ഐഡിയ സെല്ലുലാറില്‍ വന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയില്ലെന്ന് ഗ്രാസിം ഇന്‍ഡസ്ട്രീസ്

ഐഡിയ സെല്ലുലാറില്‍ വന്‍ നിക്ഷേപം നടത്താന്‍ പദ്ധതിയില്ലെന്ന് ഗ്രാസിം ഇന്‍ഡസ്ട്രീസ്

മുംബൈ: ഐഡിയ സെല്ലുലാറില്‍ വലിയ നിക്ഷേപം നടത്തുമെന്ന ഗോസിപ്പുകളെ തള്ളിക്കളഞ്ഞ് ആദിത്യ ബിര്‍ള ഗ്രൂപ്പിലെ ഗ്രാസിം ഇന്‍ഡസ്ട്രീസ് രംഗത്തെത്തി. ടെലികോം രംഗത്തെ വമ്പന്മാരായ ഐഡിയയും വൊഡാഫോണും ലയിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി ഐഡിയ സെല്ലുലാറില്‍ ഭീമമായ നിക്ഷേപം നടത്താന്‍ ഗ്രാസിം ഇന്റസ്ട്രീസ് തയാറെടുക്കുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് വസ്തുതയല്ലെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ കമ്പനി നിലപാട് വ്യക്തമാക്കി.

2016 ഡിസംബര്‍ മാസത്തെ കണക്കനുസരിച്ച് ഐഡിയ സെല്ലുലാറില്‍ 4.75 ശതമാനം ഓഹരി പങ്കാളിത്തമാണ് ഗ്രാസിം ഇന്‍ഡസ്ട്രീസിനുള്ളത്. ഐഡിയയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ചില നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചത് ഖേദകരമാണെന്നും, ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും കമ്പനിയുടെ ഉന്നതതലസമിതി മുന്നോട്ടുവച്ചിട്ടില്ലെന്നും ഗ്രാസിം ഇന്‍ഡസ്ട്രീസ് അറിയിച്ചു.

ലയനം സംബന്ധിച്ച് ഐഡിയ സെല്ലുലാര്‍ പരസ്യമായി അറിയിച്ചിട്ടുള്ളതില്‍ കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും കമ്പനി വ്യക്തമാക്കി. ജനുവരി മുപ്പതിനാണ് ബ്രിട്ടന്‍ ആസ്ഥാനമായ വൊഡാഫോണ്‍ ഗ്രൂപ്പ് തങ്ങളുടെ ഇന്ത്യന്‍ ബിസിനസ് ഐഡിയ സെല്ലുലാറുമായി ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചതായി അറിയിച്ചത്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഇന്ത്യന്‍ ടെലികോം രംഗം സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്ന നിരക്ക് യുദ്ധമാണ് ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സെല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായ വൊഡാഫോണും ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാറും ചേര്‍ന്ന് ഏകദേശം 387 മില്യണ്‍ വരിക്കാരുള്ള കമ്പനി രൂപീകരിക്കാനാണ് ശ്രമിക്കുന്നത്.

Comments

comments

Categories: Business & Economy