പ്രതിഷേധം ശക്തം; മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകാതെ സര്‍ക്കാര്‍

പ്രതിഷേധം ശക്തം; മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാനാകാതെ സര്‍ക്കാര്‍

തിരുവനന്തപുരം : ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. മാറ്റിസ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

തിരുവനന്തപുരം നഗരഹൃദയത്തിലെ ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നു. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തങ്ങളുടെ വിദ്യാലയത്തിനടുത്തേക്ക് മാറ്റിസ്ഥാപിക്കുന്നുെവന്ന വിവരമാണ് വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മദ്യഷോപ്പ് തുറക്കാന്‍ അനുവദിക്കില്ലെന്നും സ്‌കൂളിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളം സമാന പ്രതിഷേധങ്ങളാണ് നടക്കുന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാനുദ്ദേശിക്കുന്ന പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പ്രദേശവാസികള്‍ പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് മദ്യഷോപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ രംഗത്തുവന്ന വീട്ടമ്മ സ്വയം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ രക്ഷപെടുത്തി.

രാജ്യത്തെ ദേശീയ-സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷോപ്പുകളിലെ വില്‍പ്പന ഡിസംബറിലാണ് സുപ്രീംകോടതി നിരോധിച്ചത്. ബീര്‍-വൈന്‍ പാര്‍ലറുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍, സര്‍ക്കാര്‍ നടത്തുന്ന മദ്യഷോപ്പുകള്‍ തുടങ്ങിവയാണ് മാറ്റിസ്ഥാപിക്കേണ്ടത്. അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് മുമ്പ് ഇത് പൂര്‍ത്തിയാക്കണം. കോടതിവിധി ബാധകമായ മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമാനുസൃത നടപടികളേ സ്വീകരിക്കൂവെന്നും ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ എച്ച് വെങ്കടേഷ് വ്യക്തമാക്കി.

Comments

comments

Categories: Top Stories
Tags: beverages