ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യ വിടുന്നു

ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യ വിടുന്നു

കൊല്‍ക്കത്ത : ദുബായിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായ ജംബോ ഇലക്ട്രോണിക്‌സ് ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. നഷ്ടം വര്‍ധിച്ചുവന്നതാണ് കമ്പനിയെ ഈ തീരുമാനത്തിലെത്തിച്ചത്. സെല്‍ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ സ്‌പൈസ് മൊബിലിറ്റിക്കുകീഴിലെ ‘ഹോട്ട്‌സ്‌പോട്ടു’മായി തങ്ങളുടെ ആസ്തികള്‍ വില്‍ക്കുന്നതിനായി കമ്പനി ചര്‍ച്ച നടത്തിവരികയാണ്.

മാര്‍ച്ച് മാസത്തോടെ രാജ്യത്തെ തങ്ങളുടെ പതിനാറ് സ്റ്റോറുകള്‍ക്ക് താഴിടാനാണ് ജംബോ ഇലക്‌ട്രോണിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജീവനക്കാരോട് വേറെ തൊഴില്‍ കണ്ടെത്തുന്നതിന് ഇതിനകം നിര്‍ദേശിച്ചു. ഡെല്‍ഹി, മുംബൈ, പുണെ, ലക്‌നൗ, ഗാസിയാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ജംബോ ഇലക്ട്രോണിക്‌സിന് സ്‌റ്റോറുകളുള്ളത്. നഷ്ടത്തിലായതിനെതുടര്‍ന്ന് ഇവിടങ്ങളിലെ ചില സ്‌റ്റോറുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂട്ടിയിരുന്നു.
വസ്തുവകകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജംബോ ഇലക്ട്രോണിക്‌സുമായി ചര്‍ച്ചകളാരംഭിച്ചതായി ഹോട്ട്‌സ്‌പോട്ട് ഡയറക്റ്റര്‍ ശുഭാശിഷ് മൊഹന്തി സ്ഥിരീകരിച്ചു. സ്റ്റോറുകള്‍ ഏറ്റെടുക്കുന്നതിനോട് അനുകൂല സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യംവെക്കുന്ന സാഹചര്യത്തില്‍, കണ്ണായ സ്ഥലങ്ങളിലെ സ്‌റ്റോറുകള്‍ വാങ്ങിക്കൂട്ടുന്നത് ഹോട്ട്‌സ്‌പോട്ടിന് വലിയ പ്രയോജനം ചെയ്യുമെന്നും ശുഭാശിഷ് മൊഹന്തി വ്യക്തമാക്കി.
നിലവില്‍ സ്‌പൈസ് മൊബിലിറ്റി ഇന്ത്യയില്‍ 200 ‘ഹോട്ട്‌സ്‌പോട്ട്’ സ്റ്റോറുകള്‍ സ്വന്തമായി നടത്തുന്നുണ്ട്. കൂടാതെ ദക്ഷിണേന്ത്യയില്‍ യൂണിവേര്‍സെല്ലിന്റെ 225 സ്‌റ്റോറുകളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൊബിലിറ്റി വേള്‍ഡ് സ്‌റ്റോറുകളും കരാര്‍ അടിസ്ഥാനത്തില്‍ നടത്തിവരുന്നു. ഈയിടെ യൂണിവേര്‍സെല്ലിനെ ഏറ്റെടുത്ത മൊബിലിറ്റി വേള്‍ഡ് പിന്നീട് നടത്തിപ്പ് ചുമതല സ്‌പൈസിന് കൈമാറുകയായിരുന്നു. ഈ സ്റ്റോറുകള്‍ മൊബിലിറ്റി വേള്‍ഡ് സ്‌പൈസിന് വില്‍ക്കാനാണ് സാധ്യത.
ജംബോ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ 2014-15 വര്‍ഷത്തില്‍ 335 കോടി രൂപ വിറ്റുവരവ് നേടിയെങ്കിലും നഷ്ടം 14.63 കോടി രൂപയായിരുന്നു. ആ സമയത്ത് കമ്പനിക്ക് ഇന്ത്യയില്‍ 19 സ്റ്റോറുകളാണ് ഉണ്ടായിരുന്നത്. അറ്റ ആസ്തിയില്‍ 31 കോടി രൂപ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്ത്യയ്ക്ക് പകരം പശ്ചിമേഷ്യയിലെ ലാഭകരമായ ബിസിനസ്സുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജംബോ ഇലക്ട്രോണിക്‌സിന്റെ മാതൃകമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീട്ടെയ്ല്‍ മേഖലയില്‍ റിലയന്‍സ് റീട്ടെയ്ല്‍ ആണ് മുന്‍നിരയിലുള്ളത്.

Comments

comments

Categories: Branding