വൊഡാഫോണ്‍-ഐഡിയ ലയന സാധ്യതകള്‍ തള്ളിക്കളയരുത്: സുനില്‍ മിത്തല്‍

വൊഡാഫോണ്‍-ഐഡിയ ലയന സാധ്യതകള്‍ തള്ളിക്കളയരുത്: സുനില്‍ മിത്തല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയില്‍ പോരാട്ടം മുറുന്ന സാഹചര്യത്തില്‍ ടെലികോം ഭീമന്മാരായ ഐഡിയയും വൊഡാഫോണും ഒന്നിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് ഭാരതി എയര്‍ടെല്‍ സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ മിത്തല്‍. ഇന്ത്യന്‍ വിപണിയെയും ടെലികോം ഇന്‍ഡസ്ട്രിയെയും സംബന്ധിച്ചിടത്തോളം വൊഡാഫോണ്‍-ഐഡിയ ലയനം വലിയ നീക്കമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാവോസില്‍ വെച്ചു നടക്കുന്ന ലോക സാമ്പത്തികഫോറം സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിത്തല്‍.
2016 ടെലികോം കമ്പനികള്‍ക്ക് ആശങ്കാജനകമായിരുന്നു. ടെലികോം മേഖലയില്‍ പ്രതിസന്ധി നിറഞ്ഞ വര്‍ഷമാണ് കടന്നു പോയത്. ടെലികോം കമ്പനികള്‍ തമ്മിലുള്ള നിരക്ക് യുദ്ധം ഈ വര്‍ഷവും ടെലികോം രംഗത്ത് തടസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് 2017നെ കുറിച്ചുള്ള മിത്തലിന്റെ നിരീക്ഷണം. ജിയോ സൗജന്യ ഓഫറുകളിലൂടെ തുടക്കം കുറിച്ച ടെലികോം മത്സരം രസകരമായ രീതിയില്‍ 2017നെ പ്രക്ഷുബ്ദമാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതിനും പുതിയ ഓഫറുകള്‍ നല്‍കുന്നതിനും മറ്റ് കമ്പനികളെ പ്രേരിപ്പിക്കുന്നതിന് റിലയന്‍സ് ജിയോയുടെ കടന്നുവരവ് വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടെലികോം രംഗത്തെ മുന്‍ നിര കമ്പനികളായ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയെയാണ് ജിയോ സൗജന്യ ഓഫറുകള്‍ വലിയ രീതിയില്‍ ബാധിച്ചിരിക്കുന്നത്. ജിയോ ടെലികോം മേഖലയുടെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ നേരത്തേ പ്രവചിച്ചിരുന്നു. ജിയോയുടെ അരങ്ങേറ്റം ചെറിയ ടെലികോം കമ്പനികളെ വിപണി വിടുന്നതിനും പ്രേരിപ്പിക്കുന്നുണ്ടെന്നും, ഇന്ത്യന്‍ ടെലികോം രംഗം നാല് കമ്പനികളിലേക്ക് ചുരുങ്ങുകയാണെന്നും മിത്തല്‍ നിരീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ വിപണി, സാങ്കേതികത, നെറ്റ്‌വര്‍ക്ക് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding