അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കിനി നിക്ഷേപങ്ങളുടെ കൊയ്ത്തുകാലം

അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കിനി നിക്ഷേപങ്ങളുടെ കൊയ്ത്തുകാലം

 

ബെംഗളൂരു: അഗ്രികള്‍ച്ചര്‍-ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വരാന്‍ പോകുന്നത് കൊയ്ത്ത്കാലം. ഈ വര്‍ഷം നിക്ഷേപകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മേഖലകളില്‍ ഒന്നാണ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍. അക്‌സല്‍ ഇന്ത്യ, സെയ്ഫ് പാര്‍ട്‌നേഴ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളൊക്കെ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. കൃഷിക്കാര്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ച് കൊടുക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ അഗ്രോസ്റ്റാര്‍ 10-12 ദശലക്ഷം രൂപയുടെ നിക്ഷേപം സമാഹരിക്കുന്നതിന് ആക്‌സലുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഐഡിജി വെഞ്ച്വേഴ്‌സിന് അഗ്രോസ്റ്റാറില്‍ നിക്ഷേപം ഉണ്ട്.
2015 ല്‍ 4 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു. 5,00,000 ത്തില്‍ അധികം കര്‍ഷകര്‍ അഗ്രോസ്റ്റാറിന്റെ മൊബീല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. പുതുതായി സമാഹരിക്കുന്ന നിക്ഷേപം കര്‍ഷകര്‍ക്ക് ഏറ്റവും ലളിതമായി ആപ്പിന്റെ ഉപയോഗം സാധ്യമാക്കുന്ന രീതിയില്‍ സാങ്കേതികമായ വളര്‍ച്ചയ്ക്കായിരിക്കും ഉപയോഗിക്കുക.
കാര്‍ഷിക ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള പ്ലാറ്റ്‌ഫോമായ ഗോള്‍ഡ്ഫാം മൂന്ന് മുതല്‍ അഞ്ച് ദശലക്ഷം ഡോളര്‍ വരെ സെയ്ഫ് പാര്‍ട്‌നേഴ്‌സില്‍ നിന്ന് നിക്ഷേപം സമാഹരിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയിലാണ്. സാങ്കേതികമായ നവീകരണത്തിനായിരിക്കും ഈ നിക്ഷേപം ഉപയോഗിക്കുകയെന്ന് ഗോള്‍ഡ് ഫാമിന്റെ സഹസ്ഥാപകനായ അഭിലാഷ് തിരുപ്പതി അറിയിച്ചു.
സാങ്കേതിക കാര്‍ഷിക വിതരണ ശൃംഖലാ സംരംഭമായ ക്രോഫാം 1.5 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കഴിഞ്ഞ വര്‍ഷം സമാഹരിച്ചിരുന്നു. ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍ ഏഴ് ദശലക്ഷം ഡോളറിന്റെ നിക്ഷേപ സമാഹരിക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി.
ആക്‌സലും സെയ്പ് പാര്‍ട്‌നേഴ്‌സും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഒമ്‌നിവോര്‍ പാര്‍ട്‌നേഴ്‌സ്, അസ്പാഡാ ഇന്‍വസ്റ്റേഴ്‌സ് തുടങ്ങിയ നിക്ഷേപകരൊക്കെ അഗ്രി-ടെക് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങി. ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുവാന്‍ വിദേശ നിക്ഷപകരും താല്‍പര്യം കാണിക്കുന്നുണ്ട്.
പാല്‍വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ് അധിഷ്ഠിത സേവന ദാതാക്കളായ സ്റ്റെല്ലാപ്‌സ് ടെക്‌നോളജീസ് 8-9 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്. സോളാര്‍ സൊലൂഷന്‍ സ്റ്റാര്‍ട്ടപ്പായ എക്കോസെന്‍ അഞ്ച് ദശ ലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.
അഗ്രിടെക് മേഖലയില്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് ഒമ്‌നിവോറിന്റെ ഫണ്ടിംഗ് പാര്‍ട്‌നറായ ജിനേഷ് ഷാ പറയുന്നു.
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുത്തന്‍ അവസരങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനും കാരണമാകും എന്ന് പ്രതീക്ഷിക്കാം

Comments

comments

Categories: Entrepreneurship