എണ്ണ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറഞ്ഞു

എണ്ണ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിലും  വേഗത്തില്‍ കുറഞ്ഞു

 
വിയന്ന: ഉല്‍പ്പാദനം കുറച്ച്, ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം നടപ്പിലാക്കുന്നതില്‍ ഏറെ മുന്നേറിയതായി ഒപെക്കും റഷ്യയും വിലയിരുത്തി. സൗദി അറേബ്യ, അല്‍ജീറിയ, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം ആവശ്യമുള്ളതിനേക്കാള്‍ ഏറെ കുറച്ചതായും വിതരണം ഇടിക്കുന്നതില്‍ റഷ്യ വളരെ മുന്‍പന്തിയില്‍ എത്തിയതായും ഈ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ അറിയിച്ചു.
ഒരു ദിവസം 1.5 മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് വിപണിയില്‍ നിന്നും നീക്കം ചെയ്തതെന്ന് വിയന്നയില്‍ ചേര്‍ന്ന യോഗത്തിനിടെ സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍-ഫാലിഹ് പറഞ്ഞു.
ലക്ഷ്യത്തില്‍ ഞങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. നടപടികളുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. കരാര്‍ പൂര്‍ത്തിയാക്കുന്നതിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടതെല്ലാം ചെയ്യും-റഷ്യന്‍ ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി.
ആറ് മാസത്തേക്ക് വിപണിയില്‍ നിന്ന് പ്രതിദിനം 1.8 മില്ല്യണ്‍ ബാരല്‍ എണ്ണ നീക്കം ചെയ്യുന്നതിന് ഒപ്പുവെച്ച കരാറിന്റെ പുരോഗതി വിലയിരുത്താന്‍ ഒപെക് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, അല്‍ജീറിയ, വെനേസ്വല തുടങ്ങിയവരും ഒപെക് ഇതര രാജ്യങ്ങളായ റഷ്യ, ഒമാന്‍ എന്നിവരും സംഘടനയുടെ ആസ്ഥാനത്ത് ഒത്തുചേരുകയായിരുന്നു.
മൂന്നു വര്‍ഷത്തോളം വിപണിയില്‍ എണ്ണ വിതരണം പരമാവധിയായത് ഒപെക്കിന്റെ പിടിപ്പുകേടു മൂലമല്ലെന്ന് തെളിയിക്കാനുള്ള അവസരമായാണ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ ഇതിനെ കാണുന്നത്. ഒപെക്കും റഷ്യയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് തെളിയിക്കുന്നതിനുള്ള വേദിയും ഇതു തന്നെ.
2016 ഡിസംബര്‍ 10ന് ചേര്‍ന്ന ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങളുടെ യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതിന് ധാരണയായിരുന്നു. അതിനെത്തുടര്‍ന്ന് എണ്ണ വില ബാരലിന് 58 ഡോളറിന് മുകളിലാകുകയും ചെയ്തു. കരാറിന് ശേഷം ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ അഞ്ച് ശതമാനം കുറവുണ്ടായിട്ടുണ്ട്.

Comments

comments

Categories: Business & Economy