്ചു കയറുന്ന സാമ്പത്തികശക്തിയുടെ ഗതിവേഗം ശ്രദ്ധാപൂര്‍വ്വം തിരിച്ചുവിടേണ്ട ചുമതല കൂടി അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. നോട്ട് പിന്‍വലിക്കല്‍ മൂലം അപ്രതീക്ഷിതമായി വീണ കടിഞ്ഞാണ്‍ കുരുക്കാകാതെ ശ്രദ്ധാപൂര്‍വ്വം അഴിച്ച് ഗതിയെ ലക്ഷ്യസ്ഥാനത്തേക്ക് അടുപ്പിക്കേണ്ട ബാധ്യതയും ജയ്റ്റ്‌ലിയില്‍ വന്നു ചേര്‍ന്നു. വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കുന്നതിനൊപ്പം പരിഷ്‌കരണ നടപടികള്‍ സുഗമമാക്കുന്നതിനും ജിഎസ് ടി പോലുള്ള ഭാവി നടപടികള്‍ക്കാവശ്യമായ കളമൊരുക്കുന്നതിനുമുള്ള ദീര്‍ഘവീക്ഷണവും അവധാനതയും പാലിക്കേണ്ടി വന്നതും ദൗത്യം ശ്രമകരമാക്കി. റെയ്ല്‍ ബജറ്റ് ഏറ്റെടുക്കലും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം വേറെ. സര്‍വ്വോപരി ഇളവുകള്‍ക്കായുള്ള ശരാശരി ഭാരതീയന്റെ സഹജാഭിവാഞ്ജ കൂടി പരിഗണിക്കുമ്പോള്‍ ജയ്റ്റ് ലി പാസ് മാര്‍ക്ക് നേടിയെന്നാണ് പൊതുവിലയിരുത്തല്‍. ബജറ്റ് നേരിട്ടു ബധിക്കുന്ന വ്യവസായ രംഗത്തെ പ്രമുഖര്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ ഒരേ അഭിപ്രായക്കാരാണ്.

ബജറ്റ് ഏറെ പുരോഗമനപരം
സാമ്പത്തികസ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം പൊതുബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ വളരെ പുരോഗമനപരമാണ്. സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ബജറ്റ് ആയതുകൊണ്ട് തന്നെ ചെറുകിടവായ്പ മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. അഫോര്‍ഡബിള്‍ ഹൗസിംഗ് മേഖലയ്ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദവി അനുവദിച്ചത് ധനലഭ്യത കൂട്ടും. അഞ്ച് ലക്ഷം വരെയുള്ള ആദായനികുതി നിരക്ക് പത്ത് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചത് സാധാരണക്കാരുടെ നിക്ഷേപം വര്‍ദ്ധിക്കുന്നതിന് ഉപകരിക്കും. എല്ലാത്തിലും ഉപരിയായി അര്‍ദ്ധനഗര പ്രദേശങ്ങളുടെയും ഗ്രാമപ്രദേശങ്ങളുടെയും നല്ല രീതിയിലുള്ള നടത്തിപ്പിലാണ് ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ആദായ നികുതി നിരക്ക് കുറച്ചത് പോലെ തന്നെ 50 കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട കമ്പനികള്‍ക്കുള്ള ഇന്‍കം ടാക്‌സ് 30 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറച്ചതും ഏറെ ഗുണകരമാണ്. ചെറുകിട ഇടത്തരം നികുതി ദായകര്‍ക്ക് ഏറെ ആശ്വാസമാണ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ്.

tHOMAS JOHN MUTHOOT

തോമസ് ജോണ്‍ മുത്തൂറ്റ്, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്

 

സന്തുലിതബജറ്റ്

2017 – 18 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രബജറ്റ് വളരെ സന്തുലിതമായ ഒന്നാണ്. സാമ്പത്തിക മുന്‍കരുതല്‍ ലക്ഷ്യം വെക്കാതെ സ്ഥിരതയില്ലാത്ത സമ്പദ് വ്യവസ്ഥയെ മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. ഗ്രാമീണ സമ്പദ് വ്യവസ്ഥ, കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, നികുതി തുടങ്ങി നിര്‍ണ്ണായകമേഖലകള്‍ക്കെല്ലാം ഊന്നല്‍ നല്‍കുന്നതിന് ധനമന്ത്രിക്ക് ഈ ബജറ്റില്‍ സാധിച്ചിട്ടുണ്ട്. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വളര്‍ച്ച ത്വരിതപ്പെടുത്തുക, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുക തുടങ്ങിയ കാര്യങ്ങൡ ധനമന്ത്രി ശ്രദ്ധ നല്‍കിയിട്ടുണ്ട്.

Mr. George Alexander Muthoot, MD, Muthoot Finance

ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മാനേജിംഗ് ഡയറക്റ്റര്‍ മുത്തൂറ്റ് ഫിനാന്‍സ്

 

അഫോഡബിള്‍ ഹൗസിംഗ് മേഖലയ്ക്ക് പ്രോത്സാഹനം

അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയ ബജറ്റായിരുന്നു ഈ വര്‍ഷത്തേത്. അഫോഡബിള്‍ ഹൗസിംഗ് മേഖലയ്ക്ക് അനുകൂലമായ മാറ്റങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി വീട് വാങ്ങുന്ന ആള്‍ക്കാര്‍ക്ക് അധിക വരുമാന നികുതി ഏര്‍പ്പെടുത്തിയിട്ടുമില്ല. ഭവന വായ്പകള്‍ക്കും ഹൗസ് ഇന്‍ഷൂറന്‍സ് പ്രീമിയത്തിനും ഉയര്‍ന്ന നികുതിയിളവുകളാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് നേരായ നികുതി ഇളവുകളും ഈ ബജറ്റ് നല്‍കിയിട്ടുണ്ട്. ഇടത്തരം വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ക്കായി 1000 കോടി രൂപയുടെ സാമഗ്രികള്‍ നല്‍കുന്ന പുതിയ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎല്‍എസ്എസ്) ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ഈ പദ്ധതിയ്ക്ക് കീഴില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന ലോണുകള്‍ തിരിച്ചടയ്‌ക്കേണ്ട കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇവയ്‌ക്കെല്ലാമുപരിയായി 2019 ആകുമ്പോഴേക്കും ഭവനരഹിതര്‍ക്കായി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കും എന്ന തീരുമാനം ഏറെ മികച്ചതാണ്. ഗ്രാമീണ മേഖലയുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രി ആവാസ് യോജനയിലെ നീക്കിയിരുപ്പ് 15,000 കോടിയില്‍ നിന്ന് 23,000 കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

anuj-puri-chairman-country-head-jones-lang-lasalle

അനുജ് പൂരി, ചെയര്‍മാന്‍ ആന്‍ഡ് കണ്‍ട്രി ഹെഡ്, ജെഎല്‍എല്‍ ഇന്ത്യ

 

ബജറ്റില്‍ ക്യാഷ്‌ലെസ് ഇക്കണോമിയ്ക്ക് വേണ്ടിയുള്ള ഒരു മുന്നൊരുക്കം

കള്ളപ്പണത്തെ തടയുന്നതിനു വേണ്ടി നോട്ട് പിന്‍വലിച്ചതിനു നടത്തിയതിനു ശേഷം സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് അറിയുന്നതിനു വേണ്ടി എല്ലാവരും കാത്തിരുന്ന ഒരു ബജറ്റായിരുന്നു 2017-18 വര്‍ഷത്തേത്. ഈ തീരുമാനം ദ്രുതഗതിയിലാക്കിയ വിപണികളെല്ലാം ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം എന്തെന്ന് അറിയുന്നതിനുവേണ്ടി ഏറെ പ്രതീക്ഷയിലായിരുന്നു ബജറ്റിനായി കാത്തിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് ഇനത്തില്‍ നല്‍കാവുന്ന പണം 2000 രൂപയാക്കി ചുരുക്കിയിട്ടുണ്ട്. പണമിടപാടുകള്‍ മൂന്നുലക്ഷം രൂപയിലേക്ക് പരിമിതപ്പെടുത്തിയതും മികച്ച തീരുമാനം തന്നെ. 2018 സാമ്പത്തിക വര്‍ഷം ആകുമ്പോഴേക്കും സാമ്പത്തിക കമ്മി ജിഡിപിയുടെ 3.2 ശതമാനം ആകുമെന്ന കാര്യവും ഈ വര്‍ഷത്തെ ബജറ്റ് ഉറപ്പ് നല്‍കുന്നുണ്ട്. വരുംവര്‍ഷം എഫ്ആര്‍ബിഎം ടാര്‍ഗെറ്റ് മൂന്ന് ശതമാനം നേടിയെടുക്കുകയും ചെയ്യും. ഇത് വിദേശത്ത് നിന്നുമുള്ള നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ഏറെ ഉപകരിക്കും. അടിസ്ഥാനവികസനരംഗത്തും ഏറെ പ്രതീക്ഷ നല്‍കിയ ഒരു ബജറ്റായിരുന്നു ഇത്. റോഡുകളുടെയും ഹൈവേകളുടെയും നിര്‍മാണത്തിനായി കഴിഞ്ഞ വര്‍ഷം വകയിരുത്തിയതിനേക്കാള്‍ 97,000 കോടി രൂപ അധികം നല്‍കുന്നതിനും ഈ വര്‍ഷത്തെ ബജറ്റ് തീരുമാനമായി. പുനരോപയോഗ ഊര്‍ജ മേഖലയിലെ മൂലധന ചെലവിനും നല്ലൊരു പണം തന്നെ നല്‍കുകയുണ്ടായി.
ക്യാഷ്‌ലെസ് ഇക്കണോമിയ്ക്ക് വേണ്ടിയുള്ള ഒരു മുന്നൊരുക്കം തന്നെ ഈ ബജറ്റ് കാഴ്ച വെച്ചിട്ടുണ്ട്. ക്യാഷ്‌ലെസ് ഇടപാടുകള്‍, ഓണ്‍ലൈന്‍ റെയില്‍വേ ബുക്കിംഗ് തുടങ്ങിയവയ്ക്ക് ആവശ്യമായ പ്രോത്സാഹനമാണ് നല്‍കിയത്. അഫോര്‍ഡബിള്‍ ഹൗസിംഗ് മേഖലയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്ന വിധത്തിലായിരുന്നു ബജറ്റ് അവതരണം.
എന്നാല്‍ സ്വകാര്യ നിക്ഷേപ മേഖലയ്ക്ക് വേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നല്‍കാത്ത ഒരു ബജറ്റാണിത്. സ്വകാര്യ നിക്ഷേപ മേഖല ഏറെ ദുര്‍ബലമാണിപ്പോള്‍. രാജ്യത്തിന്റെ നിക്ഷേപങ്ങളില്‍ മൂന്നില്‍ രണ്ട് ശതമാനം സംഭാവന നല്‍കുന്ന മേഖലയും ഇതു തന്നെ. അതുകൊണ്ട് തന്നെ നല്ലൊരു നീക്കിയിരുപ്പ് തന്നെ ഈ മേഖല അര്‍ഹിച്ചിരുന്നു. വിദ്യാഭ്യാസ ആരോഗ്യ മേഖലകളായിരുന്നു വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ മറ്റൊന്ന്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ആരോഗ്യ,വിദ്യാഭ്യാസ മേഖലകള്‍ക്കായി ഏറ്റവും കുറവ് പണം നീക്കിയിരുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ രംഗത്തേക്ക് കൂടുതല്‍ നീക്കിയിരുപ്പുകള്‍ നടത്തുന്നത് സ്വാഗതാര്‍ഹമായിരുന്നു. നമ്മുടെ സാമ്പത്തികസ്ഥിതി ഇപ്പോള്‍ അല്‍പം പരുങ്ങലിലാണ് എന്നതു കൊണ്ടാണ് ഈ മേഖലകള്‍ക്ക് അധികം ശ്രദ്ധ ലഭിക്കാതെ പോയത്. ഈ രംഗത്തെ ചില കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ പരിഗണനകളൊന്നും ഉണ്ടായിട്ടുമില്ല. എന്നിരുന്നാല്‍പ്പോലും നോട്ട് അസാധുവാക്കല്‍ നടന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷിച്ച രീതിയിലുള്ള ബജറ്റ് തന്നെയാണ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്.

-amit-kapoor-chairman-institute-of-competitiveness

അമിത് കപൂര്‍
ചെയര്‍മാന്‍ ,
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റിവ്‌നെസ്, ഇന്ത്യ

 

അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയത് പ്രതീക്ഷാവഹം
ഗ്രാമീണമേഖലയ്ക്കും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും അടിസ്ഥാന സൗകര്യവികസനം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണിത്. സാമ്പത്തികവളര്‍ച്ചയുടെയും വരുമാനവിതരണത്തിന്റെയും കാര്യത്തില്‍ ഏറെ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമായാണ് ഇന്ത്യയെ പരിഗണിക്കുന്നത്. ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനാണ് ബജറ്റ് ശ്രമിക്കുന്നത്. എയര്‍പോര്‍ട്ട്, ഹൈവേ തുടങ്ങിയവയ്ക്ക് വന്‍തുക മാറ്റിവെച്ചത് അടിസ്ഥാന സൗകര്യവികസനത്തിന് വന്‍പ്രാധാന്യം നല്‍കിയതിന്റെ സൂചനയാണ്. ഇത് ഓട്ടോമൊബീല്‍ രംഗത്തെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1,87,223 കോടി രൂപ വകയിരുത്തിയത് അനുകൂലമായാണ് കാണുന്നത്. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിന്റെ തടസങ്ങള്‍ നീക്കുമെന്നും നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട് കാര്യമായ മാറ്റങ്ങളൊന്നും ബജറ്റില്‍ ഇല്ല. ആഢംഭര കാര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് പ്രേരണയാവുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്ക് സേവന നികുതി ഓട്ടോമൊബീല്‍ രംഗത്തിന്, പ്രധാനമായും ആഢംബര കാര്‍ വിപണിക്ക് ഉത്തേജനം പകരുമെന്നാണ് കരുതുന്നത്.

BENZ

റൊലാന്റ് ഫോള്‍ഗര്‍
എംഡി, സിഇഒ
മെര്‍സിഡസ് – ബെന്‍സ് ഇന്ത്യ

മികച്ച ബജറ്റ്

കാര്‍ഷിക മേഖല, ഗ്രാമ വികസനം, ഹൗസിംഗ്, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ മികച്ച ബജറ്റാണ് ഇത്. സാമ്പത്തിക വളര്‍ച്ചയും സമത്വവും വിഭാവനം ചെയ്യുന്ന തരത്തിലുള്ളതാണ് ബജറ്റ്. കാര്‍ഷിക മേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചില തീരുമാനങ്ങള്‍ സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പക്ഷപാതരഹിതമായ ക്രമം കൊണ്ടുവരും. ഡിജിറ്റലൈസേഷന് ഊന്നല്‍ നല്‍കിയത് ബാങ്കുകളെ സാങ്കേതിക മുന്നേറ്റത്തിലേക്ക് നയിക്കും. 2017 – 18 വര്‍ഷത്തെ സാമ്പത്തിക കമ്മി 3.2 ശതമാനമായിരിക്കും. സര്‍ഫേസി ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതും ബാങ്കുകള്‍ക്ക് ഉപകാരപ്രദമായിരിക്കും.

CANARA

രാകേഷ് ശര്‍മ
എംഡി, സിഇഒ
കാനറ ബാങ്ക്

മികച്ചത്; സ്വീകാര്യം

2017 – 2018 കാലയളവിലേക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റ് മികച്ചതും പൊതുവെ സ്വീകാര്യവുമാണ്. രാജ്യത്തെ കാര്‍ഷിക മേഖലയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ്, നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്ത് സൃഷ്ടിച്ച താല്‍ക്കാലിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലുള്ള വന്‍ നിക്ഷേപം വിപണിയിലേക്ക് കൂടുതല്‍ പണമൊഴുക്കും. അതുമൂലം ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവും സമ്പദ്‌വ്യവസ്ഥയില്‍ അഭിവൃദ്ധിയും സൃഷ്ടിക്കും. ആദായ നികുതിയിലുള്ള ഇളവ് സാധാരണക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും. ആഭ്യന്തര ടൂറിസം മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടൂറിസം സോണുകള്‍ക്കുള്ള നിര്‍ദ്ദേശവും പി.പി.പി മോഡല്‍ ടയര്‍-ടു നഗരങ്ങളില്‍ വിമാനത്താവളങ്ങളുടെ വികസനവും സ്വാഗതാര്‍ഹമായ തീരുമാനങ്ങളാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതും, പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള തീരുമാനവും ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലെത്തിക്കുവാനുള്ള ഉറച്ച കാല്‍വെയ്പ്പുകള്‍ തന്നെയാണ്.

Adeeb Ahamed(1)
അദീബ് അഹമ്മദ്
എം.ഡി,
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്

 

ഹൈടെക് ബജറ്റ്

സാമൂഹ്യ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഹൗസിംഗ്, എംഎസ്എംഇ സെക്റ്റര്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുക വഴി സര്‍ക്കാര്‍ ധീരവും പ്രോയോഗികവുമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. സാധാരണക്കാര്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കിയത് ഉപഭോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന തീരുമാനം ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ബജറ്റിന്റെ ട്രാന്‍സ്‌ഫോം, എനര്‍ജൈസ്, ക്ലീന്‍ എന്നീ അജണ്ടകള്‍ സമ്പദ്‌വ്യവസ്ഥയില്‍ ഹ്രസ്വകാല – ദീര്‍ഘകാല ഫലങ്ങള്‍ ഉണ്ടാക്കും. പ്രധാനമായും ബാങ്കിംഗ് മേഖലയില്‍ ഇത് വളര്‍ച്ച കൊണ്ട് വരും.

Mr Rana Kapoor

റാണ കപൂര്‍
എംഡി, സിഇഒ
യെസ് ബാങ്ക്

Comments

comments

Categories: FK Special, Slider