തിരുവനന്തപുരം: ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സ്വകാര്യബസ്സുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്. ബഹുഭൂരിപക്ഷം ബസ്സുകളും നിരത്തിലിറങ്ങതായതോടെ ജനം വലഞ്ഞു. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍, ജോലിക്കാരും വിദ്യാര്‍ഥികളുമാണ് ബിദ്ധിമുട്ടിയത്. ദീര്‍ഘ ദൂര യാത്രക്കാരും ദുരിതത്തിലായി.
മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് രണ്ട് രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് നികുതി പിന്‍വലിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്ന് സംഘടന വ്യക്തമാക്കി.