റിയല്‍ എസ്‌റ്റേറ്റ് വിപണി: നിര്‍ണായക പരിഷ്‌കരണങ്ങള്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍

റിയല്‍ എസ്‌റ്റേറ്റ് വിപണി: നിര്‍ണായക പരിഷ്‌കരണങ്ങള്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍

മുംബൈ: കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയപരിഷ്‌കരണങ്ങള്‍ രാജ്യത്തെ റിയല്‍റ്റി വിപണിക്ക് നേട്ടമാകുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. വിപണിയില്‍ സുതാര്യത വരുത്താനും വാണിജ്യ സൗഹൃദമാക്കാനുമുള്ള നയപരിഷ്‌കരണങ്ങള്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഇതുവരെ പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം തിരിച്ചെത്തിക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍, ചരക്കു സേവന നികുതി, അടുത്തിടെ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ എന്നിവ റിയല്‍റ്റി വിപണിയില്‍ ഡിമാന്‍ഡുണ്ടാക്കും. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ സര്‍ക്കാരിന്റെ ചില നയങ്ങള്‍ ഏറ്റവും കൂടുതല്‍ നേട്ടമാവുക റിയല്‍ എസ്റ്റേറ്റ് വിപണിക്കാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാറിന്റെ നയപരിഷ്‌കരണങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക റിയല്‍റ്റി മേഖലയിലാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ പരിഷ്‌കരണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.-പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി കമ്പനി ജെഎല്‍എല്‍ ഇന്ത്യ വ്യക്തമാക്കുന്നു.
സാമ്പത്തിക വിദഗ്ധരില്‍ നിന്നടക്കം ഏറെ പഴികേട്ട നോട്ട് അസാധുവാക്കല്‍ തീരുമാനം റിയല്‍റ്റി വിപണിയില്‍ സുതാര്യത ഉറപ്പാക്കുമെന്നാണ് റിയല്‍റ്റി കമ്പനികള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഈ വിപണിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ കൂടുതല്‍ ഇടപെടണമെങ്കില്‍ സുതാര്യത ഉറപ്പാകണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നയങ്ങളില്‍ ഏറ്റവും നിര്‍ണായകമായത് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമമാണ്. അടുത്ത് തന്നെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന റിയല്‍റ്റി റെഗുലേറ്ററി നിയമം ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ഭരണ സമിതി, സമയത്തിനുള്ള പൂര്‍ത്തീകരണം, പദ്ധതിയെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചും ചെയ്ത വാഗ്ദാനങ്ങള്‍ എന്നിവ റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.
ഈ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത് വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിന് വഴിയൊരുക്കും. പലിശ നിരക്ക് കുറഞ്ഞത്, റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍, സ്വകാര്യ ഇക്വിറ്റി നിക്ഷേപം എന്നിവയും വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.
റെഗുലേറ്ററി നിയമം, നോട്ട് അസാധുവാക്കല്‍ എന്നിവ റിയല്‍റ്റി വിപണിക്ക് സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന കള്ളപ്പണ വിപണിക്ക് വന്‍ തിരിച്ചടി നല്‍കുമെന്നും പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുമെന്നുമാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ശന നയപരിഷ്‌കരണങ്ങളോട് താതാത്മ്യപ്പെടാന്‍ ഒരുക്കമാണെന്ന് കമ്പനികള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിഷ്‌കരണങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് വിപണിക്ക് കൂടുതല്‍ നേട്ടമാകുമെന്നാണ് ഈ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy