ബാങ്കുകള്‍ക്ക് സ്വിഫ്റ്റിന്റെ സൈബര്‍ സുരക്ഷാ ചട്ടക്കൂട്

ബാങ്കുകള്‍ക്ക് സ്വിഫ്റ്റിന്റെ  സൈബര്‍ സുരക്ഷാ ചട്ടക്കൂട്

മുംബൈ: സൈബര്‍ ആക്രമണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍, തങ്ങളുടെ പരിധിയിലുള്ള ബാങ്കുകള്‍ക്കുവേണ്ടി ഉപഭോക്തൃ സംരക്ഷണ ചട്ടക്കൂടൊരുക്കാന്‍ സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍ (സ്വിഫ്റ്റ്) തയാറെടുക്കുന്നു. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ പുതുക്കാന്‍ അംഗ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്നതാവും ചട്ടക്കൂട്. നിര്‍ദേശം നടപ്പാക്കാത്ത ബാങ്കുകളുടെ പേരുകള്‍ മറ്റു ബാങ്കുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ സാധ്യമാക്കുന്ന ശൃംഖലയായ സ്വിഫ്റ്റ് നടപ്പാക്കുന്ന ഈ പദ്ധതിക്ക് കീഴില്‍ ബാങ്കുകള്‍ 16 നിര്‍ബന്ധ നിയന്ത്രണങ്ങളും 11 ഉപദേശക നിയന്ത്രണങ്ങളും കൈക്കൊള്ളണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഓരോ ബാങ്കും വര്‍ഷംതോറും ഉറപ്പുവരുത്തണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത ബാങ്കുകളെകുറിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യും.
ബാങ്കുകളുടെ കൂട്ടായ്മയില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയാണ്. അതിന് തയാറാകാത്ത പക്ഷം ബാങ്കുകളുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നതായിരിക്കും-സിഫ്റ്റ് ഇന്ത്യ സിഇഒ കിരണ്‍ ഷെട്ടി പറഞ്ഞു. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ബാങ്കിലേക്ക് പണം അയയ്ക്കുന്നതിന് മുന്നോടിയായി സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രസ്തുത ബാങ്ക് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് പരിശോധിക്കണം. ബാങ്കുമായി ഇടപാടുകള്‍ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഒപ്പം, ബാങ്കിനെതിരെ പരാതികള്‍ ഒന്നുമില്ലെന്നുള്ള റിപ്പോര്‍ട്ടും ആര്‍ബിഐക്ക് കൈമാറും-അദ്ദേഹം വ്യക്തമാക്കി.
പുതിയ സംവിധാനത്തെക്കുറിച്ച് കഴിഞ്ഞ നവംബറിനും ഡിസംബറിനുമിടയില്‍ സ്വിഫ്റ്റ് ഇന്ത്യ ബാങ്കുകള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം മുതല്‍ സ്വിഫ്റ്റില്‍ അംഗങ്ങളായുള്ള ബാങ്കുകള്‍ ഈ സംവിധാനത്തിന്റെ പരിധിയില്‍ വരും. രണ്ടാം പാദം മുതല്‍ ഇതിന്മേലുള്ള വിവരങ്ങള്‍ സ്വിഫ്റ്റ് ശേഖരിച്ചു തുടങ്ങും. 2018 ജനുവരി മുതല്‍ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും നടപ്പിലാക്കിത്തുടങ്ങും. സുരക്ഷാ ചട്ടക്കൂടിന്റെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഓഡിറ്റേഴ്‌സിനെ വച്ച് പരിശോധനകള്‍ നടത്തും. സ്വിഫ്റ്റ് ശൃംഖലയില്‍പ്പെട്ട ബാങ്കുകളുടെ പരിധിയില്‍ വരുന്ന ഉപഭോക്താക്കളുടെ ഇടപാടുകളിന്മേലുള്ള സുരക്ഷ വര്‍ധിക്കുന്നതിന് പുതിയ നടപടികള്‍ സഹായിക്കും. ആക്രമണങ്ങള്‍ തടയുന്നതിനും സൈബര്‍ സുരക്ഷയെപ്പറ്റിയുള്ള ബോധവല്‍ക്കരണവും അറിവും വര്‍ധിക്കുന്നതിനും പുതിയ സംവിധാനം വഴിയൊരുക്കും.
കഴിഞ്ഞ എട്ട് മാസത്തിനിടെ കുറഞ്ഞത് നാലു പൊതുമേഖല ബാങ്കുകളെങ്കിലും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കുകളുടെ ഇടപാടുകള്‍ക്ക് ശക്തമായ സുരക്ഷാ സംവിധാനം ആവശ്യമാണെന്ന് അടുത്തിടെ സ്വിഫ്റ്റ് നടത്തിയ ഓഡിറ്റില്‍ കണ്ടെത്തുകയുണ്ടായി. 2013 ഏപ്രിലിനും 2016 നവംബറിനും ഇടയിലെ കാലയളവില്‍ ഇന്ത്യയിലെ 51 പ്രമുഖ ബാങ്കുകള്‍ക്കെല്ലാം കൂടി 485 കോടി രൂപ നഷ്ടമായെന്ന് ധനകാര്യ മന്ത്രാലയം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 56 ശതമാനം പണവും നഷ്ടമായത് നെറ്റ്-ബാങ്കിംഗ് മോഷണം വഴിയും കാര്‍ഡ് ക്ലോണിംഗ് വഴിയുമാണ്. ഒരു മണിക്കൂറില്‍ കുറഞ്ഞത് 15 വൈറസുകളുടെ ആക്രമണത്തിന് രാജ്യത്തെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ വിധേയമാകുന്നുണ്ടെന്നും മൂന്നിലൊരു ഇന്ത്യക്കാരന്‍ ഇതിന് ഇരയാകുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Banking