ധനനയം ;ആര്‍ബിഐ പലിശ നിരക്കുകള്‍ താഴ്ത്തിയേക്കും

ധനനയം ;ആര്‍ബിഐ പലിശ നിരക്കുകള്‍ താഴ്ത്തിയേക്കും

ബെംഗളൂരു: അടുത്തയാഴ്ച ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ കുറച്ചേക്കും. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയശേഷം സമ്പദ്‌വ്യവസ്ഥയിലെ ആവശ്യകതയും ഉപഭോഗവും കുറഞ്ഞത് തിരികെയെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്‍ബിഐക്കുള്ളത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പകുതിയിലധികം ഉപഭോക്തൃ ചെലവിടല്‍ നടക്കുന്ന രാജ്യത്ത് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സമ്പദ്‌വ്യവസ്ഥയെ ആകെ പിടിച്ചുകുലുക്കിയിരുന്നു.

വലിയ മാന്ദ്യം നേരിടേണ്ടിവരുമെന്ന ആശങ്കയും കുറഞ്ഞ നാണ്യപ്പെരുപ്പവും കാരണം പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് ഡിസംബറിലെ ധനനയ അവലോകനത്തിനു മുന്നോടിയായി ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 6.25 ശതമാനമെന്ന പലിശ നിരക്ക് മാറ്റാന്‍ കേന്ദ്ര ബാങ്ക് തയാറായില്ല. നോട്ട് അസാധുവാക്കിയതിന്റെ പ്രത്യാഘാതം പൂര്‍ണമായും വിലയിരുത്തുന്നതിന് റിസര്‍വ് ബാങ്ക് കാത്തിരിക്കുകയാണ് ചെയ്തത്. ഈ മാസം 7, 8 തീയതികളിലാണ് ധനനയ സമിതി യോഗം ചേരുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് അരശതമാനം വരെ മാത്രമേ കുറയൂവെന്നാണ് കേന്ദ്ര ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങള്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് നടത്തിയ പുതിയ അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 46 സാമ്പത്തിക ശാസ്ത്രജ്ഞരില്‍ പകുതിയോളം പേരും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 അടിസ്ഥാന പോയന്റ് കുറച്ച് ആറ് ശതമാനമായി നിജപ്പെടുത്തുമെന്നാണ് അഭിപ്രായപ്പെടുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും 25 അടിസ്ഥാന പോയന്റ് കുറച്ച് 5.75 ശതമാനമാക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. അടുത്ത വര്‍ഷം പകുതി വരെ ഇതേ നിരക്ക് തുടരുമെന്നും സാമ്പത്തിക വിദഗ്ധര്‍ സര്‍വെയില്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം നാണ്യപ്പെരുപ്പ നിരക്ക് ആര്‍ബിഐ പ്രതീക്ഷിക്കുന്ന അഞ്ച് ശതമാനത്തേക്കാള്‍ അമ്പത് അടിസ്ഥാന പോയന്റുകളോ അതില്‍ താഴെയോ കുറവായിരിക്കുമെന്നും ധനനയത്തിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ശ്രമിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ചുള്ള നിഗമനം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് 7.6 ശതമാനത്തില്‍ നിന്ന് ഒരു ശതമാനം കുറച്ച് 6.6 ശതമാനമാക്കി തിരുത്തിയിരുന്നു. 2016 ലെ അവസാന മൂന്ന് മാസം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിന് ക്ഷീണം തട്ടിയതായാണ് റോയ്‌ട്ടേഴ്‌സ് സര്‍വെ പറയുന്നത്.

Comments

comments