അഞ്ച് ബില്യണ്‍ ഡോളര്‍ ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിക്കാന്‍ റെയ്ല്‍വേയുടെ പദ്ധതി

അഞ്ച് ബില്യണ്‍ ഡോളര്‍ ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിക്കാന്‍ റെയ്ല്‍വേയുടെ പദ്ധതി

 
ന്യൂഡെല്‍ഹി: അഞ്ച് ബില്യണ്‍ ഡോളര്‍ ഡെവലപ്‌മെന്റ് ഫണ്ട് (ആര്‍ഐഡിഎഫ്) രൂപീകരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. ഫണ്ട് രൂപീകരണവുമായി ബന്ധപ്പെട്ട കരട് രേഖ ഇന്ത്യന്‍ റെയ്ല്‍വേ സമര്‍പ്പിച്ചു. ലോക ബാങ്കായിരിക്കും ഫണ്ട് ക്രമീകരിക്കുക. അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേയെ സഹായിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസം എന്ന നിലയ്ക്കായിരിക്കും ലോക ബാങ്കിന്റെ പ്രവര്‍ത്തനമെന്നും, സ്വകാര്യ കമ്പനികള്‍ സ്വതന്ത്രമായിട്ടായിരിക്കും ഫണ്ട് വിനിയോഗിക്കുകയെന്നും റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത ഏഴ് വര്‍ഷത്തേക്ക് രാജ്യത്തെ റെയ്ല്‍ ഗതാഗത മേഖലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിക്ഷേപമെത്തിക്കുന്നതിന് ഈ പദ്ധതി സഹായകമാണെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേയുടെ കണക്കുകൂട്ടല്‍. ചരക്ക് ഗതാഗത ഇടനാഴികള്‍, സംഭരണശാലകള്‍, തുറമുഖങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റെയ്ല്‍ പാതയുടെ നിര്‍മാണം, ഇലക്ട്രിക്ക് പാത വികസനം തുടങ്ങി വന്‍കിട പദ്ധതികളും ഈ ഫണ്ട് വഴി റെയ്ല്‍വേ നടപ്പിലാക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നിക്ഷേപകരില്‍ നിന്നും അഭിപ്രായം അറിയുന്നതിനു വേണ്ടി വിവിധ അന്താരാഷ്ട്ര പെന്‍ഷന്‍ ഫണ്ടുകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായാണ് വിവരം.
ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള നിക്ഷേപകരില്‍ നിന്നും പദ്ധതിക്ക് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ റെയ്ല്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്. അഞ്ച് ബില്യണ്‍ ഡോളര്‍ ഫണ്ടിന്റെ 20 ശതമാനം തുക ഇന്ത്യന്‍ റെയ്ല്‍വേ തന്നെയാണ് സ്വരൂപിക്കുന്നത്. വായ്പയെടുത്ത് സ്വന്തം നിലയില്‍ പദ്ധതികള്‍ നടപ്പാക്കുക എന്ന രീതി മാറി വിവിധ പദ്ധതികളുടെ അടിസ്ഥാനത്തില്‍ നിക്ഷേപം സമാഹരിക്കുന്നത് പദ്ധതികളുടെ വാണിജ്യ മൂല്യത്തെയും വര്‍ധിപ്പിക്കുമെന്ന് റെയ്ല്‍വേ കണക്കാക്കുന്നു.
ചരക്ക് പാത, ഇലക്ട്രിക് പാത വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് ആര്‍ഐഡിഎഫ് ആയിരിക്കും ഫണ്ട് നല്‍കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 94 ശതമാനത്തിന്റെ ഉയര്‍ന്ന ഓപ്പറേറ്റിംഗ് റേഷ്യോ ആണ് ഇന്ത്യന്‍ റെയ്ല്‍വേ പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 60,000 കോടി രൂപ ബജറ്റ് വിഹിതം നല്‍കണമെന്ന് ധനമന്ത്രാലത്തിനു മുന്‍പാകെ ഇന്ത്യന്‍ റെയ്ല്‍വേ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Comments

comments

Categories: Branding