ടാമോ; പുതിയ ഉപബ്രാന്‍ഡുമായി ടാറ്റ മോട്ടോഴ്‌സ്

ടാമോ; പുതിയ ഉപബ്രാന്‍ഡുമായി ടാറ്റ മോട്ടോഴ്‌സ്

മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ ടാമോയുടെ ആദ്യ മോഡല്‍ കമ്പനി അവതരിപ്പിക്കും

മുംബൈ: പാസഞ്ചര്‍ വാഹന വിപണിയില്‍ പുതിയ തന്ത്രവുമായി ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സിന്റെ ചുരുക്കപ്പേരായ ടാമോ എന്ന പുതിയ ഉപബ്രാന്‍ഡ് കമ്പനി അവതരിപ്പിച്ചു. ഫ്യൂച്ചര്‍ മൊബിലിറ്റി എന്നാണ് ടാമോയെ കമ്പനി വിശേഷിപ്പിക്കുന്നത്. പുതിയ സാങ്കേതികതയും നൂതന ആശയങ്ങളുടെ കേന്ദ്രവുമായിട്ടായിരിക്കും ടാമോ പ്രവര്‍ത്തിക്കുക. വാഹന വിപണിയിലെ ടെക്‌നോളജി, ഇന്നൊവേഷന്‍ എന്നീ രംഗത്തുള്ള ആഗോള കമ്പനികളുമായി ടാമോ ഇതിനോടകം തന്നെ ബന്ധം സ്ഥാപിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ടെക്‌നോളജിക്ക് പ്രധാന്യം നല്‍കുന്ന വാഹനങ്ങള്‍ നിര്‍മിക്കാനാണ് ടാമോ ലക്ഷ്യമിടുന്നത്.

കുറഞ്ഞ നിക്ഷേപത്തില്‍ കുറഞ്ഞയളവില്‍ വാഹനം നിര്‍മിക്കാനാണ് ടാമോയിലൂടെ ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം വില്‍പ്പന ശൃംഖല നെക്‌സ രീതിയില്‍ പുതിയ റീട്ടെയ്ല്‍ വില്‍പ്പനശൃംഖല ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

ടാമോയുടെ കീഴില്‍ ആദ്യമായ രണ്ടു സീറ്റുള്ള സ്‌പോര്‍ട്‌സ് കാറാണെന്ന് സൂചനയുണ്ട്. കമ്പനിയുടെ ഇറ്റലിയുള്ള ഡിസൈനിംഗ് കേന്ദ്രത്തില്‍ ഈ കാറിന്റെ പ്രോടൈപ്പ് നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടാമോ പുതിയ കാര്‍ വിപണിയിലെത്തിക്കുമെന്നാണ് വിലയിരുത്തലുകള്‍.

പാസഞ്ചര്‍ കാര്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ രൂപകല്‍പ്പനയില്‍ പുതിയ സാധ്യതതുറക്കുകയാണ് ടാമോ എന്നാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ഉടമസ്ഥരായ കമ്പനി വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട വളര്‍ച്ച, കോസ്റ്റ് മാനേജ്‌മെന്റ്, ഘടന മെച്ചപ്പെടുത്തല്‍, ഉപഭോക്താക്കളെ കേന്ദ്രീകരിക്കുക, പുതിയ യാത്രാ പരിഹാരങ്ങള്‍ തുടങ്ങിയ തീമിലാണ് കമ്പനി ഗെയിം പ്ലാന്‍ തയാറാക്കിയിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡിയും സിഇഒയുമായ ഗ്യുന്‍ടെര്‍ ബുഷെക് വ്യക്തമാക്കി. ദ്രുതഗദിയില്‍ മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ കമ്പനിയുടെ ഭാവി സുരക്ഷിതമാക്കുന്നതിന് നൂതന രീതിയിലുള്ള യാത്രസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ടാമോയിലൂടെ കമ്പനിക്ക് ഇത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് ഏഴ് മുതല്‍ ആരംഭിക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ ടാമോയുടെ ആദ്യ മോഡല്‍ കമ്പനി അവതരിപ്പിക്കും. ടാറ്റ മോട്ടോഴ്‌സില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഇടത്തരം എന്‍ജിനുള്ള സ്‌പോര്‍ട്‌സ് കാറാകും ഇതെന്നാണ് സൂചന.

Comments

comments

Categories: Auto
Tags: Tamo, TataMotor