മൈക്രോസോഫ്റ്റില്‍ ഈ മാസം 700 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

മൈക്രോസോഫ്റ്റില്‍ ഈ മാസം 700 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

 

ന്യൂയോര്‍ക്ക്: ടെക് രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ് ഈ മാസം 700 പേരെ പിരിച്ചുവിട്ടേക്കും. 2017 ജൂണ്‍ മാസത്തോടെ 2,850 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഈ മാസം 700 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ജനുവരി 26ന് പ്രവര്‍ത്തനഫലം പുറത്തുവിടുന്നതിനൊപ്പം ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും.

വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരിക്കുന്ന 2,850 തസ്തികകളും കമ്പനി ഇതിനോടകം ഒഴിവാക്കിയതായാണ് വിവരം. ഇനിയുള്ള പിരിച്ചുവിടല്‍ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരിക്കില്ലെന്നാണ് സൂചന. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പിരിച്ചുവിടല്‍ ഉണ്ടാകും. വില്‍പ്പന, വിപണനം, മാനവ ശേഷി, എന്‍ജിനീയറിങ്, ധനകാര്യം തുടങ്ങി എല്ലാ ബിസിനസ് വിഭാഗങ്ങളിലും തൊഴിലവസരം കുറയ്ക്കാനാണ് പരിപാടി. കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ വൈദഗ്ധ്യത്തിലധിഷ്ഠിതമായി അപ്‌ഡേഷന്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍.

ഏതാണ്ട് 113,000 ജീവനക്കാരാണ് നിലവില്‍ കമ്പനിക്കുള്ളത്. സത്യ നദെല്ല കമ്പനിയുടെ സിഇഒ ആയ ശേഷം ഇതുവരെ പല ഘട്ടങ്ങളിലായി നിരവധി പേരെ പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7,400 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ ഏറെയും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ വിഭാഗത്തില്‍ നിന്നായിരുന്നു. മൈക്രോസോഫ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടന്നത് 2014ല്‍ ആണ്. 18,000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് അന്ന് പിരിച്ചുവിട്ടത്. ഇതില്‍ 12,500 പിരിച്ചുവിടലും കമ്പനി ഏറ്റെടുത്ത നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ്, സേവന ബിസിനസുകളുമായി ബന്ധപ്പെട്ടതായിരുന്നു. പിരിച്ചുവിടലിനിടയിലും പുതിയ തൊഴിലവസരങ്ങള്‍കമ്പനി സൃഷ്ടിക്കുന്നുണ്ട്. 1,600 ഓളം തൊഴിലവസരങ്ങളാണ് ലിങ്ക്ഡ് ഇന്‍ എന്ന വെബ്‌സൈറ്റില്‍ മൈക്രോസോഫ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Comments

comments

Categories: Branding

Related Articles