ചെറു വിനോദ യാത്രകളില്‍ കണ്ണുവെച്ച് ട്രാവല്‍ ഇന്‍ഡസ്ട്രി

ചെറു വിനോദ യാത്രകളില്‍  കണ്ണുവെച്ച് ട്രാവല്‍ ഇന്‍ഡസ്ട്രി

 

ന്യൂഡെല്‍ഹി: ഇന്ത്യക്കാരുടെ യാത്രാപ്രിയം വര്‍ധിക്കുന്നതും വര്‍ഷത്തില്‍ കുറച്ചു ദിവസം അവധിയാഘോഷിക്കാന്‍ മാറ്റിവയ്ക്കുന്നതും രാജ്യത്തെ ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടല്‍. ആഴ്ചാവസാനമുള്ള ചെറിയ യാത്രകള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഏറിവരുന്നതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയുള്ള മുന്‍കൂര്‍ ബുക്കിംഗില്‍ വന്‍ തോതിലുള്ള വര്‍ധന രേഖപ്പെടുത്തുന്നതായും ഇതും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ വലിയ അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിനായിരുന്നു ഇന്ത്യക്കാര്‍ക്ക് താല്‍പര്യം. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ മാറിയിരിക്കുന്നു. എല്ലാ ആഴ്ചയുടെയും അവസാനം ചെറിയ യാത്രകള്‍ക്ക് പോകുന്നതിന് അവര്‍ സന്നദ്ധരാകുന്നു. ഇത് ട്രാവല്‍, ടൂറിസം മേഖലകളുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് ഈ രംഗത്തു നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ പ്രവണത തുടരുകയാണെങ്കില്‍ 2017ല്‍ മികച്ച അവസരമാണ് നിലനില്‍ക്കുന്നത്. ഈ വര്‍ഷം ഇന്‍ഡസ്ട്രിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്-യാത്ര ഡോട്ട്‌കോമിന്റെ സിഇഒ ശരത് ഥാല്‍ പറഞ്ഞു. ഇത്തവണ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച വരുന്നതിനാല്‍ ആ വാരത്തില്‍ യാത്രക്കാരുടെ ഇടയില്‍ നിന്ന് നല്ല പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബുക്കിംഗില്‍ പ്രതിവര്‍ഷം ശരാശരി 37 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരുന്നത്-എക്‌സ്പീഡിയ ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ മന്‍മീത് അലുവാലിയ പറഞ്ഞു.
അടുത്ത ഒരു ദശകത്തില്‍ ഇന്ത്യയിലെ വിനോദസഞ്ചാര മേഖല വര്‍ഷതോറും ഏഴ് ശതമാനം നിരക്കില്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രവചിച്ചിട്ടുണ്ട്. രാജ്യത്തിനകത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടാതെ, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് എല്ലാ വര്‍ഷവും ഉണ്ടാകുന്നത്. ചെറിയ യാത്രകള്‍ക്ക് ചെലവ് കുറവായതും ഹോട്ടലുകളും വിമാനക്കമ്പനികളും കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്നതും സഞ്ചാര പ്രിയമേറുന്നതിന് കാരണമാകുന്നു- കോക്‌സ് ആന്‍ഡ് കിംഗ്‌സ് റിലേഷന്‍സ് വിഭാഗം തലവന്‍ കരണ്‍ ആനന്ദ് ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് വിപണി പ്രതിസന്ധിയിലായെങ്കിലും അതെല്ലാം താല്‍ക്കാലികമാണെന്നും ട്രാവല്‍ ഇന്‍ഡസ്ട്രിയെ കാര്യമായി ബാധിക്കുകയില്ലെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy