മേക്ക്‌മൈ ട്രിപ്പ്- ഇബിബോ ലയനത്തിന് സിസിഐ അനുമതി

മേക്ക്‌മൈ ട്രിപ്പ്- ഇബിബോ  ലയനത്തിന് സിസിഐ അനുമതി

 

ബെംഗളൂരു: ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്ക്‌മൈ ട്രിപ്പിന്റെ ഇന്ത്യന്‍ വിഭാഗവും എതിരാളിയായ ഇബിബോ ഗ്രൂപ്പും തമ്മിലെ ലയനത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നല്‍കി. ദക്ഷിണാഫ്രിക്കന്‍ മാധ്യമ സ്ഥാപനം നാസ്‌പേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇബിബോ ഗ്രൂപ്പ്. ലയന വാര്‍ത്ത പുറത്തുവിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സിസിഐ പച്ചക്കൊടി കാട്ടുന്നത്. ജനുവരി 31നുള്ളില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്ന് മേക്ക്‌മൈ ട്രിപ്പ് അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാ ബുക്കിംഗ് പോര്‍ട്ടലുകളുടെ ലയനം സംബന്ധിച്ച കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് നിലവില്‍വന്നത്. ഇടപാടുകള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയപരിധി ഏപ്രില്‍ ഒന്നു വരെ നീട്ടിയതായി കഴിഞ്ഞ ദിവസം മേക്ക്‌മൈ ട്രിപ്പ് വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഇന്റര്‍നെറ്റ് രംഗത്തെ ഏറ്റവും വലിയ ഏകീകരണക്കരാറാണിത്. സംയുക്ത സംരംഭത്തിന്റെ നാലില്‍ മൂന്ന് ഭാഗം ഓഹരികളും നാസ്‌പേഴ്‌സിന്റെ കൈവശമാകും. പ്രമുഖ ട്രാവല്‍ ബ്രാന്‍ഡുകളായ മേക്ക്‌മൈ ട്രിപ്പ്, ഗോ ഇബിബോ, റെഡ്ബസ്, റൈഡ്, റൈറ്റ്‌സ്‌റ്റേ എന്നിവ ലയനത്തോടെ ഒരു കുടക്കീഴിലാകുമെന്ന് മേക്ക്‌മൈ ട്രിപ്പ് അധികൃതര്‍ പറഞ്ഞു. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഇവയെല്ലാം ചേര്‍ന്ന് 34.1 മില്ല്യണ്‍ ഇടപാടുകളാണ് നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding