യുപി നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-എസ് പി സഖ്യം ഉറപ്പിച്ചു

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-എസ് പി സഖ്യം ഉറപ്പിച്ചു

ന്യൂഡല്‍ഹി: യുപിയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ എസ്പിയും കോണ്‍ഗ്രസും തീരുമാനിച്ചു. ധാരണപ്രകാരം കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം സംബന്ധിച്ചു ധാരണയിലെത്തിയത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമുണ്ടാകുമെന്ന് ഈ മാസം ആദ്യയാഴ്ച മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ചില കാരണങ്ങളെച്ചൊല്ലി ഇരുവിഭാഗവും അകന്നിരുന്നു. പ്രധാനമായും സീറ്റ് വിഭജന കാര്യത്തെ ചൊല്ലിയായിരുന്നു ആശയക്കുഴപ്പമുണ്ടായത്. ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമെന്ന് അറിയപ്പെടുന്ന റായ് ബറേലി, അമേഠി തുടങ്ങിയ മണ്ഡലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍, 403 അംഗ നിയമസഭയില്‍ 300 സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടായിരുന്നു എസ്പിക്ക്.
കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് ആദ്യഘട്ട യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ എസ്പിയുടെ സ്ഥാനാര്‍ട്ടി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഈ പട്ടികയാവട്ടെ, കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളുള്‍പ്പെടെയുള്ള മണ്ഡലത്തിലും എസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നു സൂചന നല്‍കുന്നതായിരുന്നു. ഇത് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ച നീക്കമായിരുന്നു. ഇതിനുപുറമേ, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായുള്ള (ആര്‍എല്‍ഡി) സഖ്യം സംബന്ധിച്ചും എസ്പിയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി.
എന്നാല്‍ യുപിയില്‍ ദയനീയ നിലയിലുള്ള കോണ്‍ഗ്രസിനു രാഷ്ട്രീയ മുന്നേറ്റം നടത്തണമെങ്കില്‍ അഖിലേഷുമായി സഖ്യം ആവശ്യമായിരുന്നു. ഇതു മനസിലാക്കിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി, എസ്പിയുമായി സഖ്യം ഉറപ്പിക്കാന്‍ ശനിയാഴ്ച കോണ്‍ഗ്രസിന്റെ ഉറ്റ അനുയായികളെ നിയോഗിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് യുപി ഘടകം പ്രസിഡന്റ് രാജ് ബബ്ബാര്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഖിലേഷുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്.
ഞായറാഴ്ച എസ്പിയുടെ പ്രകടനപത്രിക അഖിലേഷ് യാദവ് പുറത്തിറക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടത്തെ കുറിച്ചാണു പ്രകടനപത്രികയില്‍ വിശദീകരിക്കുന്നത്. 2012ല്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതിനെക്കാള്‍ അധികം കാര്യങ്ങള്‍ തന്റെ ഭരണത്തിന്‍ കീഴില്‍ ചെയ്തതായി അഖിലേഷ് ചൂണ്ടിക്കാണിച്ചു.
ഒരു കോടി ജനങ്ങള്‍ക്കു മാസം ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കുമെന്ന് പ്രകടനപത്രികയില്‍ അഖിലേഷ് വാഗ്ദാനം ചെയ്യുന്നുണ്ട്. പാവപ്പെട്ട വീടുകളിലെ സ്ത്രീകള്‍ക്ക് പ്രഷര്‍ കുക്കര്‍, കര്‍ഷകര്‍ക്ക് വളം, വിത്തുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് വൃദ്ധ സദനം, മൃഗങ്ങള്‍ക്കു ആംബുലന്‍സ് സേവനം, സ്‌കൂള്‍ കുട്ടികള്‍ക്കു ഒരു ലിറ്റര്‍ നെയ്യ് തുടങ്ങിയവയും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. മാനിഫെസ്റ്റോ പുറത്തിറക്കിയ ചടങ്ങില്‍നിന്നും മുലായം സിങ്ങും മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവും വിട്ടുനിന്നു.

Comments

comments

Categories: Politics