ബജറ്റ് 2017 പരിഷ്‌കരണത്തിലൂന്നി…

ബജറ്റ് 2017 പരിഷ്‌കരണത്തിലൂന്നി…

 

ആദായനികുതി പരിധി മൂന്നുലക്ഷം, അടിസ്ഥാന സൗകര്യത്തിന് 3,96, 315 കോടി രൂപ, പ്രതിരോധത്തിന് 2,74,114 കോടി രൂപ, റെയ്ല്‍ സുരക്ഷയ്ക്ക് 1 ലക്ഷം കോടി

ന്യൂഡെല്‍ഹി: ചരിത്രപരമായ പ്രാധാന്യമുള്ള ബജറ്റായിരുന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷവും ജിഎസ്ടിക്കു മുന്നോടിയായും നടന്ന ബജറ്റ് അവതരണത്തില്‍ ഈ ഘടകങ്ങള്‍ പ്രതിഫലിക്കുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും തന്നെയാണ് ശ്രദ്ധേയമായത്. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടും നികുതി സമ്പ്രദായത്തെ ലഘൂകരിച്ചുകൊണ്ടും സര്‍ക്കാര്‍ നയം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിക്കും പ്രാമുഖ്യം ലഭിച്ചു. പൊതുബജറ്റില്‍ റെയ്ല്‍വേ ബജറ്റ് ലയിപ്പിച്ചുകൊണ്ടുള്ള ആദ്യ ആവതരണത്തില്‍ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് റെയ്ല്‍വേയില്‍ പ്രാധാന്യം ലഭിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് ബജറ്റ് അവതരണം നടന്നതെങ്കിലും പരിധിവിട്ട് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ജയ്റ്റ്‌ലി മുതിര്‍ന്നിട്ടില്ല. നോട്ട് അസാധുവാക്കല്‍ തളര്‍ത്തിയിട്ട സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കുന്നതിനുള്ള ഊന്നലുകളും ബജറ്റിലുണ്ട്. പരിക്കിന്റെ വേദനകള്‍ ഈ സാമ്പത്തിക വര്‍ഷത്തിനപ്പുറം പോകില്ല എന്ന പ്രതീക്ഷയാണ് ജയ്റ്റ്‌ലി പങ്കുവെച്ചത്.

നികുതി പരിഷ്‌കരണം
ആദായ നികുതിയുടെ കുറഞ്ഞ വരുമാന പരിധി മൂന്നു ലക്ഷമാക്കി ഉയര്‍ത്തി
അഞ്ചു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്കുള്ള ആദായ നികുതി അഞ്ചു ശതമാനമാക്കി കുറച്ചു
അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ 10 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനവും നികുതി അടയ്ക്കണം
50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവര്‍ 10 ശതമാനവും ഒരു കോടിക്കു മുകളില്‍ വരുമാനമുള്ളവര്‍ 15 ശതമാനവും സര്‍ചാര്‍ജ് നല്‍കണം.
പൊതുജനങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവന പരമാവധി 2000 രൂപയായി കുറച്ചു
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പുതിയ നിയമം
എല്‍എന്‍ജി നികുതി അഞ്ചില്‍ നിന്ന് 2.5 ശതമാനമായി കുറച്ചു

നിക്ഷേപം
ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് നിര്‍ത്തലാക്കും
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

സംരംഭകത്വം
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ നികുതിയിളവുകള്‍, ഏഴു വര്‍ഷം വരെ നികുതിയിളവ്
ഇലക്ട്രോണിക്‌സ് ഉല്‍പ്പാദകരെ സഹായിക്കാന്‍ 435 കോടി രൂപ
50 കോടി വരുമാനമുള്ള കമ്പനികളുടെ നികുതി 25 ശതമാനമായി കുറച്ചു

കാര്‍ഷിക മേഖല
10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും
കൂടുതല്‍ കാര്‍ഷിക ലാബുകള്‍
വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ
ക്ഷീര മേഖലയ്ക്ക് പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന് 8000 കോടി രൂപ.
ജലസേചനത്തിനായി പ്രത്യേക നബാര്‍ഡ് ഫണ്ട് രൂപീകരിക്കും.
കര്‍ഷകര്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
കൃഷി ഭൂമിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും.

ഗ്രാമീണ വികസനം

തൊഴിലുറപ്പ് വിഹിതം 48,000 കോടി രൂപയാക്കി ഉയര്‍ത്തി
ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍നിന്ന് ഉയര്‍ത്തും
2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിച്ചു നല്‍കും
കോണ്‍ട്രാക്റ്റ് ഫാമിംഗിന് പുതിയ നിയമം
വരള്‍ച്ച പ്രതിരോധിക്കാന്‍ 5 ലക്ഷം കുളങ്ങള്‍ നിര്‍മിക്കും

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ
മൂന്നു ലക്ഷത്തിനു മുകളിലുള്ള പണവിനിമയം കറന്‍സി രൂപത്തില്‍ അനുവദിക്കില്ല

വ്യാപാരികള്‍ക്കായി ആധാന്‍ അധിഷ്ഠിത ഡിജിറ്റല്‍ വിനിമയ സംവിധാനം അവതരിപ്പിക്കും
സാമ്പത്തിക മേഖലയ്ക്കായി പ്രത്യേക സൈബര്‍ സുരക്ഷാ സംവിധാനം
2020ഓടെ 20 ലക്ഷം ആധാര്‍ അധിഷ്ഠിത സൈ്വപ്പിംഗ് മെഷീനുകള്‍ കൊണ്ടുവരും
2000നു മുകളിലുള്ള സംഭാവനകള്‍ ഡിജിറ്റല്‍ രൂപത്തില്‍
ഭീം ആപ്ലിക്കേഷന്‍ റെഫര്‍ ചെയ്യുന്നവര്‍ക്ക് ബോണസ് നല്‍കും
ആധാര്‍ ആധിഷ്ഠിത ഡിജിറ്റല്‍ വിനിമയങ്ങളില്‍ വ്യാപാരികള്‍ക്കായി കാഷ് ബാക്ക് പദ്ധതി
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത് 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍

അടിസ്ഥാന സൗകര്യം
അടിസ്ഥാന സൗകര്യ വികസനത്തിനായി 3.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും
ദേശീയ പാതകള്‍ക്കായി 64,000 കോടി
പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കും
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19,000 കോടി
2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാകും
ഒന്നരലക്ഷം പഞ്ചായത്തുകളില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഭാരത് നെറ്റ് പ്രൊജക്റ്റിന് 10,000 കോടി
പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍

സാമൂഹ്യ സുരക്ഷ
മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി 500 കോടി രൂപ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി രൂപ
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 23,000 കോടി
എസ്‌സി -എസ്ടി വിഭാഗങ്ങളുടെ വികസനത്തിന് 52393 കോടി രൂപ
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കി ആരോഗ്യകാര്‍ഡ്

വിദ്യാഭ്യാസം
പ്രവേശന പരീക്ഷകള്‍ ഏകീകൃതമാക്കും, ഇതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി രൂപീകരിക്കും
യുജിസി നിയമം പരിഷ്‌കരിക്കും
സിബിഎസ്ഇ, എ ഐ സിടിഇ എന്നിവയെ ഭരണപരമായ ചുമതലകളില്‍ നിന്ന് ഒഴിവാക്കും
100 വൈദഗ്ധ്യ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും
സ്‌കൂളുകളില്‍ ശാസ്ത്ര വിദ്യാഭ്യാസത്തിന് പ്രോല്‍സാഹനം നല്‍കും
മെഡിക്കല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കും

ഊര്‍ജം
പ്രകൃതി സൗഹൃദ ഊര്‍ജ്ജ മേഖലയെ പ്രോല്‍സാഹിക്കുന്നതിന്റെ ആദ്യ പടിയായി ഹരിയാനയിലെ എട്ട് ഗ്രാമങ്ങളെ മണ്ണെണ്ണ വിമുക്തമാക്കും
20,000 മെഗാവാട്ട് വൈദ്യുതി സോളാര്‍ പദ്ധതികളിലൂടെ ഉല്‍പ്പാദിപ്പിക്കും
ഒഡിഷയിലും രാജസ്ഥാനിലും ക്രൂഡ് ഓയില്‍ സംഭരണികള്‍

Comments

comments

Categories: Top Stories