ഇന്ത്യന്‍ ഇ- കൊമേഴ്‌സ് കമ്പനികളെ സ്വകാര്യ നിക്ഷേപകര്‍ കൈവിടുന്നു

ഇന്ത്യന്‍ ഇ- കൊമേഴ്‌സ് കമ്പനികളെ  സ്വകാര്യ നിക്ഷേപകര്‍ കൈവിടുന്നു

 

ന്യൂഡെല്‍ഹി: നഷ്ടക്കണക്കുകള്‍ തുടര്‍ക്കഥയാക്കിയ ഇന്ത്യന്‍ ഇ- കൊമേഴ്‌സ് കമ്പനികളെ സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങള്‍ കൈയൊഴിയുന്നു. ഫ്‌ളിപ്കാര്‍ട്ട് അടക്കമുള്ള ഇ-കൊമേഴ്‌സ് സംരംഭങ്ങളില്‍ മൂലധന നിക്ഷേപം നടത്താന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങള്‍ വിമുഖത കാട്ടുകയാണ്.
2014ല്‍ നാസ്‌പേഴ്‌സ്, ജിഐസി, ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് എന്നിവയ്‌ക്കൊപ്പം ചേര്‍ന്ന് ഒരു ബില്ല്യണ്‍ ഡോളറാണ് ന്യൂയോര്‍ക്ക് കേന്ദ്രമാക്കിയ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് ഫ്‌ളിപ്കാര്‍ട്ടില്‍ നിക്ഷേപിച്ചത്. അതിനുേശഷം ഒരു തരത്തിലെ നിക്ഷേപവും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് ഫ്‌ളിപ്കാര്‍ട്ടില്‍ നടത്തിയിട്ടില്ല. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 306 കോടി രൂപയുടെ നഷ്ടം ഫ്‌ളിപ്കാര്‍ട്ട് രേഖപ്പെടുത്തിയിരുന്നു. 2016 ഡിസംബര്‍ ആയപ്പോഴേക്കും അത് 1296 കോടിയായി ഉയരുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികളുടെ മൂല്യം റേറ്റിംഗ് ഏജന്‍സികള്‍ താഴ്ത്തുകയുണ്ടായി. പത്തു ബില്ല്യണ്‍ ഡോളറിന് താഴെയാണ് ടി റോ പ്രൈസ് ഫ്‌ളിപ്കാര്‍ട്ടിന്റെ ആകെ ഓഹരി മൂല്യം കണക്കാക്കിയത്. നവംബറില്‍ മോര്‍ഗന്‍ സ്റ്റാന്റ്‌ലിയും ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരി മൂല്യം 38 ശതമാനത്തോളം ഇടിച്ച് 5.58 ബില്ല്യണ്‍ ഡോളറിലെത്തിച്ചു. ഈ സാഹചര്യത്തിലാണ് കമ്പനി നിക്ഷേപ സമാഹരണത്തിന് ശ്രമിക്കുമ്പോഴും പ്രൈവറ്റ് ഇക്വിറ്റികള്‍ പിടികൊടുക്കാതെ നില്‍ക്കുന്നത്.
ലാഭകരമല്ലാത്ത അവസ്ഥയില്‍ ഇന്ത്യയിലെ ഇ- കൊമേഴ്‌സ് സംരംഭങ്ങളില്‍ പണമിറക്കേണ്ടെന്നാണ് മിക്ക നിക്ഷേപകരുടെയും നിലപാട്. 2015ല്‍ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ 2.378 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച ടൈഗര്‍ പോയവര്‍ഷം ചില്ലിക്കാശുപോലും ഇറക്കാന്‍ തയാറായില്ല. സെക്വുവ കാപ്പിറ്റലും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ നയം തന്നെയാണ് സ്വീകരിക്കുന്നത്. 2015ല്‍ കാര്‍ദേഖോ, സ്‌റ്റേസില്ല, പ്രാക്‌റ്റോ, ഡെയ്‌ലിഹണ്ട്, ഫ്രീ ചാര്‍ജ് എന്നിവയിലൊക്കെയായി 1.2 ബില്ല്യണ്‍ ഡോളര്‍ ചെലവിട്ട സൈക്വുവ ഇക്കഴിഞ്ഞ വര്‍ഷം അത് 531 മില്ല്യണ്‍ ഡോളര്‍ എന്നതിലേക്ക് ചുരുക്കി. ഒല കാബ്‌സിലെ പ്രമുഖ പങ്കാളികളായ ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് തങ്ങളുടെ നിക്ഷേപം 1.3 ബില്ല്യണ്‍ ഡോളര്‍ എന്നതില്‍ നിന്ന് 400 ബില്ല്യണ്‍ ഡോളറിലേക്ക് താഴ്ത്തി.
മൂലധന നിക്ഷേപം കുറഞ്ഞതോടെ കമ്പനികളുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായി. ലയനങ്ങളിലും വില്‍പ്പനയിലും അതു പ്രതിഫലിക്കുകയും ചെയ്തു. ഹൗസിംഗ്‌ഡോട്ട്‌കോം, ജബോംഗ്, കോമണ്‍ഫ്‌ളോര്‍ തുടങ്ങിയവ നേരത്തെ കണക്കുകൂട്ടിയതിലും കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത്. രണ്ടു വര്‍ഷം മുന്‍പ് നിശ്ചയിച്ചിരുന്നതിനേക്കാള്‍ വളരെ താഴ്ന്ന തുക ചെലവിട്ടാണ് മൈന്ത്ര ജബോംഗിനെ ഏറ്റെടുത്തത്. ഫാബ്ഫര്‍ണിഷിനെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുത്തപ്പോഴും സമാന കാര്യം സംഭവിച്ചു. ഹൗസിംഗ് ഡോട്ട്‌കോമും പ്രോപ്‌ടൈഗറും ലയിച്ചപ്പോഴും മൂല്യം 2014ലെ 200 മില്ല്യണ്‍ ഡോളറില്‍ നിന്ന് 75 മില്ല്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി. ഇന്റര്‍നെറ്റ് കമ്പനികള്‍ സമാഹരിച്ച നിക്ഷേപത്തിലും ഡിസംബര്‍ പാദത്തില്‍ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവുണ്ടായിക്കഴിഞ്ഞു. അതേസമയം, ഫണ്ട് റൈസിംഗ് റൗണ്ടില്‍ സ്‌നാപ്ഡീലും ഹൈക്കും ഷോപ്പ്ക്ലൂസും ബുക്ക്‌മൈഷോയും മോശമല്ലാത്ത മൂല്യം നേടിയെടുത്തതായി വിലയിരുത്തപ്പെടുന്നു. പരസ്യ ഇനത്തിലെ ചെലവും കടുത്ത മത്സരത്തെ അതിജീവിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇളവുകളും ആനുകൂല്യങ്ങളുമൊക്കെയാണ് ഇ- കൊമേഴ്‌സ് കമ്പനികളെ നഷ്ടത്തില്‍കൊണ്ടെത്തിക്കുന്നത്.

Comments

comments

Categories: Slider, Top Stories