‘ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയത് മോശമായ രീതിയില്‍’

‘ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയത് മോശമായ രീതിയില്‍’

 
ജയ്പ്പൂര്‍: ഇന്ത്യാ സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയത് മോശമായ രീതിയിലാണെന്ന് ദക്ഷിണ കൊറിയന്‍ സാമ്പത്തിക വിദഗ്ധന്‍ ഹാ ജൂന്‍ ചാങ്. അപ്രതീക്ഷിത സാമ്പത്തിക പരിഷ്‌കരണം ഏര്‍പ്പെടുത്തിയതിന് മതിയായ കാരണങ്ങള്‍ ഉണ്ടോ എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ ധന വിനിമയവുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ക്ക് എതിരല്ലെന്നും, പക്ഷെ വലിയ നോട്ടുകള്‍ സാമ്പത്തിക വിക്രയത്തില്‍ നിന്നും പിന്‍വലിച്ചു കൊണ്ടുള്ള നടപടി മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ജൂന്‍ ചാങ് കുറ്റപ്പെടുത്തി. രാജ്യത്ത് വിനിമയത്തിലുള്ള ഭൂരിപക്ഷം നോട്ടുകളും പിന്‍വലിക്കാന്‍ തീരുമാനിക്കുമ്പോള്‍, അതിന് ആനുപാതികമായി പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തയാറായിരിക്കണം, എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ അത്തരത്തിലുള്ള ആസുത്രണം ഉണ്ടായിട്ടില്ലെന്നും ചാങ് പറഞ്ഞു. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സോ, ബ്രിട്ടനോ പോലെ എല്ലാവരും ക്രെഡിറ്റ് കാര്‍ഡ് കൊണ്ടു നടക്കുന്ന ഒരു രാജ്യമല്ല ഇന്ത്യ. ഇവിടെ ഇപ്പോഴും വലിയ രീതിയില്‍ നോട്ട് വഴിയുള്ള ഇടപാടുകള്‍ക്കാണ് പ്രാമുഖ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ടെന്നും ജൂന്‍ ചാങ് ഓര്‍മപ്പെടുത്തി. കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലായ്മ ചെയ്യുന്നതിനുമാണ് നയ പരിഷ്‌കരണം നടപ്പിലാക്കിയതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് തന്നെയാണോ ഈ അപ്രതീക്ഷിത നീക്കത്തിനു പിന്നിലെ കാരണമെന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അസാധുവാക്കിയ നോട്ടുകളുടെ മൂല്യമായി റിസര്‍വ് ബാങ്ക് പറഞ്ഞതിലധികം നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളുടെ വിശ്വസ്യതയെ ബാധിക്കുന്നുണ്ട്. തിരിച്ചെത്തിയ അസാധു നോട്ടുകളുടെ മൂല്യം ഔദ്യോഗികമായി വെളിപ്പെടുത്താന്‍ ആര്‍ബിഐ ഇതുവരെ തയാറായിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഹാ ജൂന്‍ ചാങ് സര്‍ക്കാരിന്റെ ന്യായീകരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories