ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്:  ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്-സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ ഡെലെക്യുയ-റെയ്ഡ് ജോടിയെ 6-2, 6-3 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലിയാന്‍ഡര്‍ പെയ്‌സും മാര്‍ട്ടിന ഹിന്‍ജിസും അവസാന എട്ടിലേക്ക് മുന്നേറിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ സെറീന വില്യംസും ക്വാര്‍ട്ടറില്‍ കടന്നു. പതിനാറാം റാങ്കുകാരിയായ ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവയെ പരാജയപ്പെടുത്തിയായിരുന്നു സെറീന വില്യംസ് അവസാന എട്ടിലെത്തിയത്. 7-5, 6-4 സ്‌കോറുകളുടെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീന വില്യംസിന്റെ ജയം.

പുരുഷ സിംഗില്‍സില്‍ ലോക പതിനൊന്നാം നമ്പര്‍ താരമായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗൊഫിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. എട്ടാം റാങ്കുകാരനായ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ 5-7, 7-6, 6-2, 6-2 സ്‌കോറുകള്‍ക്ക് അട്ടിമറിച്ചായിരുന്നു ഡേവിഡ് ഗൊഫിന്‍ മുന്നേറ്റം നടത്തിയത്.

അതേസമയം, പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ബ്രസീലിന്റെ ആന്ദ്രെ സായുമൊത്ത് മത്സരിച്ച ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും നേരത്തെ പുറത്തായിരുന്നു. വനിതാ ഡബിള്‍സില്‍ ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവയോടൊത്ത് കളത്തിലിറങ്ങിയ ഇന്ത്യന്‍ താരം സാനിയ മിര്‍സയും പരാജയം ഏറ്റുവാങ്ങിയിരുന്നു.

Comments

comments

Categories: Sports