വിജയത്തിന്റെ വഴിയിലൂടെ ഒറിജിന്‍

വിജയത്തിന്റെ വഴിയിലൂടെ ഒറിജിന്‍

സോപ്പുകളെന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളിലൊന്നാണ്. അതുകൊണ്ടുതന്നെ വിവിധതരം സോപ്പുകളും അനുബന്ധവസ്തുകളും വിപണിയില്‍ ലഭ്യമാണ്. വിദേശി മുതല്‍ സ്വദേശി വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കടുത്ത വിപണി മത്സരമുള്ള മേഖല കൂടിയാണ് സോപ്പുകളുടേതും അനുബന്ധ വസ്തുക്കളുടേതും. കോടികളാണ് ഓരോ കമ്പനികളും തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രമോഷനായി വര്‍ഷംതോറും ചെലവഴിക്കുന്നതും. എന്നാല്‍ ഇത്തരം കച്ചവടശൈലികളില്‍ നിന്നു വ്യത്യസ്തനാവുകയാണ് കോഴിക്കോടുകാരനായ ബാലകൃഷ്ണന്‍. ഒറിജിന്‍ എന്ന പേരില്‍ ആയുര്‍വേദ ചേരുവകളുപയോഗിച്ചു നിര്‍മിക്കുന്ന ടോയ്‌ലറ്റ് സോപ്പുകളാണ് ഇദ്ദേഹത്തിന്റെ കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. കേരളത്തിന്റെ വിപണിയില്‍ ഒറിജിന്‍ അത്ര പരിചിതമായ ബ്രാന്‍ഡല്ലെങ്കിലും കേരളത്തിനു പുറത്തും വിദേശ രാജ്യങ്ങളിലും ആളുകള്‍ ചോദിച്ചു വാങ്ങുന്ന സോപ്പുകളിലൊന്നാണ് ഒറിജിന്‍. വര്‍ഷങ്ങളായി വിപണിയിലുള്ള മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കുപോലും അവകാശപ്പെടാനാവാത്ത തരത്തിലുള്ള നേട്ടമാണ് ബാലകൃഷ്ണനു നേടാന്‍ കഴിഞ്ഞിട്ടുള്ളത്. മുപ്പതോളം വ്യത്യസ്തമായ ടോയ്‌ലറ്റ് സോപ്പുകളാണ് ഒറിജിന്‍ ഇന്നു വിപണിയിലെത്തിക്കുന്നത്. ബിസിനസ് സംബന്ധമായ യാതൊരു പശ്ചാത്തലവും ബാലകൃഷണനുണ്ടായിരുന്നില്ല. തെരഞ്ഞെടുത്ത വിദ്യാഭ്യാസ മേഖല പോലും ബിസിനസുമായി ബന്ധമുള്ളതായിരുന്നില്ല. 1988-ല്‍ ദേവഗിരി കോളെജില്‍ നിന്ന് ബിഎസ് സി കെമിസ്ട്രിയില്‍ ബിരുദം നേടിയ ബാലകൃഷ്ണന്‍ പിന്നീട് തെരഞ്ഞെടുത്തത് ഹോട്ടല്‍ മാനേജ്‌മെന്റാണ്. തുടര്‍ന്ന് ബെംഗളൂരുവിലും, ചെന്നൈയിലുമായി പരിശീലനം പൂര്‍ത്തിയാക്കി. കാംപസ് ഇന്റര്‍വ്യൂ വഴി അമേരിക്കന്‍ കമ്പനിയായ പിസാ ഹട്ടില്‍ ജോലി ലഭിച്ച ബാലകൃഷ്ണന്‍ പിന്നീട് ജീവിതത്തിലെ പതിന്നൊന്നു വര്‍ഷം ചെലവഴിച്ചത് ഖത്തറിലാണ്. കുടുംബത്തില്‍ മാതാപിതാക്കളുടെ കാര്യം നോക്കാന്‍ ആരുമില്ലാത്ത സാഹചര്യലാണ് ഖത്തറിലെ ജോലി അദ്ദേഹം ഉപേക്ഷിച്ചത്. നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ബിസിനസെന്ന ആശയം അദ്ദേഹത്തിന്റെ മനസില്‍ മുളപൊട്ടിയത്.

തകര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക്

നാട്ടില്‍ തിരിച്ചെത്തിയ ബാലകൃഷ്ണന്‍ സമ്പന്നനായ പ്രവാസിയായിരുന്നില്ല. വരും നാളുകളില്‍ എന്തുചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സോപ്പ് കമ്പനിയെന്ന ആശയമുണ്ടാകുന്നത്. അങ്ങനെ 2006-ല്‍ കമ്പനി തുടങ്ങി. അയിവ എന്നായിരുന്നു കമ്പനിയുടെ ആദ്യ പേര്. ബാര്‍ സോപ്പുകളാണ് ആദ്യം നിര്‍മിച്ചിരുന്നത്. വളരെ ചെറിയ യൂണിറ്റായാണ് പ്രവര്‍ത്തനമാരംഭിച്ചത്. വരാനിരിക്കുന്ന നല്ല നാളേക്കുവേണ്ടിയാകാം അല്ലെങ്കില്‍ ബാലകൃഷ്ണന്‍ ഇതില്‍ മാത്രം ഒതുങ്ങേണ്ട വ്യക്തിയല്ലായെന്നതു കൊണ്ടാകാം കമ്പനി തകര്‍ന്നത്. വന്‍തുക ഇതിന്റെ പേരില്‍ നഷ്ടമായി. വിപണിയിലെ പരിചയക്കുറവും മറ്റും പരാജയ കാരണങ്ങളാണെന്നു ബാലകൃഷ്ണന്‍ പറയുന്നു. തോല്‍വിയില്‍ അടിപതറാതെ വീണ്ടും ഉറച്ച മനസോടെ അദ്ദേഹം രംഗത്തെത്തി.

ഇക്കാലത്താണ് കേരളാ സോപ്‌സ് വിപണിയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ആയുര്‍വേദിക് സോപ്പിന്റെ ഫോര്‍മുല ലഭിക്കുന്നത്. അങ്ങനെ 2007-ല്‍ ഒറിജിനെന്ന ബ്രാന്‍ഡ് പുറത്തിറങ്ങി. തുടക്കത്തില്‍ കടകളിലും, വീടുകളിലും എത്തിച്ചുകൊടുത്തുകൊണ്ടുള്ള കച്ചവടരീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ബാലകൃഷ്ണനും ഈ രീതിയില്‍ പങ്കാളിയായിരുന്നു. ആ സാഹചര്യത്തില്‍ നിന്നു മാറി വിദേശ രാജ്യങ്ങളില്‍ വരെ എത്തി നില്‍ക്കുന്നു ഇപ്പോള്‍ ഒറിജിന്റെ പെരുമ.

origin2

നിര്‍മാണവും വിപണിയും

ആയുര്‍വേദ ചേരുവകളുയോഗിച്ചാണ് ഒറിജിന്‍ സോപ്പ് നിര്‍മിക്കുന്നത്. വെളിച്ചെണ്ണയാണ് ഇതില്‍ പ്രധാന ഘടകം. സോപ്പിന്റെ ഫില്ലിങ് കോമ്പൗണ്ട് ആയി ഉപയോഗിക്കുന്നത് തേങ്ങാപ്പിണ്ണാക്കും ചെറുപയര്‍ പൊടിയുമാണ്. ഫ്‌ളേവറിങ്ങിനായി ഉപയോഗിക്കുന്ന വസ്തുക്കളും രാസവിമുക്തമാണ്. ഹാന്‍ഡ്‌മെയ്ഡ് സോപ്പുകള്‍ എന്നതാണ് ഒറിജിന്റെ മറ്റൊരു സവിശേഷത. ഈ രീതീയില്‍ നിര്‍മിക്കുന്ന സോപ്പുകള്‍ മൂന്നുതരത്തിലാണ് വിപണിയില്‍ ലഭ്യമാകുന്നത്. റെഗുലര്‍, പ്രീമിയം, എക്‌സ്ട്രാ പ്രീമിയം എന്നിങ്ങനെയാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്.

നിര്‍മാണം എത്രത്തോളം വര്‍ധിച്ചാലും നിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും നിര്‍മാതാക്കള്‍ തയാറല്ല. ഇതിനുള്ള തെളിവാണ് ഏതൊരു നിര്‍മാണ വസ്തു പുതുതായി കമ്പനിയില്‍ എത്തിയാലും ഉടന്‍തന്നെ നടത്തുന്ന ക്വാളിറ്റി പരിശോധന. ഈ പരിശോധനകള്‍ക്കായി കമ്പനിക്കുള്ളില്‍ തന്നെ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ടോയ്‌ലറ്റ് സോപ്പിനു പുറമേ ഹാന്‍ഡ് വാഷ്, ലിക്യുഡ് ക്ലീനറുകള്‍, ടോയ്‌ലറ്റ് ക്ലീനറുകള്‍, ഹെര്‍ബല്‍ ഷാംപൂ, ബാര്‍ സോപ്പ് എന്നിങ്ങനെ വിവിധ തരത്തിലുള്ള വസ്തുക്കളും ഒറിജിന്‍ വിപണിയിലെത്തിക്കുന്നുണ്ട്.

കേരളത്തിലെ വിപണിയില്‍ ഒറിജിന്‍ അത്ര സുപരിചിതമായ പേരല്ല. എങ്കിലും സാന്നിധ്യമറിയിച്ചിരിക്കുന്നത് മലബാര്‍ മേഖലയിലാണ്. ”ഒറിജിന്‍ പ്രധാന വിപണി നേട്ടം സ്വന്തമാക്കിയിരിക്കുന്നത് തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ്. ഈ മേഖലകളില്‍ ഒറിജിന്‍ വളരെയേറെ ആവശ്യകതയുള്ള ഉല്‍പ്പന്നമാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യകത നിറവേറ്റുന്നതിന്റെ ഭാഗമായി മൂന്നു സംസ്ഥാനങ്ങളിലും ചെറിയ യൂണിറ്റുകള്‍ തുടങ്ങാനുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു. ഹാന്‍ഡ്‌മെയ്ഡ് ഉല്‍പ്പന്നങ്ങളുടെ നിലവാരം കേരളത്തിലെ ജനങ്ങളേക്കാള്‍ തിരിച്ചറിയുന്നത് മറ്റു സംസ്ഥാനങ്ങളിലുള്ളവരാണ്,” ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യക്കു പുറമേ ഒമാന്‍, ഖത്തര്‍, യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒറിജിന്‍ ലഭ്യമാകുന്നുണ്ട്. വൈകാതെതന്നെ സിംഗപ്പൂരിലേക്കും, സൗദി അറേബ്യയിലേക്കും തങ്ങളുടെ വിപണി വ്യാപിക്കാനാവുമെന്നും അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബാലകൃഷ്ണന്‍ പറയുന്നു.

സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ ബിസിനസ്

ബിസിനസെന്നാല്‍ ജനങ്ങളെ ദ്രോഹിക്കാനുള്ള ഒന്നാകരുതെന്ന നിര്‍ബന്ധം ബാലകൃഷ്ണനുണ്ട്. ബിസിനസിന്റെ ഭാഗമായി വളരെയധികം സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനാവുമെന്ന ചിന്താഗതിയാണ് അദ്ദേഹത്തിനുള്ളത്. താന്‍മൂലം കുറച്ചുപേര്‍ക്കെങ്കിലും ജോലിനല്‍കാനാവുന്നു, അമിതമായ ലാഭം ഈടാക്കാതെ തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവുന്നു എന്നീ കാര്യങ്ങളില്‍ തനിക്കേറെ സംതൃപ്തിയാണുള്ളതെന്നും പ്രദേശവാസികളെല്ലാം തന്റെ ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കളാണെന്ന കാര്യം അഭിമാനം പകരുന്നുണ്ടെന്നും ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. കമ്പനിയുടെ ഔട്ട്‌ലെറ്റുകളിലൂടെ വളരെ കുറഞ്ഞ വിലയ്ക്കാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്.

സമൂഹത്തോടു പറയാനുള്ളത്

വളരെയേറെ അവസരങ്ങളിലൂടെയാണ് നാമോരോരുത്തരും കടന്നുപോകുന്നത്. അവസരങ്ങള്‍ ശരിയായി വിനിയോഗിക്കുന്നതിലൂടെയാണ് ഒരാള്‍ ജീവിത വിജയം നേടുന്നത്. നഷ്ടപ്പെട്ടുപോയ അവസരങ്ങളെക്കുറിച്ച് ചിന്തിച്ച് പിന്നീടു വിഷമിച്ചിട്ട് ഒന്നും നേടാനാവില്ല. മാത്രവുമല്ല ഒരു വ്യവസായി എന്നും നല്ല വ്യക്തിത്വത്തിന് ഉടമയായിരിക്കണം. തന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ഒപ്പം നില്‍ക്കുന്നയാളുമായിരിക്കും നല്ല വ്യവസായി.

പുതിയ ചുവടുവയ്പ്പുകള്‍

ബിസിനസ് വികസനത്തിന്റെ ഭാഗമായി ഒറിജിന്‍ ഉല്‍പ്പന്നങ്ങള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ കമ്പനിയുടെ സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റും അടുത്തമാസം നിലവില്‍ വരും.

 

Comments

comments