വൈദ്യുത വിതരണ ശൃംഖലയിലെ ചൈനീസ് കടന്നുവരവിനെതിരെ ഇന്ത്യന്‍ കമ്പനികള്‍

വൈദ്യുത വിതരണ ശൃംഖലയിലെ  ചൈനീസ് കടന്നുവരവിനെതിരെ  ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡെല്‍ഹി: സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ (സ്‌കാഡ-എസ്‌സിഎഡിഎ) സംവിധാനത്തില്‍ ചൈനീസ് കമ്പനികള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കുന്നതില്‍ ആശങ്കയറിയിച്ച് വൈദ്യുത ഉപകരണ നിര്‍മാതാക്കള്‍ രംഗത്ത്. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലകളില്‍ ചൈനയ്ക്ക് പങ്കാളിത്തം നല്‍കുന്നത് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വഴിവെക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കി ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് ഇവരുടെ തന്നെ മേല്‍നോട്ടത്തില്‍ ഫാക്റ്ററികളും പോഗ്രാമുകളും കൈകാര്യം ചെയ്യുന്ന രീതിയാണ് സ്‌കാഡ. ഇലക്ട്രിക്കല്‍ സംവിധാനത്താല്‍ ഗ്രിഡിലെ ആവശ്യവും വിതരണവും തുലനം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.
പരസ്പര ബന്ധിതമായ സംവിധാനത്തില്‍, രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ഡാറ്റയും കൈമാറ്റം ചെയ്യേണ്ടതായി വരും. വിതരണ സംവിധാനം കൂടുതല്‍ ശേഷി കൈവരിക്കേണ്ടതിന് ഇത് അത്യാവശ്യമാണ്. എന്നാല്‍, പുറത്തു നിന്നുള്ള വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ മറ്റ് രാജ്യങ്ങള്‍ക്കോ ഇത് കൈമാറുന്ന പക്ഷം അവര്‍ സ്വന്തം നേട്ടത്തിനായി ഇത് വിനിയോഗിക്കും-ഇന്ത്യന്‍ ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഡയറക്റ്ററല്‍ ജനറല്‍ സുനില്‍ മിശ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ വൈദ്യുതി വിതരണോപകരണ മേഖലയിലേക്കുള്ള ചൈനയുടെ പ്രവേശനത്തെ ഇതാദ്യമായല്ല പ്രാദേശിക കമ്പനികള്‍ എതിര്‍ക്കുന്നത്. എന്നാല്‍, മുന്‍ കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഇത്തവണ സുരക്ഷയെക്കാള്‍ കൂടുതല്‍ തന്ത്രപ്രധാനമായ കാര്യങ്ങളിലാണ് അവര്‍ ആശങ്ക രേഖപ്പെടുത്തിയത്.
ഉപകരണങ്ങളുടെ പരിപാലനം, ട്രാന്‍സ്മിഷന്‍ ലൈനുകളുടെ നിര്‍മാണം, ഉടമസ്ഥത, പ്രവര്‍ത്തനം, വിതരണം എന്നിവയാണ് സ്‌കാഡ കരാറുകളുടെ കീഴില്‍ വരുന്നത്. ട്രാന്‍സ്മിഷന്‍ ലൈനുകളുടെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണത്തിന് തങ്ങളുടെ ജോലിക്കാരെ വിന്യസിക്കുന്നതിന് ഇത് കരാറുകാരെ അനുവദിക്കുന്നുണ്ട്. പിന്നീടുള്ള ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ വൈറസുകള്‍ കടന്നുകൂടുന്നതിന് ഇത് വഴിവെച്ചേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ 18 നഗരങ്ങളില്‍ ചൈനീസ് കമ്പനികള്‍ സ്‌കാഡ കരാറുകള്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു. സമാനമായ കൂടുതല്‍ കരാറുകള്‍ പരിഗണനയിലുമാണ്.

Comments

comments

Categories: Business & Economy