ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 1085 രൂപയ്ക്ക്

ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 1085 രൂപയ്ക്ക്

34.62% റെക്കോഡ് പ്രീമിയമാണ് ബിഎസ്ഇ സ്വന്തമാക്കിയത്

ന്യൂഡെല്‍ഹി: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരികള്‍ എതിരാളികളായ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത് 34.62% റെക്കോഡ് പ്രീമിയം സ്വന്തമാക്കിക്കൊണ്ട്. ഇഷ്യൂ വില 806 രൂപയായിരുന്ന ബിഎസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത് 1085 രൂപയ്ക്ക്. ഇന്നലെ ലിസ്റ്റിംഗ് പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കകം തന്നെ ഇഷ്യൂ വിലയേക്കാള്‍ 49 ശതമാനം ഉയര്‍ന്ന വിലയ്ക്കായിരുന്നു ബിഎസ്ഇ ഓഹരികളുടെ വില്‍പ്പന. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്യപ്പെടുന്നത്.

2017ല്‍ അരങ്ങേറിയ ആദ്യ ഐപിഒ ആയിരുന്നു ബിഎസ്ഇ യുടേത്. ജനുവരി 23 മുതല്‍ 25 വര നടന്ന ഐപിഒ യില്‍ 51 മടങ്ങ് അപേക്ഷകരാണ് ഐപിഒ ഓഹരികള്‍ക്ക് ലഭിച്ചത്. മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്റെ കാര്യത്തില്‍ ലോകത്തില്‍ പത്താം സ്ഥാനത്തു നില്‍ക്കുന്ന ബിഎസ്ഇ ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണിയാണ്. സെക്യൂരിറ്റി സെര്‍വീസ് മേഖലയില്‍ നിന്നാണ് ബിഎസ്ഇ ക്ക് വരുമാനത്തിന്റെ 57 ശതമാനവും ലഭ്യമാകുന്നത്. മൂവായിരത്തോളം കമ്പനികളാണ് ബിഎസ്ഇ യില്‍ ട്രേഡ് ചെയ്യുന്നത്.

നിലവില്‍ ബിഎസ്ഇ ഓഹരികള്‍ അല്‍പ്പം ഉയര്‍ന്ന വിലയിലാണെങ്കിലും ഹ്രസ്വ-ഇകാല പരിഗണനയില്‍ നേട്ടം ഉറപ്പാണെന്നാണ് വിദഗ്ദര്‍ പൊതുവേ വിലയിരുത്തുന്നത്. ഹ്രസ്വകാല പരിഗണനയില്‍ തന്നെ 20 ശതമാനം മുന്നേറ്റം ബിഎസ്ഇ ഓഹരികള്‍ക്ക് ഉണ്ടാകുമെന്നാണ് ഐഡിബി ഐ കാപ്പിറ്റല്‍ മാര്‍ക്കറ്റിന്റെ റിസര്‍ച്ച് ഹെഡ് എകെ പ്രഭാകര്‍ വിലയിരുത്തുന്നത്. വിലയിടിയുമ്പോള്‍ വിറ്റഴിക്കാന്‍ നോക്കാതെ കുറച്ചുകൂടി ഓഹരികള്‍ വാങ്ങിക്കുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സവിശേഷമായ ബിസിനസ് മാതൃക കാരണം ദീര്‍ഘകാലാടിസ്ഥാനത്തിലും ബിഎസ്ഇ ഓഹരികള്‍ നേട്ടമാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇക്വിണോമിക്‌സ് റിസര്‍ച്ച്& അഡൈ്വസറിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജി ചൊക്കലിംഗത്തിന്റെ അഭിപ്രായത്തില്‍ ബിഎസ്ഇ ഓഹരികള്‍ മതിയായ വിലയ്ക്കാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും ഹ്രസ്വ-ഇടത്തരം കാലയളവിലേക്ക് പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും നേട്ടം നല്‍കുന്ന ഓഹരിയാണ് ബിഎസ്ഇ യുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: Business & Economy
Tags: BSE