യുഎസ് ഗ്രീന്‍ കാര്‍ഡിന് ഇനി ചെലവ് കൂടും

യുഎസ് ഗ്രീന്‍ കാര്‍ഡിന് ഇനി ചെലവ് കൂടും

മുംബൈ: ഇ ബി 5 ഇന്‍വെസ്റ്റ്‌മെന്റുമായി ബന്ധപ്പെടുത്തിയ വിസ വഴി യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി ഇരട്ടിയോളമാക്കി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് യുഎസ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നിലവിലെ 1 മില്യണ്‍ ഡോളറില്‍ നിന്നും നിക്ഷേപ പരിധി 1.8 മില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തണമെന്ന ശുപാര്‍ശയാണ് ട്രംപ് ഭരണകൂടം പരിഗണിക്കുന്നത്.

തൊഴിലില്ലായ്മ കൂടുതലുള്ള പ്രദേശങ്ങളില്‍ തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിവിധ കമ്പനികള്‍ നടത്തുന്ന നിക്ഷേപത്തിന്റെ പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശുപാര്‍ശയിലുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള നിക്ഷേപത്തിന് അര മില്യണാണ് കുറഞ്ഞ പരിധി നിശ്ചയിച്ചിട്ടുള്ളത്. അത് ഉയര്‍ത്തി 1.35 മില്യണ്‍ ഡോളര്‍ ആക്കാനാണ് നിര്‍ദേശം. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജനുവരി 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ഭേദഗതി നിര്‍ദേശങ്ങളുള്ളത്. പുതിയ ശുപാര്‍ശയില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി 90 ദിവസം നല്‍കും.

ഇ ബി-5 പ്രോഗ്രാമിനു കീഴില്‍ യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപരമായി സ്ഥിര താമസത്തിനും അപേക്ഷിക്കാന്‍ സാധിക്കും. ഇ ബി 5 പ്രോഗ്രാം എന്നറിയപ്പെടുന്ന അമേരിക്കന്‍ കുടിയേറ്റത്തിന് കര്‍ശനമായ വ്യവസ്ഥകളാണുള്ളത്. യുഎസിലെ പത്ത് ജീവനക്കാര്‍ക്കെങ്കിലും സ്ഥിര ജോലി നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമെ ഇതനുസരിച്ച് അനുമതി ലഭിക്കുകയുള്ളു. രണ്ട് രീതിയലുള്ള നിക്ഷേപങ്ങളാണ് ഇബി 5 പ്രോഗ്രാം ഓഫര്‍ ചെയ്യുന്നത്. ഒന്ന് നിക്ഷേപകന്‍ തന്നെ സ്വന്തം ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നിക്ഷേപം നടത്തുന്നതും, മറ്റൊന്ന് റീജണല്‍ സെന്ററുകള്‍ വഴിയുള്ള നിക്ഷേപവും.

Comments

comments

Categories: Slider, Top Stories